യാമ്പു: അത്യാകര്‍ഷകമായ പവിഴപ്പുറ്റുകളുടെയും അലങ്കാര മത്സ്യങ്ങളുടെയും കടല്‍ ജീവികളുടെയും അപൂര്‍വ കലവറയാണ് ചെങ്കടലെന്ന് കടലിനടിയിലെ കാഴ്ചകള്‍ പകര്‍ത്തിയ കോട്ടയം എരുമേലിക്കാരനായ എന്‍ജി. നിയാസ് യൂസുഫ് ലബ്ബ പറയുന്നു. കടലിനടിയിലെ സുന്ദരകാഴ്ചകള്‍ തേടിയുള്ള സഞ്ചാരത്തിന്‍െറ അനുഭവം ‘ഗള്‍ഫ് മാധ്യമ’വുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മിന്നുന്ന നിറങ്ങളില്‍ ഭീമന്‍ പവിഴപുറ്റുകള്‍ ആസ്വാദിക്കാന്‍ കഴിയുമെന്നതും യാമ്പു കടലിലെ പ്രത്യേകതയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വിവിധ തരത്തിലുള്ള കടലാമകളുടെയും ഡോള്‍ഫിനുകളുടെയും നിരുപദ്രവകാരികളായ സ്രാവുകളുടെയും അപൂര്‍വ സംഗമവും കാണാനാവും. നിബിഢമായ ചെടികള്‍ തിങ്ങിയ കുന്നുകളും കടലിനടിയിലെ കൗതുക കാഴ്ചയാണ്. അപകട കാരികളായ ‘ഇലക്ട്രിക് ഈല്‍’ എന്ന കടല്‍ജീവിയും അപൂര്‍വമായി കാണാറുണ്ട്. തെളിഞ്ഞ് വൃത്തിയുള്ള കടലായതിനാല്‍ സാഹസികത ഇഷ്ടപ്പെടുന്ന സ്വദേശികളും വിദേശികളുമായവര്‍ വെള്ളത്തിലേക്ക് ഊളിയിടാന്‍ ദിവസവും എത്തുന്നു. അമേരിക്ക,യൂറോപ്പ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ ലൈന്‍ ബുക്കിങ് നടത്തി യാമ്പു കടല്‍ത്തീരത്ത് എത്തുന്ന സഞ്ചാരികള്‍ വര്‍ധിച്ചു വരുന്നതായി ബോട്ട് സര്‍വീസ് നടത്തുന്നവര്‍ പറയുന്നു.
വെള്ളത്തിനടിയിലേക്ക് കാണാനാവുമെന്നതിനാല്‍ നിര്‍ഭയമായി ഡൈവ്് ചെയ്യാന്‍ സാധിക്കുന്നതും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. മലയാളികള്‍ക്കിടയില്‍ ആദ്യമായി ഡൈവിങില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി അംഗീകാരം ലഭിച്ച വ്യക്തിയാണ് നിയാസ്. വ്യവസായ നഗരിയിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ഒന്നര പതിറ്റാണ്ടായി സിവില്‍ എന്‍ജിനീയറാണ്.
കേരളത്തിലെ കടലുകളെക്കാള്‍ ഡൈവിങിന് ഏറ്റവും അനുകൂലമാണ് ജിദ്ദയിലെയും യാമ്പുവിലെയും ചെങ്കടലിന്‍െറ ഭാഗങ്ങളെന്ന് നിയാസ് പറയുന്നു. 120 അടിവരെ താഴേക്ക് പോയിട്ടുണ്ട്. നീന്തുമ്പോള്‍ ഡോള്‍ഫിനുകള്‍ പിന്തുടര്‍ന്ന അനുഭവവും തെരണ്ടിയുടെ വാലുകൊണ്ടുള്ള അടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഓര്‍മകളും അദ്ദേഹം പങ്കുവെക്കുന്നു. യാമ്പു കടലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മുങ്ങിയ യുദ്ധക്കപ്പലിന്‍െറ അവശിഷ്ടം കാണാന്‍ സാധിച്ചു. അതിന്‍െറ ഫോട്ടോയും ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുണ്ട്. പവിഴപ്പുറ്റുകള്‍ ആവരണം ചെയ്ത നിലയിലാണ് ഇപ്പോള്‍ കപ്പലുള്ളത്.
യാമ്പുവില്‍ ഡൈവിങ് പരിശീലനം നല്‍കുന്ന നാലോളം സ്ഥാപനങ്ങളുണ്ട്. വര്‍ഷം തോറും പരിശീലനം പൂര്‍ത്തിയാക്കിയവരെ ഉപയോഗപ്പെടുത്തി റോയല്‍ കമീഷന്‍ അധികൃതര്‍ ബീച്ചും കരയോടടുത്തുള്ള കടലിന്‍െറ അടിഭാഗവും വൃത്തിയാക്കുന്ന പതിവുണ്ട്. ഇങ്ങനെ ശുദ്ധീകരണത്തില്‍ പങ്കെടുക്കുന്ന ഡൈവേഴ്സിന് പ്രത്യേകം അംഗീകാര പത്രവും പാരിതോഷികങ്ങളും നല്‍കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.