???? ??????????

എഴുത്തിന്‍െറ ലഹരിയില്‍ അലിയുന്ന അധ്വാനഭാരം

ജിദ്ദ: അധ്വാനിക്കുന്ന എഴുത്തുകാരന്‍െറ രചനകളില്‍ ജാടകളില്ലാത്ത ജീവിതത്തിന്‍െറ ഉപ്പുരസമുണ്ടാവുമെന്ന്  രചനകളിലൂടെ തെളിയിക്കുകയാണ് സലാം ഒളവട്ടൂര്‍ എന്ന പ്രവാസി സാഹിത്യകാരന്‍. മരുഭൂവിലെ കൊടും ചൂടില്‍ മറ്റുള്ളവരുടെ ദാഹമകറ്റാന്‍വേണ്ടി  ഭാരമുള്ള കുടിവെള്ളക്കുപ്പികള്‍ തോളിലേറ്റി നടക്കുന്നതിനിടയില്‍ പിറക്കുന്ന കഥകളും കവിതകളും ഈ യുവ എഴുത്തുകാരന്‍െറ ജീവിതത്തിന് നല്‍കുന്ന തണല്‍ അപാരമാണ്.
 എഴുത്തിന്‍െറ വഴികളില്‍ സഞ്ചാരം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും നാലാള് കൂടിയിരുന്ന് ഇദ്ദേഹത്തിന്‍െറ രചനകളെ കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വഴിയിലൂടെ പോവുന്നവരെയെല്ലാം വിളിച്ചുവരുത്തി ആദരിച്ചുകളയുന്ന പ്രവാസികൂട്ടായ്മകള്‍ക്കൊന്നും  ഈ സാധുസാഹിത്യകാരനെ പൊന്നാടയണിയിക്കാന്‍ നേരം കിട്ടിയിട്ടില്ല.

എന്നാലിന്ന് ജിദ്ദയിലെ ഗ്രന്ഥപ്പുര സാംസ്കാരിക കൂട്ടായ്മ സലാം ഒളവട്ടൂരിന്‍െറ  രചനകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അദ്ദേഹത്തെ ആദരിക്കാനും വേദിയൊരുക്കിയിരിക്കയാണ്. ഇന്ന് രാത്രി ഒമ്പത് മണിക്ക് ശറഫിയ്യയിലെ ശിഫ ജിദ്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി. 20 വര്‍ഷമായി സലാം ജിദ്ദയില്‍ ജോലിചെയ്യുന്നു. എട്ടു വര്‍ഷത്തോളം പെട്രോള്‍ പമ്പിലായിരുന്നു പണി. 12 വര്‍ഷമായി കുപ്പിവെള്ളക്കമ്പനിയിലെ വിതരണക്കാരനാണ്. അറുപതോളം കഥകളും അഞ്ചെട്ട് കവിതകളും വെളിച്ചം കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.  പ്രവാസത്തിന്‍െറ നോവും നൊമ്പരവും അതിലേറെ വ്യര്‍ഥതയും രേഖപ്പെട്ടു കിടക്കുന്നതാണ് സലാമിന്‍െറ രചനകള്‍. മിനിക്കഥകളാണ് പ്രസിദ്ധീകരിച്ചവയിലേറെയും. വലിയ കഥയെഴുതാന്‍ കഴിയാത്തതു കൊണ്ടല്ല ജോലിഭാരത്തിനിടിയിലെ നേരമില്ലായ്മയാണ് നീണ്ട രചനകള്‍ക്ക് തടസ്സമെന്ന് സലാം പറയുന്നു. മനസ്സിലൊരു നോവല്‍ കിടക്കുന്നുണ്ട്. അതിന് ജന്‍മം നല്‍കണം.  

