റിയാദ്: സൗദിയെ പ്രതിനിധീകരിച്ച് വിദേശത്ത് സാംസ്കാരിക, കലാപരിപാടികളിലും കളികളിലും പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ജോലി, വിദ്യാഭ്യാസം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ കലാകാരന്മാര്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര തലത്തിലോ മേഖലാടിസ്ഥാനത്തിലോ ദേശീയാടിസ്ഥാനത്തിലോ കഴിവുതെളിയിച്ച കളിക്കാരെയും കാലാകാരന്മാരെയും പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രിസഭ തീരുമാനമെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ഉത്തരവാദിത്തം വഹിക്കുന്ന ഡോ. ഇസാം ബിന്‍ സഅദ് പറഞ്ഞു. സൗദിയുടെ അന്തസ്സിന് നിരക്കുന്ന രീതിയില്‍ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന കലാകാരന്മാര്‍ക്കും കളിക്കാര്‍ക്കുമാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുക. തൊഴില്‍ രംഗത്ത് നടപ്പാക്കിയ നിതാഖാത്ത് അനുസരിച്ച് ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാല് സ്വദേശികളെ നിയമിച്ച പരിഗണന ലഭിക്കും.
രാഷ്ട്രത്തിന്‍െറ ചെലവില്‍ വിദേശത്ത് പഠിക്കാനും വിസിറ്റിങ് വിദ്യാര്‍ഥി പദവിക്കും ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. വിദേശത്ത് പരിശീലനത്തിലുള്ള കളിക്കാര്‍ക്ക് അതത് രാജ്യത്ത് പഠിക്കാന്‍ അവസരം നല്‍കും. പഠനത്തിനിടെ പരിശീലനത്തിന് വിദേശത്ത് പോകുന്നവര്‍ക്ക് അവിടെ പഠനം തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം അവസരമൊരുക്കണമെന്നും മന്ത്രിസഭ നിര്‍ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.