?????? ???? ??????????????????

കാലം മായ്ക്കാത്ത ചരിത്രമുദ്രകളുമായി അന്നഖ് ല്‍

യാമ്പു: സൗദിയിലെ വ്യവസായ നഗരങ്ങളിലൊന്നായ യാമ്പു കാര്‍ഷിക മേഖലയില്‍ കാലം മായ്ക്കാത്ത ചരിത്രമുദ്രകളുമായി  അന്നഖ് ല്‍. ആയിരം വര്‍ഷത്തിനപ്പുറത്തെ അറബികളുടെ ചരിത്രത്തിന്‍െറ കോട്ടകളും ശേഷിപ്പുകളും അറിവിന്‍െറയും വിസ്മയത്തിന്‍െറയും വാതിലുകള്‍ തുറക്കുന്നതാണ്. വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഈ മേഖലയില്‍ പൈതൃകസംരക്ഷണപദ്ധതികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാമ്പു ടൗണില്‍ നിന്ന്  57കിലോമീറ്റര്‍  ദൂരെയാണ് ‘യാമ്പു അന്നഖ് ല്‍’.  കൃഷിയുടെയും വളര്‍ത്തുമൃഗങ്ങളുടെ ഫാമുകളുടെയും പേരിലാണ് പുതിയ തലമുറ ഈ പ്രദേശത്തെ മനസ്സിലാക്കുന്നത്. എന്നാല്‍ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്‍െറ അടയാളങ്ങള്‍ ഇപ്പോഴുമിവിടെയുണ്ട്.  യാമ്പുവിലെ ഒരു പുരാവസ്തു സൂക്ഷിപ്പ് ഏരിയ കൂടിയായായ ഇവിടേക്ക് പക്ഷേ സന്ദര്‍ശകരുടെ ഒഴുക്ക്  കാണാന്‍ കഴിയില്ല. ചരിത്ര വിദ്യാര്‍ഥികളും ഗവേഷകരും പലപ്പോഴും ഇവിടെ എത്താറുണ്ട് . സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ശരീഫ് കോട്ടയും അറബികളുടെ പഴമയുടെ പൊരുള്‍  പ്രകടമാകുന്ന വീടുകളും സന്ദര്‍ശകരെ വിസ്മയിപ്പിക്കും.
‘യാമ്പു  അന്നഖ് ല്‍’ പ്രദേശത്തിന്  മഹിതമായ ചരിത്രം അയവിറക്കാനുണ്ടെന്ന് ഗവേഷകനും   വഴികാട്ടിയുമായ നബീല്‍ അല്‍ ഹാസിമി ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു.
ആയിരം വര്‍ഷം പഴക്കമുള്ള വീടുകളുടെ ഭാഗികമായ  അവശിഷ്ടള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നും. വിശാലമായ  ഈത്തപ്പന തോട്ടത്തിന്‍്റെ ചുറ്റുപാടും അന്നത്തെ അറബികള്‍ താമസിച്ചിരുന്ന വീടുകളുടെ ചുമരുകളും  ഇപ്പോഴും  കാണാം. പണ്ട് സുലഭമായ ജല സ്രോതസ്സുകള്‍ ഇവിടെ ഉണ്ടായിരുന്നെന്നും കാലക്രമേണ ജല ദൗര്‍ലഭ്യം കാരണം പിന്നീട്  ജനവാസം ഇല്ലാതായി എന്നുമാണ് വിവരം.  ഇവിടെ ഉണ്ടായിരുന്ന വിശാലമായ വീടുകളും തോട്ടങ്ങളും കാലങ്ങള്‍ക്ക്  മുമ്പുണ്ടായ തുടര്‍ച്ചയായ  പ്രളയത്തില്‍  ഒലിച്ചു  പോയതാണെന്നും  അന്ന്  ജീവിച്ചിരുന്ന  പലരും പ്രളയത്തില്‍  മുങ്ങി മരിച്ചതായും  ചരിത്രം  രേഖപ്പെടുത്തുന്നതായി  നബീല്‍ ഹാസിമി   പറഞ്ഞു .
