മക്ക- മദീന റോഡില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു: 42 പേര്‍ക്ക് പരിക്ക്

മദീന: ഉംറ തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. 25 പേരുടെ നില ഗുരുതരമാണ്.  മക്ക-മദീന റോഡില്‍ കിലോ 95ല്‍  വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലാണുള്ളത്.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ ആഴമുള്ള കിടങ്ങിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റ 42 പേരെ ഹിജ്റ റോഡിലേയും മദീനയിലേയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസും ട്രാഫിക്കും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടം നടന്നയുടനെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നതായി മദീന ആരോഗ്യ കാര്യാലയം വ്യക്തമാക്കി.
മേഖലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പരിക്ക് പറ്റിയ വിവിധ രാജ്യക്കാരായ തീര്‍ഥാടകരെ പ്രവേശിപ്പിച്ചതായി മദീന ആരോഗ്യ വക്താവ് ഫുവാദ് ദഖല്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മീഖാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാദി ഫറഅ് ആശുപത്രിയില്‍ 10പേരാണുള്ളത്.
മൂന്നുപേരെ മദീന കിങ് ഫഹദിലേക്ക് മാറ്റി.  18 പേര്‍ മലിക് ആശുപത്രിയിലാണ്. രണ്ട് പേര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് നാഷനല്‍ ഗാര്‍ഡ് ആശുപത്രിയിലും രണ്ട് പേര്‍ മീഖാത്ത് ആശുപത്രിയിലുമുണ്ട്്. ബസ് ഡ്രൈവര്‍ ഉഹ്ദ് ജനറല്‍ ആശുപത്രിയിലാണ്.
സൗദി ജര്‍മന്‍ ആശുപത്രിയില്‍ അഞ്ച് പേരും ദാറുല്‍ അഹ്ലിയ ആശുപത്രിയില്‍ ഏഴുപേരും ചികിത്സയിലുണ്ടെന്നും ആരോഗ്യ വക്താവ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.