റിയാദ്: അനധികൃതമായി താമസിക്കുന്ന വീട്ടുവേലക്കാരെ കൈമാറുന്നത് പിടികൂടാന്‍ തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പും ധാരണയായി. റെസിഡന്‍റ്സ് പെര്‍മിറ്റ് നിയമത്തിന് വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വേലക്കാരെ വില്‍ക്കാനും കൈമാറ്റം ചെയ്യാനും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഇരു മന്ത്രാലയങ്ങളും സംയുക്ത നീക്കത്തിന് ധാരണയായത്. തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖബാനിയും പൊതുസുരക്ഷ മേധാവി ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍മുഹരിജുമാണ് നടപടിക്കുള്ള രൂപരേഖ ചര്‍ച്ച ചെയ്തത്. വീട്ടുവേലക്കാര്‍ ഒളിച്ചോടാനുള്ള സാഹചര്യങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നതായി തൊഴില്‍ മന്ത്രാലയത്തിന്‍െറ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഇലക്ട്രോണിക് രീതി പരിഷ്കരിക്കാനും ധാരണയായിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി പരസ്യം നല്‍കുന്നത് കുറ്റകരമാണെന്ന് മാധ്യമ മേധാവികള്‍ക്ക് ഇരു മന്ത്രാലയങ്ങളും മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കുന്നതും വിവരസാങ്കേതികവിദ്യയുടെ നിയമപരിധിയില്‍ വരുമെന്ന് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പില്‍ പറയുന്നു. ഇഖാമ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസ, യാത്രാസൗകര്യങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. തൊഴില്‍ സഹമന്ത്രി അഹ്മദ് ബിന്‍ സാലിഹ് അല്‍ഹുമൈദാന്‍, പരിശോധന വിഭാഗം മേധാവി ഡോ. അബ്ദുല്ല അബൂസുനൈന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.