ശമ്പളമില്ലാതെ കുടുങ്ങിയ  72 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയുടെ റിയാദ് ശാഖയില്‍ തൊഴിലും ശമ്പളവുമില്ലാതെ ഒരു വര്‍ഷത്തിലധികമായി കുടങ്ങി കിടന്ന 72 തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാനുള്ള വഴി തെളിഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. മുരളീധരന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. 
തൊഴിലാളികളുടെ പ്രശ്നം ശ്രദ്ധയില്‍പെട്ട കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നാട്ടിലയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അഞ്ചു തൊഴിലാളികള്‍ ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും. 2010ലാണ് തൊഴിലാളികള്‍ ദുബൈയില്‍ നിന്ന് റിയാദിലത്തെിയത്. കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിലെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളായിരുന്നു കമ്പനി ഏറ്റെടുത്തിരുന്നത്്. ഇത് പൂര്‍ത്തിയായി മറ്റ് പദ്ധതികളൊന്നുമില്ലാതെ വന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. 2015 ജൂലൈ മുതല്‍ ശമ്പളം പൂര്‍ണമായി മുടങ്ങി. കമ്പനി മാനേജര്‍മാരില്‍ ഒരിന്ത്യക്കാരനൊഴിച്ച് എല്ലാവരും രാജ്യം വിടുകയും ചെയ്തു. തൊഴിലാളികളുടെ ഇഖാമ കാലാവധിയും തീര്‍ന്നു. 
പരിസരങ്ങളില്‍ ജോലി ചെയ്താണ് ഇവരില്‍ പലരും കഴിഞ്ഞു കൂടിയിരുന്നത്. തൊഴിലാളികളുടെ ദുരിതം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഇവരുടെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്പനി അധികൃതരോട് തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടികള്‍ നീണ്ടു പോയി. നീണ്ട കാത്തിരിപ്പിനൊടുവില്‍ അഞ്ചു പേര്‍ക്ക് എക്സിറ്റ് അടിച്ചു കിട്ടിയതോടെ വൈകാതെ നാട്ടിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലാണ് മറ്റു തൊഴിലാളികള്‍ കഴിയുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.