സൗദിയില്‍ തീവ്രവാദബന്ധമുള്ള 14 പേര്‍ക്ക് വധശിക്ഷ

റിയാദ്: തീവ്രവാദ കേസുകളില്‍ തടവില്‍ കഴിയുന്ന 14 പേര്‍ക്ക് റിയാദ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചതായി നീതിന്യായ വകുപ്പ് വ്യക്തമാക്കി. കൂടാതെ 24 പേര്‍ക്ക് മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിന് സമീപം അവാമിയ്യയില്‍ നടന്ന തീവ്രവാദ ബന്ധമുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷ. 
ഇവര്‍ സ്വദേശികളാണെന്നാണ് കരുതപ്പെടുന്നതെങ്കിലും പേരുവിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അവാമിയ്യ കേന്ദ്രീകരിച്ച് 24ഓളം സായുധ സംഘത്തിന് രൂപം നല്‍കിയതായി ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരുന്നു. തലസ്ഥാനത്തെ ക്രിമിനല്‍ കോടതിയുടെ മുമ്പിലത്തെിയ 400ലധികം കുറ്റാരോപണങ്ങളില്‍ വിവിധ അളവില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കോടതി കണ്ടത്തെി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ രാജ്യത്തിന്‍െറ സുരക്ഷക്കും പൗരന്മാരുടെയും വിദേശികളായ താമസക്കാരുടെയും ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലും പ്രതികള്‍ ഏര്‍പ്പെട്ടിരുന്നു. 
സുരക്ഷഭടന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുക, സ്വദേശികളെയും വിദേശികളെയും അകാരണമായി ആക്രമിക്കുക, കൊള്ളയും കൊള്ളിവെപ്പും നടത്തുക, മയക്കുമരുന്ന് ഉപയോഗിക്കുക, വിതരണം ചെയ്യുക, കടകളും വാഹനങ്ങളും കൊള്ളയടിക്കുക, അവാമിയ്യ, ഖതീഫ് എന്നിവിടങ്ങളിലെ സുരക്ഷക്ക് സദാ ഭീഷണി സൃഷ്ടിക്കുക, ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന വാഹനം കൊള്ളചെയ്യുക, ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഏഷ്യന്‍ വംശജരെ കൊള്ള ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
ബോംബുകളും ആയുധങ്ങളും പലരില്‍ നിന്നും തട്ടിയെടുത്ത വാഹനങ്ങളും പ്രതികള്‍ ഭീഷണി സൃഷ്ടിക്കാനും കൊള്ളക്കും ഉപയോഗിച്ചിട്ടുണ്ട്. 
അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത ഒരാളുടെ നിരപരാധിത്വം തെളിഞ്ഞതിനാല്‍ വെറുതെ വിട്ടു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.