പൊതുസുരക്ഷക്ക് വേണ്ടിയുള്ള ശിക്ഷാവിധി  ശരീഅത്ത് താല്‍പര്യം -ഉന്നത പണ്ഡിതസഭ

റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 47 പേരുടെ വധശിക്ഷ നടപ്പാക്കിയത് പൊതുസുരക്ഷ ഉറപ്പുവരുത്താന്‍ ശരീഅത്ത് നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമാണെന്ന് സൗദി ഉന്നത പണ്ഡിതസഭ വ്യക്തമാക്കി. കോടതിയുടെ മൂന്ന് തലങ്ങളിലൂടെ കടന്നുപോകുന്ന നീതിന്യായ വ്യവസ്ഥയില്‍ കുറ്റവാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതിപരമായ തീരുമാനത്തിനും അവസരം നല്‍കുന്നുണ്ട്. സൗദി കോടതികള്‍ പൂര്‍ണ സ്വതന്ത്രവും നീതിയിലധിഷ്ഠിതവുമാണ്. ശരീഅത്ത് നിയമമനുസരിച്ചുമാണ് അവിടെ വ്യവഹാരം നടന്നുവരുന്നത്. രാഷ്ട്ര സുരക്ഷയും സ്വദേശി പൗരന്മാരുടെയും വിദേശി താമസക്കാരുടെയും സമാധാനവും ഉറപ്പുവരുത്തുന്നതിനാണ് സൗദി സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്. രാജ്യത്ത് കുഴപ്പം സൃഷ്ടിക്കാനും സുരക്ഷ തകര്‍ക്കാനും ശ്രമിക്കുന്നവരെ രാഷ്ട്രം കര്‍ശനമായി നേരിടും. കോടതികള്‍ക്ക് മേല്‍ ശരീഅത്തിനല്ലാതെ ഭരണാധികാരികള്‍ക്കോ ഏതെങ്കിലും സഭക്കോ സ്വാധീനമില്ലാത്തത്ര സ്വതന്ത്രമായാണ് രാജ്യത്ത് നീതിന്യായം നടന്നുവരുന്നത്. 
സൗദി പൗരന്മാര്‍, വിദേശി ജോലിക്കാര്‍, ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും കുറ്റകൃത്യങ്ങളും ശത്രുതയും സുരക്ഷാഭീഷണിയും അവസാനിപ്പിക്കുന്നതും രാഷ്ട്രത്തിന്‍െറ ബാധ്യതയാണ്. പൊതുജനനന്മ പരിഗണിച്ച് സുരക്ഷ ഉറപ്പുവരുത്താനാണ് സൗദി ശരീഅത്ത് നിയമം നടപ്പാക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ല ആലുശൈഖ് നേരത്തേ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.