പരന്ന വായനയില്ല. എന്നാല്‍ സമൂഹവുമായുള്ള നിരന്തരമായ ഇടപെടലും അനുഭവങ്ങളും സഞ്ചാരവും എഴുത്തിന് വളമാവുന്നു. ചെറിയ കഥകളില്‍ പോലും വലിയ തത്വചിന്തകളുടെ വിത്തുകള്‍ പാകി മുളപ്പിക്കുന്നു. പുതിയ കാലത്തിന്‍െറ മുദ്രകളുള്ള രചനകള്‍, ‘ന്യൂ ജന്‍’ തലക്കെട്ടുകള്‍. കഥ ജനിക്കുന്നത് ചിലപ്പോള്‍ കുപ്പിവെള്ളം തോളിലേറ്റി ഫ്ളാറ്റുകളുടെ പടവുകള്‍ കയറുമ്പോഴായിരിക്കും. പൊരിവെയിലില്‍ ട്രാഫിക് ബ്ളോകില്‍ കുരുങ്ങിക്കിടക്കുന്ന വാഹനത്തിനുള്ളിലിരുന്ന് വേവുന്നതിനിടയിലായിരിക്കും. എപ്പോഴാണെങ്കിലും അത് ‘ഡിലീറ്റാവും’ മുമ്പ്  കുറിച്ചിടാന്‍ പേനയും കടലാസും കൈയില്‍ കരുതും. എഴുത്താണ് ലഹരി. എഴുതുമ്പോള്‍ തന്നെയാണ് അതനുഭവിക്കുന്നത് -എന്തിനാണ് സലാം നിങ്ങള്‍ എഴുതുന്നത് എന്ന് ചോദിച്ചതിന്‍െറ മറുപടി. ‘വരിഞ്ഞു മുറുക്കി കെട്ടിയ അയാളെ നിറഞ്ഞ കണ്ണുകളുമായി മൗനമായി  പള്ളിക്കാട്ടിലേക്ക് കട്ടിലിലേറ്റി തോള് മാറി മാറി യാത്രയാക്കുമ്പോള്‍  നീണ്ട വരിയുടെ പിന്നില്‍ നിന്നാരോ  കുടെയുള്ളവന്‍െറ ചെവിയില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ  പ്രയാസപ്പെട്ടിരുന്നൊരു പാവം പ്രവാസിയായിരുന്നു അയാളെന്ന’....‘യാത്ര’ എന്ന തലക്കെട്ടുള്ള കഥ കുത്തോ കോമയോ ഇല്ലാതെ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീരുന്നു. അതു മതി  പ്രവാസത്തിന്‍െറ വ്യര്‍ഥത സൂചിപ്പിക്കാന്‍.

ഒറ്റമുറി വീട്, മറുതീരം താലികെട്ട്, ഒരു ക്ളൂ തരുമോ, സോറി ട്ടോ നളിനി അമ്മൂമ്മേ, പ്രിയതമന്‍െറ വരവ്,  ഒരു സോങ് മാത്രം മതി, റിയാലിറ്റി ഷോ, ഒരു സെല്‍ഫി, സ്പെഷ്യല്‍ എപ്പിസോഡ് എന്നിങ്ങനെ പോവുന്നു രചനകളുടെ തലക്കെട്ടുകള്‍. മലപ്പുറം ജില്ലയിലെ തടത്തില്‍ പറമ്പ് ഗവ. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തേ എഴുത്തിനോട് താല്‍പര്യമായിരുന്നു. രചനാമത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനം വാങ്ങാറുണ്ടായിരുന്നെങ്കിലും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഈര്‍ച്ചപ്പണിക്കാരനായ വാപ്പ മുഹമ്മദിശക്കും ഉമ്മ ഖദീജക്കും  മകന്‍െറ ഉള്ളിലെ സര്‍ഗാത്മതയെ കുറിച്ച് അന്നും ഇന്നും വലിയ ധാരണയില്ല.

പട്ടിണിയുടെ കാലമായതിനാല്‍ പഠിപ്പ് ലക്ഷ്യത്തിലത്തെിക്കാന്‍ കഴിഞ്ഞില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നിന്ന്   പ്രി ഡിഗ്രി കഴിഞ്ഞിറങ്ങി. നാട്ടില്‍ കല്‍പണിക്കാരന്‍െറ വേഷം കെട്ടി. പണി കിട്ടാന്‍ ഹൈദരബാദിലേക്ക് നാട് വിട്ടു. ഒടുവില്‍ ചുറ്റിത്തിരിഞ്ഞ് ജിദ്ദയിലത്തെിയതാണ്. അധ്വാനത്തിന്‍െറ സംതൃപതി മുഖത്തുണ്ട്. വലിയ സ്വപ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ശാന്തത കൂട്ടിനുണ്ട്. അതു മതി ജീവിതം സന്തോഷകരമാക്കാനെന്ന് ബുദ്ധിജീവി ചമയാനറിയാത്ത ഈ കഥാകാരന്‍ വിശ്വസിക്കുന്നു. സുഹ്റയാണ് ഭാര്യ. ഷഹന ഷറിന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നിഹാല്‍, നാജിയ ഷെറിന്‍ എന്നിവര്‍ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.