സൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കും –തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദി ആരോഗ്യ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഫാര്‍മസികള്‍ സ്വദേശിവത്കരിക്കുമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ആരോഗ്യ മേഖല 100 ശതമാനവും സ്വദേശിവത്കരിക്കാനുള്ള മന്ത്രാലയത്തിന്‍െറ തീരുമാനം. സൗദി വിഷന്‍ 2030ന്‍െറ ഭാഗമായാണ് അടുത്ത ഘട്ടത്തില്‍ ആരോഗ്യ മേഖല സൗദിവത്കരിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ തീരുമാനം. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രാലയ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

ഫാര്‍മസികളില്‍ 15000 സ്വദേശി യുവതി, യുവാക്കളെ നിയമിക്കും. മൊബൈല്‍ കടകള്‍, വാഹന വില്‍പന വില്‍പന, റെന്‍റ് എ കാര്‍ എന്നീ മേഖലകളുടെ സ്വദേശിവത്കരണ പ്രഖ്യാപനത്തിന് പിറകെയാണ് ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ആരോഗ്യ മേഖല കൂടി സൗദികള്‍ക്ക് മാത്രമായി മാറുന്നത്. 2017 മധ്യത്തോടെ വാഹന വില്‍പന മേഖലയില്‍ സ്വദേശിവത്കരണം പൂര്‍ണമാവുമ്പോള്‍ 9,000 തസ്തികകള്‍ സ്വദേശികള്‍ക്ക് ലഭ്യമാവുമെന്നും തൊഴില്‍ മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി.

സ്വര്‍ണക്കടകള്‍, പച്ചക്കറി വിപണി എന്നിവയില്‍ നേരത്തേ സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ പൂര്‍ണമായ സംവരണം നടപ്പാക്കുമെന്നും മന്ത്രാലയ പ്രതിനിധി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.