ജിദ്ദയില്‍ മൂന്നുമാസത്തിനിടെ  അരലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയില്‍

ജിദ്ദ: ജിദ്ദ ഗവര്‍ണറേറ്റിന് കീഴില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന പോലീസ് പരിശോധനകളില്‍ 59,421 തൊഴില്‍, താമസ നിയമ ലംഘകര്‍ പിടിയിലായതായി പൊലീസ് മേധാവി മേജര്‍ ജനറല്‍ മസ്ഊദ് ബിന്‍ ഫൈസല്‍ അല്‍ഉദ്വാനി പറഞ്ഞു. 
അനധികൃത താമസക്കാരെയും വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ വിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 6425550 ല്‍ സ്വദേശികള്‍ വിളിച്ചറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനകളിലും നിരവധി നിയമ ലംഘകര്‍ പിടിയിലായി. മോഷണം, പിടിച്ചുപറി, ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യുക, സ്ത്രീകളുടെ ബാഗുകള്‍ തട്ടിപ്പറിക്കുക, നിര്‍ത്തിയിട്ട കാറുകള്‍ മോഷ്ടിക്കുക, അനധികൃതമായി ജോലിചെയ്യുക, ലൈസന്‍സില്ലാതെ കച്ചവട സ്ഥാപനങ്ങള്‍ നടത്തുക, അശ്ളീല കൃത്യങ്ങളിലേര്‍പ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അധികമാളുകളും പിടിക്കപ്പെട്ടത്. യാചന, ട്രാഫിക് നിയമ ലംഘനം, വഴി വാണിഭം, വഴിയോരങ്ങളില്‍ വാഹനം കഴുകല്‍ തുടങ്ങിയ കുറ്റങ്ങളിലേര്‍പ്പെട്ടവരും പിടിക്കപ്പെട്ടവരിലുണ്ട്. റെയ്ഡില്‍ ജിദ്ദ പൊലീസ് സേനക്ക് പുറമെ സിവില്‍ ഡിഫന്‍സ്, ട്രാഫിക് വിഭാഗം, ഫോറന്‍സിക് വിഭാഗം തുടങ്ങിയ വിവിധ സുരക്ഷ വിഭാഗങ്ങള്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.