സൗദി ചലച്ചിത്രോത്സവത്തിന്  വിളക്ക് തെളിഞ്ഞു 

ദമ്മാം: വെള്ളിത്തിരയില്‍ സൗദിയുടെ ചലച്ചിത്ര ഭാഷക്കും ചിലത് അടയാളപ്പെടുത്താനുണ്ടെന്ന് വിളിച്ച് പറഞ്ഞ് മൂന്നാമത് സൗദി ചലച്ചിത്രോത്സവത്തിന് തുടക്കമായി. ദമ്മാം കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അസോസിയേഷന്‍ ഹാളില്‍ ഇനി അഞ്ചു നാളുകള്‍ ചലച്ചിത്ര ലോകത്തിന് അധികം പരിചയമില്ലാത്ത സൗദി സംവിധായകരൊരുക്കിയ അറബ് ദൃശ്യങ്ങളുടെ മേളപ്പെരുക്കം കാണാം. ചലച്ചിത്ര പ്രേമികളുടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രമുഖ കവിയും മേളയുടെ ഡയറക്ടറുമായ അഹ്മദ് മുല്ല ഉദ്ഘാടനം ചെയ്തു. 112 ഹ്രസ്വ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 70 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. മികച്ച തിരക്കഥക്കുള്ള മത്സരത്തിന് 55 ചിത്രങ്ങള്‍ രംഗത്തുണ്ട്. സൗദിയുടെ ചലച്ചിത്ര ഭൂപടം മാറ്റി വരക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളക്ക് തുടക്കം കുറിച്ചതെന്നും മികച്ച പ്രതികരണമാണ് യുവ സംവിധായകരില്‍ നിന്നും ലഭിക്കുന്നതെന്നും അഹ്മദ് മുല്ല പറഞ്ഞു.

വെള്ളിത്തിരയില്‍ സൗദിയുടെ കൈയൊപ്പ് ചാര്‍ത്തിയ രണ്ട് മേളകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് മൂന്നാമത് ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകരും കലാ കാരന്മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റാകാന്‍ അല്‍ഹര്‍ബി സംവിധാനം ചെയ്ത ‘റാന അലാ ഖുലൂബിഹിം’, ഹാജര്‍ അന്നഈമിയുടെ ‘അമല്‍‘, മുഹമ്മദ് സല്‍മാന്‍ അണിയിച്ചൊരുക്കിയ ‘അസ്ഫര്‍‘ എന്നീ ചിത്രങ്ങളാണ് ഉദ്ഘാടന സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്. കല രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. കറം ബാസിഈ, സഅദ് അല്‍ ഫരീഹ് എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. തന്‍െറ മക്കളും മികച്ച സംവിധായകരുമായ അബ്ദുല്‍ അസീസ് ഫരീഹ്, സുലാഫ ഫരീഹ് എന്നിവരുടെ സാന്നിധ്യത്തില്‍  അംഗീകാരം നല്‍കിയതില്‍ അതിയായ ആഹ്ളാദമുണ്ടെന്ന് സഅദ്  പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.