ജിദ്ദ: 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. മക്ക പ്രവിശ്യയിലെ തുര്‍ബയിലാണ് സംഭവം. പ്രശ്നത്തില്‍ ഇടപെട്ട ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് തുര്‍ബയില്‍ നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഒന്നുരണ്ടുപേരാണ് ആദ്യം ചികിത്സ തേടിയത്. മണിക്കൂറുകള്‍ കഴിയവേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം മൊത്തം 141 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുറേപേര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 77 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോ. മുസ്തഫാ ബല്‍ജൂനിന്‍െറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തുര്‍ബ ജനറല്‍ ആശുപത്രിയിലേക്ക് തിരിച്ചതായി മക്ക മേഖല വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു. കൂടുതല്‍ ഡോക്ടര്‍മാരെ ആശുപത്രികളിലും മെഡിക്കല്‍ സെന്‍ററുകളിലും സജ്ജരാക്കിയതായും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെ വിദഗ്ധ ചികിത്സക്ക് ത്വാഇഫിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ചികിത്സ വേണ്ടവരെ മേഖലയിലെ മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നുണ്ട്.
ചികിത്സയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്താനും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചത്.
ഭക്ഷ്യവിഷബാധക്ക് കാരണമായ ഹോട്ടല്‍ ഉടനടി അടച്ചുപൂട്ടി. ഇവിടത്തെ തൊഴിലാളികളെ ആരോഗ്യ പരിശോധനക്കായി കസ്റ്റഡിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.