തഅസിലെ ചോരപ്പുഴകള്‍ ലോകത്തെ കാണിച്ച മുഹമ്മദ് ഖാദിക്ക് അംഗീകാരം

ദമ്മാം: പെരുന്നാളായിരുന്നു അന്ന്. തീമഴ പെയ്യുന്ന ആകാശത്തിന് കീഴിലെ ശാന്തിയുടെ ഇത്തിരിവേളയില്‍ പുതുവസ്ത്രങ്ങളുമണിഞ്ഞ് ആഘോഷിക്കുകയായിരുന്നു കുടുംബങ്ങള്‍. എല്ലാം കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു. ഉദ്യാനങ്ങളിലേക്കും കളിയിടങ്ങളിലേക്കും ഭീകര ശബ്ദത്തോടെ ഷെല്ലുകള്‍ വന്നുപതിക്കാന്‍ തുടങ്ങി. ശരീരങ്ങള്‍ ചിതറിത്തെറിച്ചു. പുല്‍പ്പടര്‍പ്പുകളില്‍ ചോരത്തുള്ളികള്‍ ചിന്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദക്ഷിണ യമനിലെ തഅസ് പട്ടണത്തെ ഹൂതി വിമതര്‍ പെരുന്നാളിനെ പോലും വകവെക്കാതെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുഹമ്മദ് അല്‍ ഖാദി, അല്‍ റൗദ ആശുപത്രിയിലത്തെുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പെരുന്നാള്‍ അലങ്കാരങ്ങള്‍ അണിഞ്ഞ കുട്ടികളും വനിതകളും അലമുറയിട്ടുകൊണ്ട് തങ്ങളുടെ ഉറ്റവരുടെ വിധി കാത്ത് ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുന്നു. പുതുവസ്ത്രങ്ങളോടെ മൃതശരീരങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. മൈലാഞ്ചിയിട്ട കൈകള്‍, പുത്തന്‍ തലപ്പാവണിഞ്ഞ ശിരസുകള്‍... രണ്ടുപതിറ്റാണ്ട് നീണ്ട തന്‍െറ ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അധ്യായമായിരുന്നു അതെന്ന് മുഹമ്മദ് അല്‍ ഖാദി പറയുന്നു. ആരാണീ മുഹമ്മദ് അല്‍ ഖാദി എന്നല്ളേ. ലോകത്തെ ധീരരായ മാധ്യമപ്രവര്‍ത്തകരുടെ ഈവര്‍ഷത്തെ പട്ടികയില്‍ ഫ്രീ പ്രസ് തെരഞ്ഞെടുത്തത് യമനിലെ ദുരന്തകഥകള്‍ ജീവന്‍ പണയം വെച്ച് പുറംലോകത്തത്തെിച്ച ഖാദിയെയാണ്. പാകിസ്താനിലെ ഹാമിദ് മീറിനും കൊളംബിയയിലെ ക്ളോഡിയ ഡ്യുക്കിനുമൊപ്പം അവസാന പട്ടികയില്‍ ഇടം നേടുമ്പോഴും ഖാദിയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നത് യമനിലെ ഇന്നത്തെ സാഹചര്യമാണ്. റിയാദ് ആസ്ഥാനമായ അറബ് പത്രം അര്‍റിയാദിന്‍െറ ലേഖകനാണ് മുഹമ്മദ് അല്‍ ഖാദി. യമനിലെ യുദ്ധ വാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങളായി ചൂടാറാതെ സൗദി വായനക്കാരില്‍ എത്തിക്കുന്നതില്‍ പ്രമുഖനുമാണ്. അതേസമയം തന്നെ ബ്ളൂംബര്‍ഗ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ ലേഖകനായും പ്രവര്‍ത്തിക്കുന്നു. യമനില്‍ ഇപ്പോള്‍ ശേഷിക്കുന്ന അപൂര്‍വം പത്രക്കാരിലൊരാളാണ് ഖാദി. യുദ്ധത്തിന്‍െറ കെടുതികളും ജനങ്ങളുടെ ദൈന്യതയും ലോകത്തിന് മുന്നിലത്തെിക്കാന്‍ കാട്ടാന്‍ അദ്ദേഹത്തിനാകുന്നു. 
