ട്രെയിലറില്‍ പിക്കപ്പിടിച്ച് കത്തി  മലയാളി ഡ്രൈവറടക്കം രണ്ട് മരണം 

റിയാദ്: ട്രെയിലറില്‍ പിക്കപ്പിടിച്ച് കത്തി മലയാളി ഡ്രൈവറടക്കം രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് വലിയ വളപ്പില്‍ നാരായണന്‍ എന്ന സതീശന്‍ (51) ആണ് അപകടത്തില്‍ പെട്ടത്. ട്രെയിലര്‍ ഡ്രൈവറായ ഇദ്ദേഹം നാട്ടിലേക്ക് പോകുന്നതിനായി അല്‍ഖര്‍ജില്‍ നിന്ന് ദമ്മാമിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ദമ്മാമിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും കണ്ട് നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. സുഹൃത്തായ ഷാജിയുടെ കൂടെ ട്രൈയിലറിലാണ് യാത്ര പുറപ്പെട്ടത്ത്. തിങ്കളാഴ്ച രാത്രി 10 ഓടെ ഖര്‍ജില്‍ നിന്ന് ഏകദേശം 80 കി. മീറ്റര്‍ അകലെയാണ് സംഭവം. നാരായണന്‍ യാത്ര ചെയ്ത ട്രെയിലറില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. മറ്റൊരു ട്രെയിലറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ടത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിലറിനകത്തേക്ക് കയറിയ പിക്കപ്പിന് ഉടന്‍ തന്നെ തീ പിടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും കത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്ന ഷാജി ചാടി രക്ഷപ്പെട്ടു. എന്നാല്‍ നാരായണന് രക്ഷപ്പെടാനായില്ല. 
പിക്കപ്പ് ഓടിച്ച ഇത്യോപ്യക്കാരനും നാരായണനും വെന്തു മരിച്ചു. രക്ഷപ്പെട്ടെങ്കിലും 70 ശതമാനം പൊള്ളലേറ്റ ഷാജിയെ റിയാദ് ശിഫയിലെ ഇബ്നു അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 വര്‍ഷമായി അല്‍ഖര്‍ജില്‍ ട്രെയിലര്‍ ഡ്രൈവറാണ് നാരായണന്‍. അങ്കണവാടി അധ്യാപികയായ ഉഷയാണ് ഭാര്യ. അമ്മ: നാരായണി. മക്കള്‍: സുമേഷ് (ബി.എസ്.എഫ് ജവാന്‍), ഷിധിന്‍, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ ലതീഫ് തെച്ചി രംഗത്തുണ്ടെന്ന് ശഫീഖ് കാഞ്ഞാര്‍ പറഞ്ഞു.   
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.