ഹുതി വിമതരെ ചെറുക്കാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേന 

റിയാദ്: ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് യമന്‍ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ സൗദി നാഷണല്‍ ഗാര്‍ഡ് കൂടുതല്‍ സേനയെ വിന്യസിച്ചു. നജ്റാനിലേക്ക് കൂടുതല്‍ സേനയും പടക്കോപ്പുകളും എത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയില്‍ യമനില്‍ നിന്നുള്ള ഹൂതി വിമതരുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷത്തിന്‍െറയും നുഴഞ്ഞു കയറ്റവും ആക്രമണവും ചെറുക്കുന്നതിന്‍െറ ഭാഗമായാണ് സേനയെ ശക്തിപ്പെടുത്തുന്നത്.

മിസൈല്‍ വേധ തോക്കുകള്‍, ടാങ്കുകള്‍, ഒളിപ്പോരാളികളെ തുടയുന്നതിനുള്ള ഉപകരണങ്ങള്‍, ദുര്‍ഘടം പിടിച്ച സാഹചര്യങ്ങളില്‍ എതിരാളികളെ നേരിടുന്നതിനാവശ്യമായ അത്യാധുനിക സജ്ജീകരണങ്ങള്‍ എന്നിവയുമായാണ് സൈന്യം എത്തിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ സേന സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൂതി വിമതരും യമന്‍ സര്‍ക്കാറും തമ്മിലുള്ള വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നജ്റാന്‍, ജീസാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരന്തരമായ ആക്രമണമാണ് നടക്കുന്നത്.

ഹൂതികള്‍ തൊടുത്തുവിടുന്ന മിസൈലുകളും റോക്കറ്റുകളും നിത്യവും സൗദി സേന തകര്‍ക്കുന്നുണ്ട്. അതിനിടയിലും മിസൈലുകള്‍ വീണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ചില്ലറ നാശ നഷ്ടങ്ങളും സിവിലിയന്മാരുടെയും സൈനികരുടെയും ജീവന്‍ അപകടത്തിലാവുകയും ചെയ്തു. മലമടക്കുകളില്‍ നിന്ന് നുഴഞ്ഞു കയറി ആക്രമണം നടത്തുക എന്നതാണ് ഹൂതികളുടെ രീതി. ഈ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടി നടത്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.