റിയാദ്: രാത്രിയില്‍ താമസ സ്ഥലത്ത് മലയാളികളെ കത്തിമുനയില്‍ കെട്ടിയിട്ട് കവര്‍ച്ച സംഘത്തിന്‍െറ വിളയാട്ടം. ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, സ്വര്‍ണം, പണം എന്നിവ കവര്‍ന്നു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയുടെ പിന്‍വശത്ത് അസീര്‍ സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഫവാസ് അല്‍ഹൊഖൈര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥരായ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി സജു, അഞ്ചല്‍ സ്വദേശി ഷിജു രമേശ്, മറ്റ് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഷാജി, പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി അലക്സ്, കലഞ്ഞൂര്‍ ഷിജു യോഹന്നാന്‍, തൃശൂര്‍ ബിനോയ് എന്നിവരാണ് കൊള്ളയടിക്ക് ഇരയായത്. ഇവരുള്‍പ്പെടെ ഏഴുപേരാണ് ഈ വില്ലയിലെ താമസക്കാര്‍. കോഴിക്കോട് സ്വദേശി അഭിലാഷ് ഈ സമയത്ത് പുറത്തായിരുന്നതിനാല്‍ അക്രമികളുടെ കൈയ്യില്‍പെടാതെ രക്ഷപ്പെട്ടു. രാത്രി 8.30ഓടെയാണ് ആഫ്രിക്കന്‍ വംശജരെന്ന് കരുതുന്ന അഞ്ചംഗ കവര്‍ച്ച സംഘം വില്ലയില്‍ അതിക്രമിച്ച് കടന്നത്. സമീപത്തെ കെട്ടിടം വഴി കയറി ടെറസിലേക്ക് ചാടിയതാകാമെന്നാണ് നിഗമനം. മുകളിലത്തെ നിലയിലുള്ളവരെയാണ് ആദ്യം ബന്ധികളാക്കിയത്. ഇറച്ചിക്കത്തികളാണ് സംഘത്തിന്‍െറ കൈയ്യിലുണ്ടായിരുന്നത്. ഇത് കാട്ടി വിരട്ടി ഓരോരുത്തരെയായി പ്ളാസ്റ്റിക് കയര്‍ കൊണ്ട് കൈകാലുകള്‍ ബന്ധിച്ച് മുകളിലെ മുറിക്കുള്ളിലാക്കുകയായിരുന്നു. കട്ടിലിലെ മത്തെ വലിച്ച് നിലത്തിട്ട് അതില്‍ ആറുപേരെയും കൊണ്ടുവന്ന് ഇരുത്തി. ശേഷം വില്ലയിലെ ഏഴ് മുറികളും പരതി ഐഫോണ്‍, സാംസങ്ങ് എന്നിവയടക്കമുള്ള ഏഴ് സ്മാര്‍ട്ട് ഫോണുകളും അഞ്ച് ലാപ്ടോപ്പുകളും 4000ത്തോളം റിയാല്‍ വില വരുന്ന കാനണ്‍ കാമറ, അഞ്ചു പവന്‍െറ സ്വര്‍ണ മാല, ഒരു വിവാഹ മോതിരം, 6000 സൗദി റിയാല്‍, താമസക്കാരുടെ എല്ലാവരുടെയും പഴ്സുകളില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ രൂപ എന്നിവയാണ് കവര്‍ന്നത്. ഇഖാമ, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളെല്ലാം അഭ്യര്‍ഥിച്ചപ്പോള്‍ തിരിച്ചുകൊടുത്തു. മിണ്ടിയാലോ എതിര്‍ത്താലോ വെട്ടും എന്നായിരുന്നു സംഘത്തിന്‍െറ ഭീഷണി.
രണ്ടു മണിക്കൂറോളം ഇവര്‍ മുറികള്‍ അരിച്ചുപെറുക്കി. മലയാളികള്‍ ഈ സമയമെല്ലാം ബന്ധികളായി കത്തിമുനയില്‍ കഴിയുകയായിരുന്നു.
ഒടുവില്‍ മുഴുവന്‍ അക്രമികളും മുകളില്‍ ഇവരെ ബന്ധിയാക്കിയിട്ട മുറിയിലത്തെി എടുത്ത പണവും സ്വര്‍ണവും ഫോണുകളും ലാപ്ടോപ്പുമെല്ലാം കാണിച്ച് ഇതെല്ലാം തങ്ങള്‍ എടുത്തതായി പറഞ്ഞു. പണം അവിടെ വെച്ച് എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് മുറിയുടെ താക്കോല്‍ ചോദിച്ചുവാങ്ങി, പുറത്തിറങ്ങി വാതില്‍ അടച്ച് താഴിട്ട് പൂട്ടി. ശേഷം താക്കോല്‍ വാതിലിന്‍െറ അടിയിലെ വിടവിലൂടെ അകത്തേക്കിട്ട് കൊടുത്തു. കൈയ്യിലെ കെട്ട് ഒരു വിധം അഴിച്ച് സ്വതന്ത്രരായ മലയാളികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
അപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പൊലീസത്തെി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ കമ്പനിയധികൃതരെ വിവരം അറിയിച്ചെന്നും അവരും വിഷയത്തില്‍ സജീവമായി ഇടപെടുകയാണെന്നും സജു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലുവര്‍ഷമായി ഇതേ വില്ലയില്‍ താമസിക്കുകയാണ്. ആദ്യമായാണ് ഇങ്ങിനെയൊരു അനുഭവമെന്നും സജു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.