മരണത്തിന്‍െറ മടിത്തട്ടില്‍ നിന്ന് അനബിയ  മിഴി തുറന്നു, ഉമ്മയില്ലാത്ത ലോകത്തേക്ക്

ജിദ്ദ: മരണത്തിന്‍െറ മടിത്തട്ടില്‍ നിന്ന് അനബിയ പതുക്കെ കണ്ണു തുറന്നത് ഉമ്മയില്ലാത്ത ലോകത്തേക്കാണ്. മാതാവിന്‍െറ അരികുചേര്‍ന്ന് കാറില്‍ സഞ്ചരിക്കുന്നതിനിടെ മരണം അപകടത്തിന്‍െറ രൂപത്തിലത്തെി പ്രിയപ്പെട്ട ഉമ്മയുടെയും വല്യുമ്മയുടെയും  കൈപിടിച്ച് പോയത് അവളറിഞ്ഞിട്ടില്ല. അതിഗുരുതരമായ പരിക്കുകളോടെ ഒരാഴ്ചയായി അവളും മക്ക അല്‍ നൂര്‍ ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ മരണത്തോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. പ്രവാസത്തിന്‍െറ നാട് കുറച്ചു ദിവസമായി അവള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയിലാണ്. ജീവന്‍െറ പുല്‍കൊടിയില്‍ പിടിച്ച്  അവള്‍ പതുക്കെ ചലിക്കാന്‍ തുടങ്ങിയതോടെ ഐ.സി.യുവിന് മുന്നില്‍ ദ$ഖഭാരത്തോടെ കാത്തു നിന്ന പിതാവ് ഷമലിനും ഇത്താത്ത ഏഴ് വയസുകാരി ഐലിനും ആശ്വാസത്തിന്‍െറ കണ്ണീര്‍പൊടിഞ്ഞു. പ്രിയപ്പെട്ട ഭാര്യ സമീറയുടെയും ഉമ്മ ആസ്യയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് യാത്രയാക്കിയാണ് ഷമല്‍ അനബിയയുടെ തിരിച്ചുവരിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുന്നത്. മരുന്നുകളോട് പ്രതികരിക്കാനും വെള്ളം ഇറക്കാനും തുടങ്ങിയതിനാല്‍  വ്യാഴാഴ്ച ഉച്ചയോടെ അവളെ വാര്‍ഡിലേക്ക് മാറ്റി.  രണ്ടര വയസ്സുകാരിക്ക് ആന്തരികാവയവങ്ങള്‍ക്കായിരുന്നു പരിക്ക്്. അപകടനിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മദീന റോഡില്‍ തുവ്വലിനടുത്തുണ്ടായ അപകടത്തില്‍ കോഴിക്കോട് അത്തോളി ഒയാസിസ് വീട്ടിലെ ഷമലിന്‍െറ ഉമ്മ ആസിയ, ഭാര്യ സമീറ  എന്നിവര്‍ മരിച്ചത്. ഷമല്‍ ഓടിച്ച കാറില്‍ അദ്ദേഹത്തിന്‍െറ ഉപ്പ മുഹമ്മദലിയും  മൂത്ത മകള്‍ ഐലിനുമുണ്ടായിരുന്നു. ഇവര്‍ മൂന്നുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അനബിയയെ രക്ഷാപ്രവര്‍ത്തകരാണ്  മക്കയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ വ്യാഴാഴ്ച ഉംറ നിര്‍വഹിച്ച് ജിദ്ദയിലെ താമസസ്ഥലത്ത് തിരിച്ചത്തെിയശേഷം വെള്ളിയാഴ്ച പലര്‍ച്ചെ മദീനാ സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ട്രെയിലറിടിച്ചായിരുന്നു അപകടം. ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്‍റാണ് സി.എ കാരനായ ഷമല്‍. ഭാര്യ സമീറ കെമിക്കല്‍ എഞ്ചിനീയറായിരുന്നു. 
ദുബൈയില്‍ ജോലി ശരിയാവാനിരിക്കെയാണ് സമീറ മരിച്ചതെന്ന് അവളുടെ പഴയ അധ്യാപകന്‍ കൂടിയായ ഡോ.ഇസ്മയില്‍ മരിതേരി പറഞ്ഞു. ആശുപത്രിയില്‍ ഷമലിന് സാന്ത്വനം പകരാന്‍ അദ്ദേഹവും കുടെയുണ്ടായിരുന്നു.സമീറയുടെയും ആസ്യയുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച അത്തോളിയിലത്തെിച്ച് സംസ്കരിച്ചു.അനബിയ സുഖം പ്രാപിച്ച ഉടന്‍ നാട്ടിലേക്ക് തിരിക്കാന്‍ കാത്തിരിക്കയാണ് ഷമല്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.