സഹോദരങ്ങളുടെ ജയവും കാത്ത് തെരഞ്ഞെടുപ്പ് ചൂടില്‍ അജ്മലും അന്‍വാസും

റിയാദ്: കടുത്ത ചൂടിലും ആവേശം ചോരാത്ത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മേയ് 16ന് മലയാളികള്‍ വിധിയെഴുമ്പോള്‍ കടലിനിക്കരെ സഹോദരങ്ങളുടെ വിജയത്തിനായി അവസാന വട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് പ്രവാസികളായ അജ്മലും അന്‍വാസും. തങ്ങളുടെ സഹോദരങ്ങള്‍ ജയിച്ചു കയറുമെന്ന് ഇരുവരും ഉറച്ചു വിശ്വസിക്കുന്നു.
ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടുന്ന പി.വി അന്‍വറിന്‍െറ സഹോദരനാണ് അജ്മല്‍. റിയാദില്‍ അല്‍റാജ്ഹി ബാങ്കിന്‍െറ ക്രഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ മാനേജറും എം.ഇ.എസിന്‍െറ റിയാദ് ഘടകം പ്രസിഡന്‍റുമാണ് ഇദ്ദേഹം. 25 വര്‍ഷമായി റിയാദിലുണ്ട്. അന്‍വറുള്‍പ്പെടെ 11 സഹോദരങ്ങളാണ് അജ്മലിനുള്ളത്. ആണ്‍കുട്ടികളില്‍ ഏറ്റവും ഇളയവനാണ് അന്‍വര്‍. കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ ബഷീറിനെതിരെ ഒറ്റക്ക് പൊരുതി 51000 വോട്ടു നേടിയതിന്‍െറ ആവേശത്തിലാണ് അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇടതു മുന്നണിയുടെയും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും വോട്ടുകള്‍ അവന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അജ്മല്‍ പറഞ്ഞു. ഏറനാട് മണ്ഡലത്തിലെ ഒതായിയാണ് ജന്മദേശം. ഒൗദ്യോഗികമായി ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയാവാഞ്ഞതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്. ഇത്തവണ ഇടതു മുന്നണി ആവശ്യപ്പെട്ടതുകൊണ്ടാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ജയപ്രതീക്ഷയുമുണ്ട്. ഓട്ടോറിക്ഷയാണ് ചിഹ്നം. 10000 വോട്ടിനാണ് അന്‍വര്‍ ഏറനാട്ടില്‍ തോറ്റത്. ഇത്തവണ തൊട്ടടുത്ത മണ്ഡലമായ നിലമ്പൂരില്‍ കേരള രാഷ്ട്രീയത്തിലെ വട വൃക്ഷങ്ങളിലൊന്നായ ആര്യാടന്‍െറ മകനെയാണ് അന്‍വര്‍ നേരിടുന്നത്. കുടുംബ വാഴ്ചയില്‍ അസംതൃപ്തരായ കോണ്‍ഗ്രസുകാരും ലീഗിലെ തന്നെ ഒരുവിഭാഗവും നിഷ്പക്ഷ വോട്ടര്‍മാരും പിന്തുണക്കുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 90 ശതമാനത്തിനും ആര്യാടന്‍ മകന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അമര്‍ഷമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് വിശ്വാസം. റിയാദിലെ നിലമ്പൂര്‍ മണ്ഡലക്കാരായ ഏകദേശം 1500 പ്രവാസികളോട് നേരില്‍ കണ്ടും ടെലിഫോണ്‍ വഴിയും വോട്ടര്‍ഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ഇവരോട് സംസാരിച്ചതില്‍ നിന്ന് നിലമ്പൂരില്‍ മാറ്റം വരണമെന്നാണ് മഹാഭൂരിപക്ഷം ആളുകളും പ്രതീക്ഷിക്കുന്നതെന്നാണ് മനസ്സിലായത്. സുഹൃദ് ബന്ധങ്ങളും വ്യക്തിപരമായ അടുപ്പവും ഉപയോഗപ്പെടുത്തിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. അതുകൊണ്ട് തന്നെ വോട്ടെടുപ്പിലും നാട്ടിലെ പ്രചാരണ ചൂടിലും പങ്കെടുക്കാനാവാത്തതിന്‍െറ വിഷമമുണ്ട്. എങ്കിലും നാട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്ന് ചെയ്യാനായി. ജിദ്ദയിലുള്ള സഹോദരന്‍ അശ്റഫും നാട്ടിലുള്ള മുഹമ്മദ് റാഫിയും സജീവമായി തന്നെ രംഗത്തുണ്ട്. അന്‍വറിന്‍െറ വിജയത്തിനായി പ്രാര്‍ഥനയിലാണ് പ്രവാസികളും നാട്ടിലുള്ളവരുമായ സഹോദരങ്ങള്‍.
ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എ.എം ആരിഫിന്‍െറ സഹോദരനാണ് അന്‍വാസ്. റിയാദില്‍ ജനറല്‍ സര്‍വീസ് സ്ഥാപനം നടത്തുന്നു. ഇടതുപക്ഷ സംഘടനയായ നവോദയയുടെ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. 18 വര്‍ഷമായി റിയാദിലുണ്ട്. അന്‍വാസും നാട്ടില്‍ നിന്നത്തെിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. നാട്ടില്‍ തെരഞ്ഞെടുപ്പ് ചൂട് തുടങ്ങിയപ്പോഴാണ് ഇങ്ങോട്ട് വരേണ്ടി വന്നത്. എങ്കിലും റിയാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും കണ്‍വെന്‍ഷനുകളിലും സജീവമായി പങ്കെടുത്തു. മൂത്ത സഹോദരനായ ആരിഫ് വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ളെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ഷിപ്പിയാര്‍ഡില്‍ ജോലി ചെയ്യുന്ന സഹോദരന്‍ അന്‍സാരി നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മൂന്ന് സഹോദരങ്ങളാണുള്ളത്. എല്ലാവരും ഇടതുപക്ഷ പ്രവര്‍ത്തകരാണ്. പ്രവാസികളില്‍ അരൂര്‍ മണ്ഡലത്തില്‍ തനിക്ക് പരിചയമുള്ള മുഴുവന്‍ വോട്ടര്‍മാരെയും വിളിച്ച് വോട്ടഭ്യര്‍ഥിച്ചു. ആരിഫ് ജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. ആലപ്പുഴ നഗരത്തിലെ മാമൂടാണ് അന്‍വാസ് താമസിക്കുന്നത്. രണ്ട് സഹോദരങ്ങളും ഒരു കി. മീറ്റര്‍ ചുറ്റളവിലുണ്ട്. ഗൗരിയമ്മയെയും ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറിനെയും കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചതിന്‍െറ ആത്മവിശ്വാസത്തിലാണ് ആരിഫ് വീണ്ടും ജനവിധി തേടുന്നതെന്നും ഇത്തവണയും ജയം ഉറപ്പാണെന്നും അന്‍വാസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.