മ്യൂസിയങ്ങള്‍ക്ക് പുരാവസ്തുക്കള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം

റിയാദ്: കൈവശമുള്ളതോ പുതുതായി കണ്ടത്തെുന്നതോ ആയ പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയങ്ങളില്‍ എത്തിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തെ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജ് സ്വാഗതം ചെയ്തു. തീരുമാനം നടപ്പായതായും ആന്‍റിക്വിറ്റീസ് ആന്‍ഡ് മ്യൂസിയം വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈന്‍ അബു അല്‍ഹസന്‍ അറിയിച്ചു. ഈ തീരുമാനം ദേശീയ പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും പ്രവര്‍ത്തനങ്ങള്‍ ജനകീയമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം രണ്ടിന് റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭ യോഗമാണ് സൗദി കമീഷന്‍ പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. പുരാവസ്തു ദാതാക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങളും പാരിതോഷികങ്ങളുമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ നിരവധിയാളുകള്‍ അപൂര്‍വ വസ്തുക്കള്‍ കൈവശം സൂക്ഷിക്കുന്നുണ്ട്. പലരും മ്യൂസിയങ്ങളില്‍ എത്തിക്കാനും പ്രദര്‍ശിപ്പിക്കപ്പെടാനും താല്‍പര്യം കാണിക്കുന്നുമുണ്ട്. എന്നാല്‍ കൂടുതലാളുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ ഈ തീരുമാനം സഹായിക്കും.

എത്ര ചെറിയ വസ്തുവായാലും മ്യൂസിയങ്ങള്‍ക്ക് കൈമാറിയാല്‍ ദാതാവിന്‍െറ പേര് ആലേഖനം ചെയ്ത ഫലകം നല്‍കി കമീഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കും. ദശലക്ഷം റിയാലോളം മ്യൂല്യം കല്‍പിക്കുന്ന വസ്തുവാണെങ്കില്‍ ദേശീയ പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിക്കും. അമ്പത് ലക്ഷത്തിലേറെ വിലമതിക്കുന്നതാണെങ്കില്‍ ദാതാവിനെയും പുരാവസ്തുവിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സചിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കും. കമീഷന്‍ അതാതിടങ്ങളിലെ ഗവര്‍ണറേറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങില്‍ സല്‍മാന്‍ രാജാവിന്‍െറ മെഡല്‍ സമ്മാനിക്കും. ദേശീയ പൈതൃകം വീണ്ടെടുക്കാനും സംരക്ഷിക്കാനും വേണ്ടി രാജാവിന്‍െറ രക്ഷാധികാരത്തില്‍ ആരംഭിച്ച ദേശീയ പൈതൃക സംരക്ഷണ പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാനും ലക്ഷ്യപൂര്‍ത്തീകരണം എളുപ്പമാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ 32ഓളം ദൗത്യങ്ങളാണ് നടന്നുവരുന്നത്. മന്ത്രിസഭയുടെ പുതിയ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കമീഷന്‍െറ മുഴുവന്‍ ശാഖകളും സജ്ജമായി കഴിഞ്ഞെന്നും വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈന്‍ പറഞ്ഞു. ഏതൊരാള്‍ക്കും പുരാവസ്തുക്കള്‍ ഈ ശാഖകള്‍ക്ക് കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0118808601 എന്ന നമ്പറിലോ info@scth.gov.sa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.