പലതവണ മരണം മുഖാമുഖം കണ്ടാണ് ഈ കളി കളിക്കുന്നതെന്ന് ഖാദി പറയുന്നു. ഹൂതികളുടെ വിവേചനരഹിതമായ ബോംബിങ്ങില്‍ നിന്നും ഷെല്ലിങ്ങില്‍ നിന്നും തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അതിന്‍െറ ഓര്‍മപ്പെടുത്തലുകള്‍ ശരീരത്തില്‍ വടുക്കളായി നില്‍ക്കുന്നു. ഇടക്കൊരിക്കല്‍ സായുധസംഘങ്ങള്‍ ഖാദിയെ തട്ടിക്കൊണ്ടുപോയി. നിരത്തില്‍ റിപ്പോര്‍ട്ടിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വാഹനങ്ങളില്‍ പാഞ്ഞത്തെിയ സംഘം ഖാദിയെയും ക്യാമറമാനേയും സുഹൃത്തിനേയും തോക്കിന്‍മുനയില്‍ നിര്‍ത്തി. തലക്കുനേരെ തോക്ക് പിടിച്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചു. പിന്നെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി. ഭാര്യയെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. അവളിപ്പോള്‍ ഫോണില്‍ വിളിക്കുകയും തന്നെ ബന്ദിയാക്കിയവര്‍ ഫോണ്‍ എടുക്കുകയും ചെയ്താല്‍ എന്താകും സംഭവിക്കുകയെന്ന് ആലോചിച്ച് തല പെരുത്തു. മണിക്കൂറുകളോളം അവരുടെ തടവില്‍ കഴിയേണ്ടിവന്നു. പിന്നീടവര്‍ വെറുതെ വിട്ടയച്ചു. പക്ഷേ, അടുത്ത ദിവസം തന്നെ അവര്‍ ഖാദിയെ അന്വേഷിച്ച് വീണ്ടും വന്നു. സംഘത്തലവന് ഖാദിയെ കാണണമത്രെ. വീണ്ടും സായുധസംഘത്തിന്‍െറ മടയില്‍. തന്നെ ഇന്നലെ പിടിച്ചുവെച്ച് ഉപദ്രവിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഖാദി നേതാവിനോട് ആവശ്യപ്പെട്ടു. അനുഭാവ പൂര്‍വം അദ്ദേഹം തലയാട്ടിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. നാലുപാട് നിന്നും ഉരുക്കുമുഷ്ടികള്‍ അദ്ദേഹത്തിന്‍െറ ശരീരത്തില്‍ പതിക്കാന്‍ തുടങ്ങി. ഇഞ്ച ചതക്കുന്നത് പോലെ ചതച്ചു. ആ മര്‍ദനത്തിന്‍െറ ശാരീരിക, മാനസിക ആഘാതത്തില്‍ നിന്ന് മുക്തനാകാന്‍ മാസങ്ങളെടുത്തു. പിന്നീട് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താന്‍ തുടങ്ങി. ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങില്‍ നിന്നും ടി.വിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നു. ഇപ്പോള്‍ സായുധ അംഗരക്ഷകര്‍ക്കൊപ്പമാണ് സദാസമയവും ഖാദിയുടെ യാത്ര. നിയമവാഴ്ച തകര്‍ന്നൊരു ദേശത്ത് ഇതല്ലാതെ മാര്‍ഗമില്ല. 2015 ജനുവരി 20 ന് തുടങ്ങിയ റിപ്പോര്‍ട്ടിങ് ഇന്നും തുടരുന്നു. ആഗസ്റ്റിലാണ് തഅസില്‍ നിന്ന് സജീവ റിപ്പോര്‍ട്ടിങ് തുടങ്ങിയത്. ഒരുദിവസംപോലും ഒഴിവെടുക്കാനായിട്ടില്ല. തന്നെ കൂടാതെ അല്‍ജസീറ ചാനലിന്‍െറ ലേഖകനാണ് തഅസിലുള്ളതെന്ന് ഖാദി പറയുന്നു. അല്‍ അറബിയ ചാനലിന്‍െറ ഒരു ലേഖകന്‍ അടുത്തിടെ വന്നിട്ടുണ്ട്. അയാള്‍ പക്ഷേ, ഏദനിലും തഅസിലും മാറി മാറി നില്‍ക്കുകയാണ്. രക്തപ്പുഴകള്‍ക്ക് മധ്യേ, ഈ പ്രേത നഗരത്തില്‍ അവിശ്രമം ചെയ്യുന്ന ഈ പണി ഏല്‍പ്പിക്കുന്ന വൈകാരിക ആഘാതത്തെ മറികടക്കാനുള്ള സ്വയം പരിശീലനങ്ങളിലാണിപ്പോള്‍ ഖാദി. എങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പറയുന്നു. തഅസിന്‍െറ ദൈന്യത ലോകത്തെ അറിയിക്കാനാകുന്നു. ഈ മനുഷ്യരുടെ ദുരിതം രേഖപ്പെടുത്തപ്പെടുന്നു. താനും കൂടി ഇല്ലായിരുന്നെങ്കില്‍ ആരുമാരും ഈ കഥകള്‍ അറിയാതെ പോകുമായിരുന്നു. മാനസികമായി തളരാതിരിക്കാന്‍ ഖാദി കണ്ടത്തെുന്ന ന്യായങ്ങളിങ്ങനെപോകുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.