ബിന്‍ലാദന്‍ കമ്പനിയുടെ വിലക്ക് നീക്കി

ജിദ്ദ: പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന്  പുതിയ കരാറുകള്‍ നല്‍കുന്നതിന് സൗദി ഭരണകൂടം ഏര്‍പെടുത്തിയ നിരോധം നീക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഹജ്ജ് വേളയില്‍ മക്കയില്‍ ക്രെയിന്‍ ദുരന്തമുണ്ടായി 107 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കമ്പനിക്ക് പുതിയ കരാര്‍ നല്‍കുന്നതിനും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ക്ക് രാജ്യത്തിന് പുറത്തു പോവുന്നതിനും വിലക്കേര്‍പെടുത്തിയത്. ഇവ രണ്ടും നീക്കിയതായാണ് റിപ്പോര്‍ട്ട്.

വിലക്ക് വന്നതോടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം മുടങ്ങിയിരുന്നു. കമ്പനി ഓഫിസുകള്‍ക്ക് മുന്നില്‍ വേതനം കിട്ടാത്ത തൊഴിലാളികള്‍ പലയിടത്തും അക്രമാസക്തരാവാന്‍ തുടങ്ങി. മലയാളികളുള്‍പ്പെടെ പ്രവാസികളും സ്വദേശികളും കടുത്ത പ്രതിസന്ധിയിലായി. ഉന്നത തസ്തികയിലുള്ളവരടക്കം 77000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. അതിനിടെ മക്കയില്‍ വേതനം കിട്ടാത്തതില്‍ ക്ഷുഭിതരായ തൊഴിലാളികള്‍ ഏഴോളം ബസുകള്‍ അഗ്നിക്കിരയാക്കിയ സംഭവവുമുണ്ടായി. ജിദ്ദയില്‍ അക്രമാസക്തരായ തൊഴിലാളികള്‍ ഓഫിസിലത്തെി ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. ബഹളത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ കാറിടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. ബുധനാഴ്ചയും ഹറമിനടുത്ത് കമ്പനിയുടെ കീഴിലെ തൊഴിലാളികള്‍ സംഘടിച്ച്  സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.

പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ.മുഹര്‍റജ് ഹഖബാനി വ്യക്തമാക്കിയിരുന്നു. സ്വദേശികളെ പിരിച്ചു വിടരുതെന്ന് കമ്പനിയുമായി ധാരണയുണ്ടാക്കിയതായും തൊഴില്‍ മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കമ്പനിക്കേര്‍പെടുത്തിയ നിരോധം സൗദി സര്‍ക്കാര്‍ നീക്കിയതായ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന് തൊളിലാളികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതേ സമയം എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറി കടന്നാലേ പുതിയ പദ്ധതികള്‍ക്ക് പണം ലഭ്യമാവുകയുള്ളൂ എന്ന് കമ്പിയിലെ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.