വലിയ  പ്രമാണിമാരും  സമ്പന്നരുമായ നാട്ടുപ്രമാണിമാരും  ഈ  പ്രദേശത്ത്  ജീവിച്ചിരുന്നതായി  ചരിത്ര  രേഖയിലുണ്ട് . ഇബ് നു ജബ് ര്‍  എന്ന  സമ്പന്നനായ  വ്യക്തി  താമസിച്ച  അന്നത്തെ മത്തേരം വീടും സ്വര്‍ണവും  സമ്പത്തും  ശേഖരിച്ചിരുന്ന പ്രത്യേക ഖജനാവും ഉള്ള  ഭാഗം  സൗദി  യുവാവ്  പരിചയപ്പെടുത്തി. ടാറിട്ട  റോഡുകള്‍  ഇല്ലാത്ത  കാലഘട്ടത്തില്‍ മണ്‍ പാതയില്‍  ഓടിച്ചിരുന്ന അന്നത്തെ  അദ്ദേഹത്തിന്‍െറ  കാറിന്‍െറ  ചില  ഭാഗങ്ങള്‍   ഇവിടെ  ഇപ്പോഴും  കാണാം.          ഉസ്മാനിയ്യ  സാമ്രാജ്യ കാലത്ത് ഷരീഫ് രാജാവ്  യുദ്ധത്തിന്  മാത്രമായി പണിത കോട്ടയുടെ മിക്ക ഭാഗവും  ‘യാമ്പു  അന്നഖ് ലി’ല്‍  ഉണ്ട് . 1299 ല്‍ തുര്‍ക്കിയില്‍ സ്ഥാപിതമായ ഉസ്മാനിയ്യ സാമ്രാജ്യം രണ്ടു  നൂറ്റാണ്ടുകള്‍ക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയി ത്തീര്‍ന്നു.  ഇസ്ലാമിന്‍െറ പുണ്യകേന്ദ്രങ്ങളായ മക്ക ,മദീന ,ഖുദ്സ്  എന്നിവ നേരത്തെ  ഇവരുടെ  കീഴിലായിരുന്നു.  കോട്ടയുടെ മുമ്പില്‍ എഴുതിയ  വലിയ  ബോര്‍ഡില്‍ ‘ആര്‍ക്കിയോളജിക്കല്‍  ഏരിയ’എന്നെഴുതിയ ബോര്‍ഡ്  കാണാം.  പ്രത്യേക കരിങ്കല്‍  കൊണ്ടും  മണ്ണ് കൊണ്ടും  ചാരുതയോടെ നിര്‍മിച്ച  കോട്ടയുടെ  മതിലിനിടയില്‍  ചില  ദ്വാരങ്ങള്‍ ഉണ്ട്. യുദ്ധകാലത്ത്  ഇതു വഴി കോട്ടയില്‍ നിന്ന് ശത്രുവിനെതിരെ തന്ത്രപൂര്‍വ്വം വെടിയുതിര്‍ക്കാനായിരുന്നു  ഇത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള  ഈ കോട്ടയും പലപ്പോഴും സന്ദര്‍ശകരുടെ  ദൃഷ്ടിയില്‍ പതിയാറില്ല .
ഉസ്മാനിയ സാമ്രാജ്യ  കാലത്ത്  ഷരീഫ്  രാജാവ്  ഉസ്മാനിയ ഖിലാഫത്തിനെ  തുരത്തി  ഓടിച്ചതായുള്ള  ചരിത്രം  രേഖപ്പെടുത്തിയിട്ടുണ്ട് . കുറെ വര്‍ഷങ്ങള്‍ ഇവിടെ  കഴിഞ്ഞ  രാജാവിനെ പിന്നീട്  സൗദിയിലെ  അബ്ദുല്‍ അസീസ്  രാജാവിന്‍െറ കാലത്താണ്  കൊഫ്രൂസിലേക്കു തുരത്തി ഓടിച്ചത്. ഷരീഫ് രാജാവിന്‍െറ പേരമക്കളണ്  ഇന്നു ജോര്‍ദാനും മൊറോക്കോയും ഭരിക്കുന്ന രാജാക്കന്മാര്‍.
ഇറാഖിലും ഷരീഫ് രാജാവിന്‍െറ  മക്കള്‍ ആയിരുന്നു നേരത്തെ ഭരിച്ചിരുന്നതെന്നും ഗവേഷകനായ സൗദി യുവാവ്  പറയുന്നു.‘യാമ്പു  അന്നഖ് ലി’ ല്‍  അയിനുല്‍ അലി,  അയിനുല്‍ ഹസന്‍, അയിനുല്‍ ഹുസൈന്‍  എന്നീ  സ്ഥലനാമങ്ങള്‍  ഉള്ളത്  കൊണ്ട്  തന്നെ നാലാം ഖലീഫ അലിയും കുടുംബവും ഇവിടെ  താമസിച്ചതായ  ചരിത്രത്തിന്  തെളിവായി അദ്ദേഹം  വിലയിരുത്തുന്നു. ഒന്നാം  ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് അറബ്  സഖ്യസേനകള്‍  തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ സൈനിക  നീക്കം ആസൂത്രണം  ചെയ്യാന്‍  യാമ്പു  ഉപയോഗപ്പെടുത്തിയതായും   ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.  ഇവിടെ പൂര്‍വകാലജനപഥങ്ങളുടെ നാള്‍ വഴികള്‍  നേരില്‍ പകര്‍ത്താനും സഞ്ചാരികള്‍ക്ക്  അവസരം കിട്ടുന്നു .
ഈജിപ്ത്, യമന്‍ രാജ്യങ്ങളിലെ വ്യാപാരത്തില്‍ പുരാതനകാലം  മുതലേ  യാമ്പു ഒരു ഇടത്താവളമായി ചരിത്ര ത്താളുകളില്‍ അറിയപ്പെടുന്നു. പുരാതന മിസ് ര്‍ , ശാം , ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍  എന്നിവിടങ്ങളില്‍  നിന്നെല്ലാമുള്ള കച്ചവട  സംഘങ്ങളും  യാത്രക്കാരും ചെങ്കടലിന്‍െറ  തീരത്തുള്ള  യാമ്പു  വഴിയാണ്  യാത്ര പോയിരുന്നത്. അക്കാലം മുതല്‍ തന്നെ മക്കയിലേക്കും മദീനയിലേക്കും സന്ദര്‍ശകര്‍ ഇവിടെ ഒരു ഇടത്താവളമാക്കി.  കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രത്യേകിച്ച് ഈത്തപ്പഴ വ്യാപാരത്തിനും പ്രസിദ്ധമായ  കമ്പോളവും കൂടിയായിരുന്നു  യാമ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.