പ്രധാന ഹൈവേകളില്‍ പെട്രോള്‍ പമ്പുകള്‍ നടത്താന്‍ ഏഴ് കമ്പനികള്‍ക്ക് അനുമതി

റിയാദ്: രാജ്യത്തെ പെട്രോള്‍ പമ്പുകളുടെയും അവയോട് അനുബന്ധിച്ചുള്ള വഴിയോര വിശ്രമസങ്കേതങ്ങളുടെയും നിലവാരമുയര്‍ത്താന്‍ കര്‍ശന നിര്‍ദേശം. നഗര-ഗ്രാമീണ കാര്യമന്ത്രാലയമാണ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കിയത്. ഉടന്‍ പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കാന്‍ മുഴുവന്‍ പ്രവിശ്യാ ഭരണകൂടങ്ങളോടും നഗരസഭകളോടും ആവശ്യപ്പെട്ടു. പ്രധാന ഹൈവേകളില്‍ പെട്രോള്‍ പമ്പുകളും വിശ്രമസങ്കേതങ്ങളും നടത്താന്‍ ഏഴ് വന്‍കിട കമ്പനികള്‍ക്ക് മന്ത്രാലയം അനുമതിയും നല്‍കി. എല്ലാ ഹൈവേകളുടെയും ഓരങ്ങളില്‍ നിശ്ചിത ദൂരപരിധിയിലാണ് പെട്രോള്‍ സ്റ്റേഷനുകള്‍ നിലവിലുള്ളത്. ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യനിര്‍വഹണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്റ്റേഷനോട് ചേര്‍ന്നുണ്ടാവണമെന്ന് നേരത്തെ തന്നെയുള്ള നിയമമാണ് ഇപ്പോള്‍ കര്‍ശനമാക്കിയത്. വാഹനങ്ങളുടെ സര്‍വീസിങ് സെന്‍റര്‍, പള്ളി, ടോയിലറ്റ്, ഗ്രോസറി ഷോപ്പ്, ഭക്ഷണശാല, വിശ്രമ കേന്ദ്രം എന്നിവയെല്ലാം ഓരോ സ്റ്റേഷനോടും ചേര്‍ന്നുണ്ടാവണം. പെട്രോള്‍ പമ്പിന്‍െറയും ഈ സൗകര്യങ്ങളുടെയും നിലവാരം എല്ലാ മാസവും പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. കൂടാതെ ഉപഭോക്താക്കളില്‍ നിന്ന് ഈ കേന്ദ്രങ്ങള്‍ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും അമിത ചാര്‍ജ് ഈടാക്കുന്നില്ളെന്നും വിലനിലവാരത്തില്‍ മിതത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കാറ്റഗറി എ, ബി കാറ്റഗറിയില്‍ പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എല്ലാം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ഭൂവിസ്തൃതി, പരിസര ശുചിത്വം, സാങ്കേതിക സൗകര്യം, സേവനങ്ങളുടെ നിലവാരം, വില, സൗകര്യങ്ങളുടെ പരിപാലനം എന്നിവ സംബന്ധിച്ചെല്ലാം കര്‍ശന മാനദണ്ഡങ്ങളാണുള്ളത്. ഇക്കാര്യങ്ങളെല്ലാം നഗരസഭകളുടെ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി പരിശോധിക്കണം. അതുപോലെ കൃത്യമായ ദൂരപരിധിക്കുള്ളില്‍ ആവശ്യമായ പെട്രോള്‍ സ്റ്റേഷനുകളില്ളെങ്കില്‍ പുതിയത് അനുവദിക്കാനുള്ള നടപടിയും സ്വീകരിക്കണം. പുതിയത് അനുവദിക്കുന്നതും കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാവണം. പ്രധാന ഹൈവേകള്‍ മാത്രമല്ല പ്രാദേശിക പാതകളുടെ ഓരങ്ങളിലുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും ഇതേ മാനദണ്ഡം തന്നെയാണ് ബാധകമെന്നും മന്ത്രാലയ വക്താവ് ഹമദ് അല്‍അമര്‍ അറിയിച്ചു. ഹൈവേകളിലെ മുഴുവന്‍ പെട്രോള്‍ സ്റ്റേഷനുകളുടെയും നടത്തിപ്പ് വ്യാപക ശൃംഖലകളുള്ള വലിയ കമ്പനികളെ ഏല്‍പിക്കാനുള്ള പുതിയ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഏഴ് കമ്പനികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിലവിലുള്ള സ്റ്റേഷനുകള്‍ നവീകരിക്കണം. കെട്ടിടങ്ങളുടെ ഘടന, രൂപകല്‍പന എല്ലാം പുതിയ നിബന്ധനകള്‍ പാലിച്ചാവണം. വൈദ്യുതി, ജലവിതരണ സംവിധാനം, സുരക്ഷ തുടങ്ങി എല്ലാം കുറ്റമറ്റ രീതിയിലാവണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പ്രധാന പാതയോരങ്ങളില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒറ്റപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിറുത്താന്‍ അതാത് നഗരസഭകള്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. ഉടന്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തിഗത സംരംഭമായ ഹൈവേയുടെ ഓരത്തുള്ള പെട്രോള്‍ പമ്പില്‍ ജീവനക്കാരനായ മലയാളി പറഞ്ഞു. മന്ത്രാലയം നിശ്ചയിച്ച പട്ടികയിലുള്ള കമ്പനികളുടേതല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പ്രധാന ഹൈവേകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ളെന്നാണ് അറിയുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.