ഇറാഖില്‍ സൗദിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ വിമാനം അന്‍ബാറിലത്തെി

ദമ്മാം: ആഭ്യന്തര കലഹത്താല്‍ വലയുന്ന ഇറാഖില്‍ സൗദി അറേബ്യയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചു. സംഘര്‍ഷം ഏറെ നാശനഷ്ടമുണ്ടാക്കിയ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലും ബാഗ്ദാദിലുമാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നുവിമാനങ്ങള്‍ നിറയെ ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മരുന്ന്, എന്നിവ ഇന്നലെ എത്തിച്ചു.
അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമാകുന്ന  350 ടണ്‍ ടെന്‍റുകളും പുതപ്പുകളും ഇതിനൊപ്പമുണ്ട്. ആദ്യഘട്ട സഹായം 20,000 ഓളം പേര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. കിങ് സല്‍മാന്‍ സെന്‍റര്‍ ദുരിതാശ്വാസ കേന്ദ്രത്തിന്‍െറ കാര്‍മികത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വസ്തുക്കള്‍ അന്‍ബാറിലെയും പരിസര പ്രവിശ്യകളിലെയും വിവിധ പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുമെന്ന് അന്‍ബാര്‍ ഗവര്‍ണര്‍ സുഹൈബ് അല്‍ റൂവി അറിയിച്ചു. ബഗ്ദാദിലെ സൗദി എംബസിയുടെയും അന്‍ബാര്‍ ഗവര്‍ണറേറ്റിന്‍െറയും മേല്‍നോട്ടത്തില്‍ പ്രദേശവാസികള്‍ക്ക് നേരിട്ടും കൈമാറും. ഇറാഖി പൗരന്‍മാരോടുള്ള സൗഹാര്‍ദപൂര്‍വമായ പെരുമാറ്റത്തിന്  ഗവര്‍ണര്‍ സൗദി സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഭീകരസംഘമായ ഐ.എസിന്‍െറ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവന്ന പ്രവിശ്യയാണ് സൗദി അറേബ്യയുമായി ദീര്‍ഘമായ അതിര്‍ത്തിയുള്ള അന്‍ബാര്‍. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഭീകരരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവിശ്യയിലെ ഐ.എസിന്‍െറ പ്രമുഖ നേതാവ് അബുവാഹിബിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി കഴിഞ്ഞ തിങ്കളാഴ്ച പെന്‍റഗണ്‍ അറിയിച്ചിരുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.