ഭീകര പ്രവര്‍ത്തനം: അഞ്ചു സൗദി യുവാക്കള്‍ക്ക് തടവു ശിക്ഷ

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചു സൗദി യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ. രാഷ്ട്ര സുരക്ഷക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിന്‍െറ പേരിലാണ് ഇവരെ ശിക്ഷിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി ജയിലുകളില്‍ കഴിയുന്നവര്‍ക്കെതിരെയാണ് റിയാദിലെ ക്രിമിനല്‍ കോടതി നടപടിയെടുത്തത്. സൗദി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരുമായി ഇറാനില്‍ കൂടിക്കാഴ്ച നടത്തിയെന്ന പേരിലാണ് ഒരാളെ ശിക്ഷിച്ചത്. ഇറാഖില്‍ ഐ.എസ്.ഐ.സ് അംഗങ്ങളില്‍ നിന്ന് പരിശീലനം നേടുകയും ഹൂതി വിമതരെ പിന്തുണക്കുകയും പ്രവാചകന്‍െറയും തിരു സുന്നത്തിന്‍െറയുമൊക്കെ സാധുത ചോദ്യം ചെയ്യുകയും ചെയ്തതിനാണ് രണ്ടാമനെ ശിക്ഷിച്ചത്. ഇരുവര്‍ക്കും 10 വര്‍ഷം തടവാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞാല്‍ രാജ്യം വിടുന്നതിന് 10 വര്‍ഷം വിലക്കുമുണ്ട്. ഇരുവരും ഇറാനിലേക്ക് പോയതായും കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തി രക്ഷപ്പെട്ട പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 
ഇവരുടെ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. ഐ.എസുമായി ബന്ധം സ്ഥാപിക്കുകയും സിറിയയിലേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് മൂന്നാമത്തെ സൗദി പൗരനെ കോടതി ശിക്ഷിച്ചത്. ഓണ്‍ലൈനില്‍ രാജ്യത്തിനെതിരായ പ്രസ്താവനകളിറക്കുകയും മയക്കു മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏഴു വര്‍ഷം തടവും 80 ചാട്ടയടിയുമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 
അറസ്റ്റു ചെയ്ത നാളുകള്‍ മുതലാണ് ശിക്ഷ കാലാവധി പരിഗണിക്കുക. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഏഴു വര്‍ഷത്തേക്ക് രാജ്യം വിടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൂതി വിമതര്‍ക്ക് പിന്തുണ നല്‍കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് നാലാമത്തെയാളെ കോടതി ശിക്ഷിച്ചത്. ആറും വര്‍ഷം തടവും 30,000 റിയാല്‍ പിഴയുമാണ് ഇയാള്‍ക്കുള്ള ശിക്ഷ. 
സാമൂഹിക മാധ്യമങ്ങളില്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതായും വ്യക്തമായി. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ശിക്ഷ കഴിഞ്ഞാല്‍ ആറു വര്‍ഷത്തേക്ക് രാജ്യം വിട്ടു പോകരുതെന്നും ഉത്തരവില്‍ പറയുന്നു. 
ഖതീഫില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വധശിക്ഷക്ക് വിധേയനാക്കിയ ശിയ നേതാവിന് അനുകൂലമായി പ്രകടനം നടത്താന്‍ ആളുകളെ സംഘടിപ്പിക്കുകയും ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതിനാണ് അഞ്ചാമനെ പിടികൂടിയത്. 
ഇയാള്‍ക്ക് 15 വര്‍ഷം തടവും 50,000 റിയാല്‍ പിഴ എന്നിവയാണ് ശിക്ഷ. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ 15 വര്‍ഷത്തേക്ക് രാജ്യം വിട്ടു പോകാനും പാടില്ല. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റും കണ്ടുകെട്ടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
 

News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.