ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു –നരേന്ദ്ര മോദി

റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഹ്രസ്വപ്രഭാഷണത്തിലാണ് ഇന്ത്യയുടെ സാധ്യതകളും പ്രതീക്ഷകളും പങ്കുവെച്ചത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അസ്ഥിരതയുള്ള ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ 30 വര്‍ഷത്തിനുശേഷം ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് അധികാരത്തിലുള്ളത്.

രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും സാമ്പത്തികവളര്‍ച്ചയുടെയും കാരണവും ഇതാണ്. ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും വളര്‍ച്ചയും വികസനവും ലക്ഷ്യമെന്ന സര്‍ക്കാര്‍ മുദ്രാവാക്യം ഏറ്റവും മഹത്തരമാണ്. അതുകൊണ്ടുതന്നെ ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ കാണുന്നത്.  രാജ്യത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരും ക്രിയാത്മകമായ പങ്കുവഹിക്കണമെന്ന് ഇന്ത്യന്‍ പൗരസമൂഹത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് മോദി തന്‍െറ പ്രസംഗം അവസാനിപ്പിച്ചത്.


ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് ചുരുങ്ങിയ വാക്കുകളില്‍ പ്രധാനമന്ത്രിയെ സ്വാഗതംചെയ്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട 700ഓളം പ്രവാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ശനിയാഴ്ച വൈകീട്ട് 5.20ന് റിയാദ് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ അഭിസംബോധന ചെയ്തത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എംബസി ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരും പരിപാടിക്കത്തെിയിരുന്നു. സംസാരം അവസാനിപ്പിച്ചതിനുശേഷം സദസ്സിലേക്കിറങ്ങിയ പ്രധാനമന്ത്രി ചെറുസംഘങ്ങളായി നിര്‍ത്തിയിരുന്ന ഇന്ത്യന്‍ പൗരസമൂഹത്തിനിടയില്‍നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി, ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹവുമായി കുശലാന്വേഷണം നടത്തി.


രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ‍യിലെത്തിയത്. ഉച്ചക്ക് 1.15ഒാടെ പ്രധാനമന്ത്രിയെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം റിയാദ് വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഇറങ്ങി. ശേഷം കിങ് സൗദ് ഗസ്റ്റ് പാലസിലെത്തിയ മോദിയെ ഇന്ത്യൻ എംബസി ഡി.സി.എം ഹേമന്ദ് കൊട്ടൽവാർ സ്വീകരിച്ചു. സൗദി ആസൂത്രണ വകുപ്പ് മന്ത്രി ആദിൽ ഫഖീർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

വിശ്രമത്തിന് ശേഷം വൈകിട്ട് 4.45ഒാടെ റിയാദ് ഗവര്‍ണറേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന സൗദിയുടെ പൗരാണിക ഭരണസിരാ കേന്ദ്രമായ മശ്മഖ് കോട്ട അദ്ദേഹം സന്ദര്‍ശിക്കും. ഇതിന് ശേഷം 5.20 മുതൽ 5.50 വരെ റിയാദിലെ ഇന്‍റര്‍ കോണ്‍ടിനന്‍റൽ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പൗരസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെ‍യ്യും. സുരക്ഷ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണമുള്ളതിനാൽ ക്ഷണിക്കപ്പെട്ട പ്രമുഖർ മാത്രമാണ് ഈ പരിപാടിയിൽ പങ്കെടുക്കുക.


6.15 മുതൽ 7.15 വരെ റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശം പ്രധാനമന്ത്രി സന്ദർശിക്കും. രാത്രി കിങ് അബ്ദുല്ല പെട്രോളിയം റിസര്‍ച്ച് സെന്‍ററില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഒരുക്കുന്ന വിരുന്നിൽ മോദി പങ്കെടുക്കും.

ഒമ്പത് മണിക്ക് സൗദിയിലെ പ്രമുഖരായ 30 വ്യവസായ സംരംഭകരുമായി മോദി ആശയവിനിമയം നടത്തും. ഇതിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, എൽ ആൻഡ് ടി ചെയർമാൻ, ടാറ്റ ചെയർമാൻ എന്നിവർക്കും പരിപാടിയിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ അടിസ്ഥാന വികസന മേഖലയിൽ നിക്ഷേപം നടത്താൻ സംരംഭകരെ മോദി ക്ഷണിക്കും.

ഞാ‍യറാഴ്ച ഉച്ചക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-സൗദി സൗഹൃദത്തിന്‍റെ ഭാഗമായി നിരവധി ധാരണപത്രങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും. വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.