റിയാദ്: നഗരത്തില്‍ നടപ്പാക്കുന്ന കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത സംവിധാനത്തിന്‍െറ ഭാഗമായി റിയാദ് ഡെവലപ്മെന്‍റ് അതോറിറ്റി പുറത്തിറക്കിയ ട്രാഫിക് ഗൈഡ് ആപ് ‘ദലീല റിയാദി’ന് സ്വീകാര്യതയേറുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ പ്ളേ സ്റ്റോര്‍, ഐഫോണ്‍ ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ് ഗൂഗ്ള്‍ നാവിഗേറ്ററിനെക്കാള്‍ കൃത്യത നല്‍കുന്നതാണ്. റിയാദ് മെട്രോ റെയിലിന്‍െറ നിര്‍മാണത്തിന് വേണ്ടി നഗരത്തിലെ മുഴുവന്‍ ട്രാഫിക് സംവിധാനങ്ങളും മാറ്റി മറിച്ചിരിക്കുന്നതിനാല്‍ ഈ സംവിധാനം നഗരത്തിനുള്ളില്‍ വാഹനമോടിക്കുന്ന എല്ലാവര്‍ക്കും അനുഗ്രഹമായി മാറുകയാണ്. ലോക്കല്‍ ട്രാഫിക് വിവരങ്ങള്‍ ഓരോ മിനുട്ടിലും അപ്ഡേറ്റ് ചെയ്യപ്പെടുന്നത് കൊണ്ടാണ് ഗൂഗിളിനെക്കാള്‍ സൂക്ഷ്മമായ കൃത്യത ‘ദലീല’ ആപ്പിനുണ്ടാവുന്നത്. ഗൈഡ് എന്നാണ് ദലീല എന്ന വാക്കിന്‍െറ അര്‍ഥം. അക്ഷരാര്‍ഥത്തില്‍ റിയാദ് നഗര ഗതാഗതത്തിന്‍െറ ഓണ്‍ലൈന്‍ ഗൈഡ് തന്നെയാണിത്. സുരക്ഷിതമായും വേഗത്തിലും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ വാഹനയാത്രക്കാരെ സഹായിക്കുന്ന ആപ് മെട്രോ നിര്‍മാണത്തിന്‍െറ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം എന്ന നിലയിലാണ് വികസിപ്പിച്ചത്. പൊതുഗതാഗത സംവിധാനത്തിന്‍െറ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകുന്നതുവരെ അതായത് അഞ്ചു വര്‍ഷ കാലയളവിലേക്കാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഗതാഗത സംവിധാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പായി കഴിഞ്ഞാല്‍ അതിനനുസൃതമായി പരിഷ്കരിക്കും. ചെറുതും വലുതുമായ മുഴുവന്‍ റോഡുകളേയും കവര്‍ ചെയ്യുന്ന സംവിധാനമാണ് ആപ്പിലുള്ളത്. 50,000ലേറെ സ്ഥല നാമങ്ങളോ ട്രാഫിക് പോയിന്‍റുകളോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. റോഡുകളിലെ വാഹന തിരക്കും ഒഴുക്കും തടസങ്ങളും അപ്പപ്പോള്‍ അറിയാനാകും. ഇതിനായി നാലു വര്‍ണങ്ങളാണ് സൂചകങ്ങളായി തെളിയുന്നത്. പച്ച വര്‍ണം സാധാരണ നിലയെ (Normal Traffic) സൂചിപ്പിക്കും. ഓറഞ്ച് ഇടത്തരം അവസ്ഥയേയും ചുവപ്പ് തിരക്കിനെയും ഇരുണ്ട ചുവപ്പ് കനത്ത തിരക്കിനേയും സൂചിപ്പിക്കും. റോഡ് അടച്ചതും അപകടങ്ങളുണ്ടായാല്‍ അതും അപ്പപ്പോള്‍ തെളിയും. വാഹനം അമിത വേഗതയിലാണെങ്കില്‍ അക്കാര്യവും ഡ്രൈവറെ ബോധ്യപ്പെടുത്തും. സഹര്‍ കാമറയില്‍ കുടുങ്ങുന്നിടത്തോളം വേഗത വര്‍ധിച്ചാലാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്്. മാര്‍ഗനിര്‍ദേശം അറബി, ഇംഗ്ളീഷ് ഭാഷകളില്‍ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. വഴി തെറ്റിയാല്‍ അപ്പോള്‍ തന്നെ പറഞ്ഞുതരും. പോസ്റ്റല്‍ അഡ്രസ്, സ്ട്രീറ്റിന്‍െറ പേര്, സ്ഥലപ്പേര് തുടങ്ങിയ ഏത് സൂചകങ്ങളും സെര്‍ച്ച് ചെയ്ത് എത്തിച്ചേരാനുള്ള ലക്ഷ്യം ആപ്പില്‍ സെറ്റ് ചെയ്യാം. റൂട്ട് മാപും ലൊക്കേഷനും ടെക്സ്റ്റ് മെസേജായും ഇമെയില്‍, ഫേസ്ബുക്ക്, വാട്സ് ആപ് വഴിയും ഷെയര്‍ ചെയ്യാം. www.riyadhmetro.com എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഇത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.