??????????? ???????????? ????????? ??????? ??????????

മരുഭൂവിലെ പാമ്പുകള്‍ക്ക്  മലയാളിയുടെ വീട്ടില്‍ രാപാര്‍ക്കാം

ജിദ്ദ: മരൂഭൂവിലെ പാമ്പുകള്‍ മലയാളിയായ ശ്രീകുമാറിന്‍െറ തോഴന്‍മാരാണ്. അവര്‍ തമ്മില്‍ കണ്ടുമുട്ടേണ്ട പ്രശ്നമേയുള്ളൂ. വന്നു, കണ്ടു, കീഴടക്കി എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. തമ്മില്‍ കണ്ടാല്‍ മതി, പരസ്പരം സ്നേഹിച്ചുകളയും. ‘നെഞ്ചോട്’ ചേര്‍ത്ത് പിടിക്കും. അറബ് നാട്ടലെ ഏത് മൂര്‍ഖനാണെങ്കിലും ശ്രീകമാര്‍ സ്നേഹപൂര്‍വം വാരിയെടുത്ത് മക്കളെ പോലെ കൊണ്ടു നടക്കും. സ്വന്തം താമസസ്ഥലത്ത് വിരുന്ന് പാര്‍പ്പിക്കും.  കൊടും ചൂടില്‍ അലയുന്ന പാമ്പുകള്‍ക്ക് ശ്രീകുമാറിന്‍െറ താമസസ്ഥലത്തെ  ബക്കറ്റില്‍ തണുപ്പ് നുകര്‍ന്ന് കിടക്കാം. പിന്നെ സൗകര്യം പോലെ മരുഭൂമിയില്‍ ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇദ്ദേഹം  തന്നെ അവയെ സുരക്ഷിതമായി ജീവിക്കാന്‍ വിടും. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ  ശ്രീകുമാര്‍ പത്ത് വര്‍ഷത്തോളമായി  ജിദ്ദയിലെ കുടിവെള്ളക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഫലസ്തീന്‍ സ്ട്രീറ്റിനടുത്ത് വാദി മുറയ്യയിലാണ് കുടുംബസമ്മേതം താമസം. അദ്ദേഹം താമസിക്കുന്ന പരിസരത്ത് പാമ്പുകള്‍ വിഹരിക്കാറുണ്ട്.  അറബികളോ വിദേശികളോ പാമ്പിനെ കണ്ടാല്‍ വേഗം മലയാളിയായ ശ്രീകുമാറിനെ വിളിക്കും. അത്രക്ക് പ്രശസ്തനായിട്ടുണ്ട്  ഇയാള്‍. നിരവധി പാമ്പുകളെയാണ് ജിദ്ദയിലും പരിസരങ്ങളിലും ഇയാള്‍ വലയിലാക്കിയത്.
 പാമ്പുകളോടുള്ള ഇഷ്ടപ്രകടനം മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍  തുടങ്ങിയതാണ്.  അക്കാലത്ത് വീട്ടുകാര്‍ കാണാതെ അണലിയെയും മക്കളെയും പിടിച്ച് കുപ്പിയിലാക്കിയവനാണിവന്‍. കൂട്ടിന് അനുജനെയും കൂട്ടി. അതൊരു തുടക്കമായിരുന്നു. വലുതായപ്പോള്‍ നാട്ടിലെ പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ മുരുകനുമായി കുട്ടുകൂടി.  അങ്ങനെ ഈ മേഖലയില്‍  ‘പ്രൊഫഷണലായി’. രാജവെമ്പാല ഉള്‍പെടെ നൂറ് കണക്കിന് പാമ്പുകളെ വരുതിയിലാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ലീവിന് ചെന്നാലും ശ്രീകുമാറിന് ‘ഓര്‍ഡര്‍’ വരും. ഒരു യജ്ഞത്തെക്കാളുപരി വിനോദമായി ഇതിനെ കാണുന്നതിനാല്‍ ഇയാള്‍ ഏത് പമ്പിനെ ‘അറ്റന്‍റ്’ ചെയ്യാനും എപ്പോഴും റെഡി.
ഇവിടെയും നല്ല വിഷമുള്ള ഇനങ്ങളെ തന്നെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. വെള്ളിക്കട്ടന്‍,  അണലി  എന്നീ ഇനങ്ങളാണ് മരുഭൂമിയില്‍ ഏറെയും കാണുന്നതത്രെ. പാമ്പിനെ പിടിക്കുമ്പോള്‍ മനസ്സിന്‍െറ ധൈര്യമാണ് പ്രധാനമെന്ന് ശ്രീകുമാര്‍ പറയുന്നു. പതറിപ്പോയാല്‍ ‘പണി കിട്ടും’ പ്രത്യേകിച്ച് അണലിയെ ഒക്കെ കൈകാര്യം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധവേണം. അവയുടെ നീക്കങ്ങള്‍ ചടുലമായിരിക്കും. സമര്‍ഥമായി പിടിച്ചിലെങ്കില്‍ വിഷമേല്‍ക്കും. കരഗതമായാല്‍ പിന്നെ പ്രശ്നമില്ല. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.