ഫാര്‍മസി മേഖല സ്വദേശി വത്കരണം; കടമ്പകള്‍ ഏറെയെന്ന് വിദഗ്ധര്‍

ജിദ്ദ: ഫാര്‍മസി മേഖലയുടെ സമ്പൂര്‍ണ സ്വദേശിവല്‍ക്കണം വിജയകരമാക്കാന്‍ നാല് അടിസ്ഥാന ഘടകങ്ങള്‍ പരിഗണിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജോലി ദൈര്‍ഘ്യത്തിന് അനുയോജ്യമായ വേതനം ലഭ്യമാക്കുക, ഫാര്‍മസി കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കുക, പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പരിശീലനം നല്‍കുക, ഫാര്‍മസിസ്റ്റുകളുടെ പ്രാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്വദേശിവത്കരണം വിജയകരമാവണമെങ്കില്‍ അനിവാര്യമായി വേണ്ടതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. നിലവില്‍ ഈ മേഖലയില്‍ 18 ശതമാനം മാത്രമാണ് സ്വദേശി ജീവനക്കാരുള്ളത്. 19 ഫാര്‍മസി കോളജുകള്‍ സര്‍ക്കാര്‍ മേഖലയിലും ഏഴെണ്ണം സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.  പത്ത് മണിക്കൂറിലധികം തൊഴില്‍ ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് 3500 മുതല്‍ 5500 റിയാല്‍ വരെയാണ് ശമ്പളം ലഭിക്കുന്നത്. സ്വകാര്യ മേഖലയിലെ ഫാര്‍മസികളില്‍ സ്വദേശിവത്കരണം വിജയിപ്പിക്കാനുള്ള മുഖ്യവെല്ലുവിളി കുറഞ്ഞ വേതനവും കൂടിയ ജോലി സമയവുമാണെന്ന് സൗദി ഫാര്‍മസി അസോസിയേഷന്‍ അംഗം സുബ്ഹി അല്‍ഹദ്ദാദ് പറഞ്ഞു. ഈ മേഖലയില്‍ 10 മുതല്‍ 12 മണിക്കൂര്‍വരെ ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് 3500 മുതല്‍ 5500 റിയാല്‍ വരെയും ലേബര്‍മാര്‍ക്ക് 1200 മുതല്‍ 2500 റിയാല്‍ വരെയുമാണ് വേതനം ലഭിക്കുന്നത്. ഇത് സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അതേസമയം മരുന്നു കമ്പനികളിലെ ലാബുകളിലും മറ്റും ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് കുറഞ്ഞ ജോലിസമയവും ചുരുങ്ങിയത് 15000 റിയാലുമാണ് ലഭിക്കുന്നത്. സ്വകാര്യ മേഖലയിലെ നിലവിലുള്ള സാഹചര്യം സ്വദേശി ഫാര്‍മസിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചതല്ളെന്ന് ക്ളിനിക്കല്‍ ഫാര്‍മസി വിദഗ്ധന്‍ ഡോ. അലി അല്‍ഗുബൈശി പറഞ്ഞു. ഫാര്‍മസി മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം അത്യാവശ്യമാണെന്ന് ഡോ. സഅദ് അല്‍ഹാരിഥി പറഞ്ഞു. ഫാര്‍മസി കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ, യുവാക്കള്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭ്യമല്ലാതെ വരുമ്പോള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.