അലി അന്നുഐമി പടിയിറങ്ങുന്നത് 21 വര്‍ഷത്തെ സേവനത്തിന് ശേഷം

റിയാദ്: സൗദി പെട്രോളിയം, മിനറല്‍ മന്ത്രാലയത്തിന്‍െറ അമരത്ത് ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോ. അലി അന്നുഐമി പടിയിറങ്ങി. സല്‍മാന്‍ രാജാവ് ശനിയാഴ്ച പ്രഖ്യാപിച്ച മന്ത്രിസഭ അഴിച്ചുപണിയിലാണ് അരാംകോ മേധാവി കൂടിയായ എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, അലി അന്നുഐമിയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റത്. സൗദി അരാംകോയുടെ പ്രസിഡന്‍റും സി.ഇ.ഒയുമായിരിക്കെ 1995ലാണ് നുഐമി സൗദിയുടെ പെട്രോളിയം, മിനറല്‍ മന്ത്രിയായി സ്ഥാനമേറ്റത്. രാജ്യത്തെ മുഖ്യ വരുമാന സ്രോതസ്സായ എണ്ണയുടെ ഉല്‍പാദന, വിതരണ, വില നിയന്ത്രണ തീരുമാനങ്ങളില്‍ അദ്ദേഹത്തിന്‍െറ പങ്ക് ശ്രദ്ധേയമായിരുന്നു. എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ എതിരില്ലാത്ത ശബ്ദത്തിന്‍െറ ഉടമ കൂടിയായിരുന്നു ഈ 82കാരന്‍. 1935ല്‍ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനിലുള്ള അര്‍റാക്ക വില്ളേജില്‍ ജനിച്ച അദ്ദേഹം സൗദി അരാംകോയില്‍ മെസ്സഞ്ചറായാണ് ജോലി ആരംഭിച്ചത്. മൂന്ന് റിയാലായിരുന്നു മാസ ശമ്പളം. എന്നാല്‍ കമ്പനി നിയോഗിച്ചതനുസരിച്ച് സ്വദേശത്തും വിദേശത്തും പഠനം പൂര്‍ത്തിയാക്കി 1962ല്‍ അമേരിക്കയിലെ പന്‍സാവാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1963ല്‍ സറ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ജിയോളജിയില്‍ ബിരദാനന്തര ബിരുദവും കരസ്ഥമാക്കി. 1975ല്‍ അരാംകോയുടെ പ്രൊഡക്ഷന്‍ വിഭാഗത്തിന്‍െറ ഉപമേധാവിയും 1978ല്‍ എണ്ണ വിഭാഗം വൈസ് പ്രസിഡന്‍റുമായി. 1980ലാണ് ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ടത്. 1982 കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി. 1984ല്‍ കമ്പനി പ്രസിഡന്‍റായതോടെ സൗദി അരാംകോയുടെ ആദ്യത്തെ സ്വദേശി പ്രസിഡന്‍റ് എന്ന ബഹുമതിക്കു കൂടി അദ്ദേഹം അര്‍ഹനായി. 1988ലാണ് സി.ഇ.ഒ പദവിയിലേക്ക് ഉയര്‍ന്നത്. അരാംകോ കമ്പനിയിലെ ജോലിക്കിടെ എണ്ണ മേഖലക്ക് നല്‍കിയ സേവനങ്ങളെ വിലമതിച്ച അമേരിക്കയിലെ ഹാര്‍യോട്ട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ലളിതമായി ആരംഭിച്ച ഒൗദ്യോഗിക ജീവിതത്തിലും മന്ത്രി പദവി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലും എടുത്ത തീരുമാനങ്ങളില്‍ ശക്തനായി മുന്നോട്ടു കുതിച്ച കരുത്തുറ്റ നേതാവാണ് വിടവാങ്ങുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.