അബഹ സൈനിക പള്ളിയിലെ ചാവേര്‍ ആക്രമണം; ഒമ്പതുപേരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു 

റിയാദ്: അതിര്‍ത്തി പ്രദേശമായ അസീര്‍ പ്രവിശ്യയിലെ അബഹ സൈനിക പരിശീലന കേന്ദ്രത്തിലുള്ള പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒമ്പതുപേരുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സംഭവത്തിന്‍െറ സൂത്രധാരന്മാരും പിടികിട്ടാനുള്ളവരുമായ യുവാക്കളുടെ പേരു വിവരങ്ങളാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ നേരത്തേ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യപ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. സഈദ് ആയിദ് അശ്ശഹ്റാനി, തായിഅ് സാലിം അസ്സുഐരി, അബ്ദുല്‍ അസീസ് അശ്ശഹ്രി, അബ്ദുല്ല സായിദ് അശ്ശഹ്രി, ഇഖാബ് മുഅ്ജിബ് അല്‍ഉതൈബി, മാജിദ് ബിന്‍ സായിദ് അശ്ശഹ്രി, മുബാറക് അബ്ദുല്ല അദ്ദൂസരി, മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍അനസി, മുതീഅ് സാലിം അസ്സുഐരി എന്നിവരെയാണ് പിടികിട്ടാനുള്ളത്. 2015 ആഗസ്റ്റ് ആറിനാണ് നമസ്കാര സമയത്ത് ചാവേര്‍ ആക്രമണം നടന്നത്. 11 സൈനികരും നാല് ബംഗ്ളാദേശ് ജോലിക്കാരും ഉള്‍പ്പെടെ 15 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യൂസുഫ് ബിന്‍ സുലൈമാന്‍ അബ്ദുല്ല അസ്സുലൈമാന്‍ എന്ന സ്വദേശിയാണ് ചാവേറായതെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന് റിയാദിലെ അല്‍മൂന്‍സിയ്യ വില്ളേജിലും തലസ്ഥാന നഗരത്തിനടുത്തുള്ള ദുര്‍മയിലും അഭയം നല്‍കുകയും പരിശീലനവും വസിയ്യത് റെക്കോര്‍ഡ് ചെയ്യാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയ ഏതാനും പേരെയാണ് നേരത്തെ പിടികൂടിയത്. ഫഹദ് ഫലാഹ് അല്‍ഹര്‍ബി, സഈദ് ആയിദ് അശ്ശഹ്റാനി എന്നിവാണ് ചവേറിനെ റിയാദില്‍ നിന്ന് വാഹനത്തില്‍ അസീറിലത്തെിച്ചത്. ബോംബ് പിടിപ്പിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും സ്ഫോടക വസ്തുക്കളും ഒളിപ്പിച്ചുകടത്താന്‍ ചാവേറിന്‍െറ പത്നി അബീര്‍ ബിന്‍ത് മുഹമ്മദ് അല്‍ഹര്‍ബിയും വാഹനത്തിലുണ്ടായിരുന്നു. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവരുടെ കാല്‍ക്കീഴിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സൈനിക താവളത്തില്‍ ജോലിയുണ്ടായിരുന്ന സലാഹ് അലി ആയിദ് അശ്ശഹ്റാനി എന്നയാളാണ് അകത്ത് കയറാന്‍ സൗകര്യം ഒരുക്കിയത്. ഇദ്ദേഹത്തിന്‍െറ പിതൃവ്യനായ സഈദ് ആയിദ് അശ്ശഹ്റാനിയുടെ തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് സൈന്യത്തിലുണ്ടായിട്ടും ജോലിയില്‍ വിശ്വാസ വഞ്ചന കാണിച്ചത്. ഇവരുമായി ഇടപഴകുന്നതും സഹായം നല്‍കുന്നതും കുറ്റകരമായി ഗണിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
കഴിഞ്ഞ നാലു ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡില്‍ ഒമ്പത് അമേരിക്കക്കാരുള്‍പ്പെടെ 33 പേരെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 14 പേര്‍ സൗദികളാണ്. യമന്‍, സിറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, യു.എ.ഇ, കസാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലുള്ളവരും പിടിയിലായവരിലുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.