???? ???????? ?????? ??????? ?????????????

സഅദ് മുഹമ്മദ് നാസറിന് ഇത് വെറുമൊരു തോട്ടമല്ല 

റിയാദ്: സമൃദ്ധമായി വിളഞ്ഞു നില്‍ക്കുന്ന മധുരമൂറും നാരങ്ങകളുടെ നടുവില്‍ നിന്ന് സഅദ് മുഹമ്മദ് നാസര്‍ അല്‍ഖത്ലാന്‍ എന്ന അറബി പറഞ്ഞു. ‘‘ഇത് വില്‍ക്കാറില്ല. ഇവിടെ വരുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കൊടുക്കാറാണ് പതിവ്. തോട്ടത്തില്‍ നിന്ന് വിഭവങ്ങള്‍ കൊണ്ടുപോകുന്നവരുടെ പ്രാര്‍ഥന മാത്രമാണ് എനിക്ക് വേണ്ടത്.’’ റിയാദില്‍ നിന്ന് മുന്നൂറിലധികം കി.മീറ്റര്‍ അകലെ മധുരനാരങ്ങയുടെ മണ്ണായ ഹരീഖിലെ തോട്ടത്തില്‍ നിന്ന് ഒരുപാട് സ്ഥാപനങ്ങളുടെയും വലിയ തോട്ടങ്ങളുടെയും ഉടമയായ സഅദ് ഇത് പറഞ്ഞത് പുഞ്ചിരിച്ചുകൊണ്ടാണ്. ഹരീഖില്‍ നഗരസഭ സംഘടിപ്പിച്ച നാരങ്ങ വിളവെടുപ്പ് ഉത്സവത്തിന്‍െറ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് സഅദിന്‍െറ തോട്ടത്തില്‍ എത്തിയത്. അദ്ദേഹത്തിന്‍െറ സുഹൃത്തും ഹരീഖ് നഗരസഭ ചെയര്‍മാന്‍െറ സെക്രട്ടറിയുമായി ജോലി ചെയ്യുന്ന കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുസ്തഫയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. പല നിറത്തിലും രുചിയിലുമുള്ള നാരങ്ങ തൂങ്ങി നില്‍ക്കുന്ന മനോഹരമായ ഉദ്യാനമാണ് സഅദിന്‍െറ ‘ഗ്രീന്‍ ഫാം’. ചെറുതും വലുതുമായ നാരങ്ങ തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന ചെറിയ മരങ്ങള്‍. തോട്ടത്തിലെ നടപ്പാതയില്‍ ടൈല്‍സ് പാകി മോടി പിടിപ്പിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ സിമന്‍റ് ബെഞ്ചുകളുമുണ്ട്. 
ചിട്ടയായി നോക്കി നടത്തുന്ന തോട്ടത്തിന്‍െറ എല്ലാ ലക്ഷണങ്ങളും നിങ്ങള്‍ക്കീ പച്ച ഉദ്യാനത്തില്‍ കാണാം. മധുര നാരങ്ങക്ക് പുറമെ തമിഴ്നാട്ടില്‍ നിന്ന് വിരുന്നത്തെിയ വാഴകളും കുലച്ചു നില്‍ക്കുന്നു. മണ്ണില്‍ നിന്ന് അടരാന്‍ മടിച്ച് നില്‍ക്കുന്നപോലെ അധികം ഉയരമില്ലാത്ത വാഴത്തണ്ടില്‍ നിന്ന് താഴേക്ക് ചാഞ്ഞ് മണ്ണിനെ തൊട്ടുരുമ്മി നില്‍ക്കുന്ന കുലകള്‍ കണ്ണിന് കുളിര്‍മയേകും. കുലച്ചു നില്‍ക്കുന്ന വാഴകള്‍ ചൂണ്ടി സഅദിന്‍െറ സുഹൃത്ത് സാലിഹ് പറഞ്ഞു. ‘‘നിങ്ങളുടെ നാട്ടില്‍ നിന്ന് കടല്‍ കടന്ന് എത്തിയവരാണിവര്‍’’. തോട്ടത്തില്‍ അങ്ങിങ്ങായി ഈത്തപ്പനകളുമുണ്ട്. ചൂടു കഴിഞ്ഞ് തണുപ്പ് എത്തിയെങ്കിലും പനകളില്‍ ഇപ്പോഴും ചോര നിറത്തിലുള്ള പഴങ്ങളുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന നാരങ്ങകള്‍ സാലിഹിന്‍െറ തോട്ടത്തില്‍ ചിരിച്ചു നില്‍ക്കുന്നു. 
സുഗന്ധം പരത്തുന്ന റോസാപ്പൂക്കളുടെ ഉദ്യാനവുമുണ്ടിവിടെ. അതിഥികളായി എത്തുന്നവര്‍ക്ക് ചെറിയ പെട്ടികളില്‍ പഴങ്ങള്‍ നല്‍കുന്നു. ഇത് തയാറാക്കി നല്‍കാന്‍ പാകിസ്താനികളായ തൊഴിലാളികളുമുണ്ട്. ഹരീഖ് മധുര നാരങ്ങ ഉത്സവത്തിന്‍െറ ഭാഗമായി പരിസര പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയത്തെിയവര്‍ക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് സഅദ് അതിഥികളെ വരവേറ്റത്. തോട്ടത്തിലെ നടപ്പാതയില്‍ വിരിച്ച കാര്‍പെറ്റില്‍ ഒരു നാടു മുഴുവന്‍ നിരന്നിരുന്നു. ആവി പറക്കുന്ന ചോറിന് നടുവിലായി പാകം ചെയ്ത ഒട്ടകവും ആട്ടിറച്ചിയും. ഭക്ഷണത്തിന് ശേഷം മധുര പലഹാരങ്ങളും ധാരാളം. പ്രത്യേകം ക്ഷണിച്ചത്തെിയ അതിഥികളും അതി സമ്പന്നരായ അറബികളുമൊക്കെ തോട്ടം തൊഴിലാളികളോടൊപ്പം ഒന്നിച്ച് വട്ടം കൂടിയിരുന്ന് ഒരു പാത്രത്തില്‍ നിന്നുണ്ടു. മലയാളി കാഴ്ചകള്‍ക്ക് അധികം പരിചയമില്ലാത്ത വിരുന്നൂട്ടല്‍. ഇളം തെന്നലേറ്റ് ചിരി തൂകി നില്‍ക്കുന്ന പഴങ്ങള്‍ നിറഞ്ഞ തോട്ടത്തേക്കാള്‍ മനോഹരമായിരുന്നു ആ ദൃശ്യം. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.