സൗദി സ്ഫോടനം:  ലോകം ഒന്നടങ്കം അപലപിച്ചു 

ജിദ്ദ: പുണ്യഭൂമിയായ മദീനയലിടക്കം സൗദിയുടെ മൂന്നിടങ്ങളില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ഭീകരവാദികളുടെ ചെയ്തികളെ ലോകമൊന്നടങ്കം അപലപിച്ചു. റമദാനില്‍ ഭക്തിസാന്ദ്രമായ മദീന ഹറമില്‍ പോലും ഭീകരാക്രമണമുണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ലോകം ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം ശക്തമായ ഭാഷയില്‍ സംഭവത്തെ അപലപിച്ചു. നിരപരാധികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഭീരുത്വമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍, ജോര്‍ഡന്‍, തുര്‍ക്കി, അമേരിക്ക, സുഡാന്‍, ഈജിപ്ത്, ലെബനാന്‍, അള്‍ജീരിയ, തുര്‍കി, മൊറോക്കോ, ഫലസ്തീന്‍  തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ സൗദി ഭരണകൂടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. 
മുസ്ലിം വേള്‍ഡ് ലീഗ്, ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകാലാശാല, മുസ്ലിം നേതാക്കള്‍, ഓര്‍ഗനൈശേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി), അറബ് ലീഗ്, അറബ് റെഡ്ക്രസന്‍റ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടേറിയേറ്റ് എന്നിവരും ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു. മാനുഷിക മൂല്യങ്ങള്‍ക്കും മത ദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ പൈശാചിക വൃത്തിയാണിതെന്നും പുണ്യഭൂമിയായ മദീനയില്‍ ആക്രമണം നടത്തിയതിന് ഒരു ന്യായീകരണവുമില്ളെന്നും ജി.സി.സി അധ്യക്ഷന്‍ അബ്ദുല്ലതീഫ് അല്‍സയാനി പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇത്തരം ഗൂഢ നീക്കങ്ങള്‍ക്കൊണ്ട് സാധിക്കില്ളെന്നും സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. 
ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്ക ഹറം ഇമാം ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ്, മദീന ഹറം ഇമാം ഖാലിദ് ബിന്‍ സുലൈമാന്‍ എന്നിവരും ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.  
സൗദിയില്‍ സ്ഥിരതയും സമാധാനവും നിലനില്‍ക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളുടെയും യു.എ.ഇയുടെയും സ്ഥിരതക്ക് അടിസ്ഥാനഘടകമാണെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ സാഇഅ് പറഞ്ഞു. ഭീകരതയെ നേരിടാന്‍ അറബ്, ഇസ്ലാമിക്, അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബൂ ഗൈദ് പറഞ്ഞു. എവിടെ എന്തു നടത്തിയാലും ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ലോക മുസ്ലിം പണ്ഡിത സംഘടന ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭീകരതക്കെതിരെയുള്ള പോരാട്ടം നിര്‍ത്താനാവില്ളെന്ന് ഈജിപ്ത് മുഫ്തി ശൗഖി ഗുലാം പറഞ്ഞു. 
മസ്ജിദുന്നബവിക്കടുത്ത് നടന്ന അക്രമണം കടുത്ത അപരാധമാണ്. സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണ്. ഭീകരത കാന്‍സറാണ്. അതിനെ നേരിടേണ്ടത് മുഴുവനാളുകളുടെയും ബാധ്യതയാണെന്നും സൗദിയുടെ മുന്നോട്ടുള്ള പ്രയാണത്തെ തകര്‍ക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ഇരുമ്പ് മുഷ്ടി കൊണ്ട് നേരിടണമെന്ന് മദീനയിലെ അക്രമത്തെ അപലപിച്ച് ലിബിയന്‍ മുഫ്തി ശൈഖ് ഡോ. മാലിക് ശിആര്‍ പറഞ്ഞു. 
മസ്ജിദുന്നബവിക്കടുത്ത് നടത്തിയ ഭീകരാക്രമണം ലോക മുസ്ലിംകള്‍ക്ക് നേരെയുള്ള ആക്രമണം കൂടിയാണെന്ന് ലബ്നാന്‍ മുഫ്തി സയ്യിദ് അബ്ദുലത്തീഫ് ദര്‍യാന്‍ പറഞ്ഞു. ഇരുഹറമുകള്‍ നിലകൊള്ളുന്ന സൗദിയുടെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ അറബ് പാര്‍ലമെന്‍റ് മേധാവി അഹ്മദ് അല്‍ജര്‍വാന്‍ അപലപിച്ചു. സൗദിക്കൊപ്പം അറബ് ജനത നിലക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദ്ദാന്‍ മുഫ്തിയും സംഭവത്തെ അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.