ഒരിക്കല്‍ കൂടി മകന്‍െറ മുഖമൊന്നു  കാണണം; ഫാത്തിമയുടെ കാത്തിരിപ്പ് നീളുന്നു

ദമ്മാം: അവസാനമായി മകന്‍െറ മുഖം ഒരുനോക്ക് കാണണമെന്നേ ഫാത്തിമബീവിക്ക് ആഗ്രഹമുള്ളു. 18 വര്‍ഷം മുമ്പ് കണ്‍മുന്നില്‍ നിന്ന് പോയതാണ് മകന്‍ നിസാറുദ്ദീന്‍. ദമ്മാമില്‍ ജോലിക്കത്തെിയ നിസാര്‍ പിന്നീടൊരിക്കലും നാട്ടില്‍ പോയില്ല. ഉമ്മയെ കണ്ടിട്ടുമില്ല. ഒടുവിലൊരുനാള്‍ നെഞ്ചുവേദനയുടെ രൂപത്തില്‍ മരണം വന്നു നിസാറിനെ കൂട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞപ്പോള്‍ ആ ഉമ്മ തളര്‍ന്നു. അവസാനമായി ആ മുഖമൊന്നുകാണണം. അതുമാത്രമേ വേണ്ടു. പക്ഷേ, നിസാറിന്‍െറ മൃതദേഹം ഇപ്പോഴും ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. രണ്ടരമാസമാകുന്നു, ഫ്രീസറിന്‍െറ തണുപ്പില്‍ നിസാറിന്‍െറ ശരീരം കിടക്കാന്‍ തുടങ്ങിയിട്ട്. തിരുവനന്തപുരം പള്ളിക്കല്‍ കൊക്കോട്ടുകോണം കട്ടാര്‍പ്പാറയില്‍ പരേതനായ മുഹമ്മദ് ഇസ്മാഈലിന്‍െറ മകന്‍ നിസാറുദ്ദീന്‍ (48) 1998 ലാണ് സൗദിയിലേക്ക് വരുന്നത്. വിവിധങ്ങളായ ജോലികള്‍ ചെയ്തു ജീവിച്ചു. പ്രവാസത്തിന്‍െറ തിരക്കിനിടയില്‍ നാടുമറന്നു. വിവാഹം കഴിക്കാന്‍ പോലും മറന്നു. ചോദിച്ചവരോടൊക്കെ ’ഉടന്‍ നാട്ടിലേക്ക് പോകും’ എന്നുമാത്രമായിരുന്നു മറുപടി. നാട്ടില്‍ പോയിവരാന്‍ നിര്‍ബന്ധിച്ചവരോടൊക്കെ ഒഴികഴിവുകള്‍ പറഞ്ഞു. നാലുവര്‍ഷമായി മോശം കാലമായിരുന്നു.

ഇതിനിടെ, സ്പോണ്‍സറുമായി രസത്തിലല്ലാതായി. ഇടക്ക് പൊലീസ് കേസിലും കുടുങ്ങി. ദമ്മാം ഖലീജിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിലാണ് നെഞ്ചുവേദന ഉണ്ടാകുന്നത്. അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങി മടങ്ങി. പക്ഷേ, അധികം വൈകാതെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്‍െറ മുഖം അവസാനമായി കാണണമെന്ന ആഗ്രഹം ഫാത്തിമ ബീവി പ്രകടിപ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ സാമൂഹിക പ്രവര്‍ത്തകന് അവര്‍ അധികാര പത്രവും നല്‍കി. പക്ഷേ, ഫാത്തിമ ബീവിയുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. മൃതദേഹം രണ്ടരമാസത്തിനുശേഷവും മോര്‍ച്ചറിയില്‍ തന്നെ കിടന്നു. ഒടുവില്‍ നിസാറുദ്ദീന്‍െറ ദമ്മാമില്‍ തന്നെയുള്ള സഹോദരന്‍ നാസറുദ്ദീന് അധികാര പത്രം നല്‍കിയിരിക്കുകയാണ് ഉമ്മ. എത്രയും വേഗം മൃതദേഹം നാട്ടിലത്തെിച്ച് ഖബറടക്കണമെന്ന് മാത്രമേ അവര്‍ക്ക് ആഗ്രഹമുള്ളു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.