പണം ആവശ്യപ്പെട്ട് മലയാളിയെ തട്ടിക്കൊണ്ടുപോയി

റിയാദ്: ലിഫ്റ്റ് ചോദിച്ച മലയാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വിലപേശി. മുണ്ടക്കയം സ്വദേശി വിന്‍സ് ജോസഫാണ് ബംഗ്ളാദേശി സംഘത്തില്‍ കുടുങ്ങി പീഡനം നേരിട്ടത്. വിന്‍സിനെ മര്‍ദിച്ച് ഫോണിലൂടെ ഭാര്യയോട് എ.ടി.എം കാര്‍ഡും പണവും ആവശ്യപ്പെട്ട സംഘം ഒടുവില്‍ വഴിയിലിറക്കി വിടുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് ഈ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വൈകീട്ട് താമസസ്ഥലമായ ശുമൈസിയിലേക്ക് പോകാന്‍ അല്‍ഖര്‍ജ് റോഡില്‍ വാഹനം കാത്തുനില്‍ക്കുമ്പോഴാണ് പിടിച്ചുപറി സംഘത്തിന്‍െറ വലയില്‍ കുടുങ്ങിയത്. ബംഗ്ളാദേശികളാണെന്ന ധൈര്യത്തിലാണ് വണ്ടിയില്‍ കയറിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേരും വളരെ സൗഹാര്‍ദപൂര്‍വമാണ് പെരുമാറിയത്. 
അതില്‍ വീണുപോയ വിന്‍സ് ശുമൈസിയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെന്നും ഭാര്യ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണെന്നുമുള്ള വിവരങ്ങളെല്ലാം സൗഹൃദ സംഭാഷണത്തിനിടയില്‍ പറഞ്ഞുപോയി. കുറച്ചുദൂരം ഓടിയ ശേഷം വാഹനം വഴിതിരിഞ്ഞുപോയതോടെയാണ് അപകടം മണത്തത്. അത് ചോദ്യം ചെയ്തതോടെ ഭാവം മാറിയ സംഘം തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ബഹളമുണ്ടാക്കാതിരിക്കാന്‍ ഒരാള്‍ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. പണമില്ളെന്ന് മനസിലായപ്പോള്‍ ഇഖാമയും എ.ടി.എം കാര്‍ഡുമായി ആവശ്യം. കാര്‍ഡും ഇല്ളെന്ന് മനസിലായതോടെ സംഘം ശുമൈസിയിലേക്ക് വണ്ടി തിരിച്ചുവിട്ടു. ഇതിനിടയില്‍ വിന്‍സിനെ മര്‍ദ്ദിച്ച് അയാളെ കൊണ്ട് ഫോണില്‍ ഭാര്യയെ വിളിപ്പിച്ച് എ.ടി.എം കാര്‍ഡുമായി ആശുപത്രി പരിസരത്ത് വരാന്‍ ആവശ്യപ്പെട്ടു. കാര്‍ഡുമായി എത്തിയ ഭാര്യയോടൊപ്പം സൗദി പൗരനായ സഹപ്രവര്‍ത്തകനെ കൂടി കണ്ടതോടെ സംഘം വാഹനം നിറുത്താതെ കടന്നുകളഞ്ഞു. അതിനുശേഷം രണ്ട് മണിക്കൂറോളം വിന്‍സിന്‍െറ ഫോണ്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. 
ഇതോടെ ഭയന്ന ഭാര്യ ദീറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12 മണിയായപ്പോള്‍ വിന്‍സിന്‍െറ ഫോണില്‍ നിന്ന് വീണ്ടും വിളിയത്തെി. 5000 റിയാല്‍ തന്നാല്‍ ഭര്‍ത്താവിനെ വിട്ടയക്കാമെന്നാണ് സംഘാംഗം പറഞ്ഞത്. പണവുമായി റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെല്ലാനാണ് ആവശ്യപ്പെട്ടത്. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രസിഡന്‍റ് റാഫി പാങ്ങോടിന്‍െറ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരേയും കൂട്ടി അവിടെ എത്തിയെങ്കിലും കൂടുതല്‍ ആളുകളെ കണ്ടതോടെ സംഘം വിന്‍സിനെയും കൊണ്ട് സ്ഥലം വിട്ടു. ഫോണിലൂടെ വിലപേശല്‍ തുടര്‍ന്നു. മണിക്കൂറുകള്‍ പിന്നെയും നീണ്ടു. ഒടുവില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപണ്‍ അയച്ചുതന്നാല്‍ വിടാം എന്നായി. 2000 റിയാലിന്‍െറ കൂപണ്‍ വാങ്ങി വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. 5000 റിയാലിന്‍െറ തന്നെ വേണം എന്ന് ആവശ്യപ്പെടുകയും വിന്‍സിനെ മര്‍ദ്ദിച്ച് നിലവിളിപ്പിക്കുന്നത് ഫോണിലൂടെ കേള്‍പ്പിക്കുകയും ചെയ്തു. കടകളെല്ലാം അടച്ചുപോയെന്നും പരമാവധി കിട്ടിയ കൂപണുകളാണ് അയച്ചുതന്നതെന്നും ഭര്‍ത്താവിനെ ഉപദ്രവിക്കാതെ വിട്ടയക്കണമെന്നും ഭാര്യ കരഞ്ഞുപറഞ്ഞു. 
ഒടുവില്‍ 2000 റിയാലിന്‍െറ കൂപണില്‍ തൃപ്തിപ്പെട്ട് പുലര്‍ച്ചെ 3.30ഓടെ ന്യൂ സനാഇയ റോഡില്‍ ഇറക്കിവിടുകയായിരുന്നു. അപ്പോഴേക്കും പൊലീസ് എത്തിയെങ്കിലും സംഘം രക്ഷപ്പെട്ടു. കടുത്ത ശാരീരിക പീഡനമാണ് വിന്‍സ് നേരിട്ടത്. ശുമൈസി ആശുപത്രിയില്‍ ചികിത്സ തേടി. സമാനമായ കേസില്‍ പൊലീസ് തെരയുന്ന ഒരു ബംഗ്ളാദേശ് പ്രതിയുടെ ഫോട്ടോ കണ്ട വിന്‍സ് തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളാണിതെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്ന ഇത്തരം പിടിച്ചുപറി സംഘങ്ങള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ റിയാദിലെ പൊലീസ് മേധാവിക്ക് പരാതി നല്‍കി.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.