കടലറിവുമായി സൗദി ദേശീയോത്സവത്തില്‍ ജീസാന്‍െറ കൗതുക കാഴ്ചകള്‍

റിയാദ്: ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന സൗദിയുടെ പടിഞ്ഞാറന്‍ തീര ദേശങ്ങളിലൊന്നാണ് ജീസാന്‍. യമനുമായി അതിര്‍ത്തി പങ്കിടുന്ന ഈ ചെറു പ്രവിശ്യയില്‍ 100ലധികം ദ്വീപുകളുണ്ട്. അവിടെയുള്ള മനുഷ്യരുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്ന് കടല്‍ നല്‍കുന്ന വിഭവങ്ങളാണ്. അതില്‍ പ്രധാന ദ്വീപുകളിലൊന്നാണ് വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഫുര്‍സാന്‍. അവിടെ നിന്നുള്ള ശേഖരവുമായി എത്തിയ മുക്കുവര്‍ റിയാദിലെ ജനാദിരിയയില്‍ നടക്കുന്ന സൗദി ദേശീയോത്സവത്തിന്‍െറ കൗതുക കാഴ്ചകളിലൊന്നാണ്. 

സൗദി ദേശീയോത്സവത്തില്‍ തീരദേശമായ ജീസാനില്‍ നിന്നുള്ള സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെറു തിമിംഗലത്തിന്‍െറ അസ്ഥിക്കൂട് ഫോട്ടോ ‘ഗള്‍ഫ് മാധ്യമം
 


ജീസാന്‍ പ്രവിശ്യയുടെ സ്റ്റാളിലത്തെിയാല്‍ മത്സ്യ ബന്ധന ഉപകരണങ്ങളുടെയും ചിപ്പികൊണ്ടുണ്ടാക്കിയ വിവിധ ആഭരങ്ങളുടെയും മനോഹര ശേഖരവുമായി നിങ്ങളെ കാത്തിരിക്കുന്ന രണ്ടു പേരെ കാണാം. ചെറിയ വലകളും ചിപ്പികൊണ്ടുള്ള കീ ചെയിനുകളും ആഭരണങ്ങളും മറ്റും നിമിഷ നേരങ്ങള്‍കൊണ്ട് അവര്‍ ഉണ്ടാക്കി തരും. അലങ്കാര വസ്തുക്കളില്‍ താല്‍പര്യമുള്ളവര്‍ക്ക് അത് ചെറിയ വില നല്‍കി വാങ്ങാം. ഫുര്‍സാന്‍ ദ്വീപില്‍ നിന്നുള്ള അലി ഉസ്മാനും സുഹൃത്തുമാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന കരവിരുതുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കടലാഴങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവിധ ആകൃതിയിലുള്ള ചിപ്പികളുടെ വലിയ ശേഖരത്തിന് മുന്നിലിരുന്ന് അലിയുടെ കരങ്ങള്‍ ചലിക്കുമ്പോള്‍ സുന്ദരമായ രൂപങ്ങള്‍ പിറവികൊള്ളുന്നു. കമ്മലുകളായും കീചെയിനുകളായും മാലകളായും മറ്റും ചിപ്പികള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നത് തത്സമയം കാണാം. ഇന്ത്യയില്‍ നിന്നുള്ള പത്രത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അലിയും സുഹൃത്തും സജീവമായി. 
മുക്കുവരുടെ വേഷം ധരിച്ച സുഹൃത്ത് തന്‍െറ കരവിരുതില്‍ തീര്‍ത്ത ചെറുതും വലുതുമായ വലകളും സഞ്ചികളും കാണിച്ചു തന്നു. മനോഹരമായ തൊങ്ങലുകളാല്‍ അലങ്കരിച്ച ചെറു കുട്ടകളും ബാഗുകളും കൂട്ടത്തിലുണ്ട്. കരവിരുതില്‍ തീര്‍ത്ത വസ്തുക്കളും ചിപ്പികള്‍കൊണ്ടുണ്ടാക്കിയ മനോഹര ശില്‍പങ്ങളും കണ്ണുകളിലുടക്കാതിരിക്കില്ല. സംസാരത്തിനിടക്ക് ചെറിയ ഡ്രില്ലിങ് ഉപകരണവുമായി അലി ചിപ്പികളില്‍ രൂപങ്ങള്‍ തീര്‍ത്തു. അദ്ദേഹത്തിന് സമീപത്തായി കിടക്കുന്ന വലിയ എല്ലുകളെന്താണെന്ന് ചോദിച്ചപ്പോള്‍ ചെറു തിമിംഗലത്തിന്‍െറതാണെന്ന് കടലേഴും കണ്ട ഭാവത്തില്‍ മറുപടി. 
മണല്‍ വിരിച്ച കൂടാരത്തിനുള്ളില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന തിമിംഗലത്തിന്‍െറ അസ്ഥിക്കൂട് ദേശീയോത്സവത്തിന്‍െറ അപൂര്‍വ ദൃശ്യങ്ങളിലൊന്നാണ്. 
കടലിലെ വമ്പന്‍െറ അസ്ഥിക്ക് പുറമെ സൂക്ഷ്മ ജീവികളുടെ തോടുകളും ജീസാനില്‍ നിന്നത്തെിയിട്ടുണ്ട്. 
ആമയുടെയും സ്രാവിന്‍െറയുമൊക്കെ ഉടലുകള്‍ ഭംഗിയില്‍ അലങ്കരിച്ചാണ് വിതാനിച്ചിരിക്കുന്നത്. ബോട്ടിന്‍െറയും പായക്കപ്പലിന്‍െറയും ചെറു രൂപങ്ങളും മത്സ്യത്തൊഴിലാളികളുടെ കരവിരുതില്‍ ജീവന്‍ തുടിച്ച് നില്‍ക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.