മിനാ: ഇടുങ്ങിയ ക്രോസ് റോഡ് കയറി ജംറയിലേക്ക് എളുപ്പ വഴി തേടിയതാണ് നൂറുകണക്കിന് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമെന്ന് ദുരന്തമുണ്ടായ പ്രദേശത്തെ ഈജിപ്ത് തമ്പുകാരും മരണം മുഖാമുഖം കണ്ട് രക്ഷപ്പെട്ട ദൃക്സാക്ഷികളും പറയുന്നു. കടുത്ത വെയിലില്‍ മാര്‍ഗതടസ്സം വന്നു നില്‍പ് തുടരേണ്ടി വന്നതിനാല്‍ സൂര്യാഘാതത്തിലും തളര്‍ച്ചയിലുമാണ് പലരും മരിച്ചതെന്നും ദൃക്സാക്ഷിവിവരണങ്ങളില്‍ വ്യക്തമാവുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പലരും സമീപത്തെ തമ്പുകള്‍ക്ക് അകത്തേക്കും മുകളിലേക്കും കയറാന്‍ ശ്രമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 200 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ചെറിയ ക്രോസ് റോഡാണ് 223. കിങ് ഫഹദ് റോഡില്‍ നിന്ന് വരുന്നവര്‍ക്ക് ജംറയിലേക്ക് ഈ വഴിയും പോകാം. അങ്ങനെ വന്നവര്‍ 204 ാം നമ്പര്‍ റോഡിലേക്ക് വന്നു ചേര്‍ന്നപ്പോള്‍ തിരക്കുണ്ടായി. കൊടുംചൂടിലെ തിരക്കില്‍ പ്രായമായ ഹാജിമാര്‍ ബേജാറായി. തിരക്കു കൂടിയതോടെ പലരും സമീപത്തെ തമ്പു മതിലുകളിലേക്കും തമ്പുകളുടെ മുകളിലേക്കും കയറാന്‍ തുടങ്ങി. കുറേ തമ്പുകള്‍ തകരാനുള്ള കാരണം ഇതാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘ഉക്കാള്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. അറഫയില്‍ നിന്നു തലേന്നാള്‍ നടന്നു ക്ഷീണിച്ചത്തെിയ പ്രായം ചെന്നയാളുകള്‍ എളുപ്പവഴി സ്വീകരിക്കുകയും കടുത്ത ചൂടിലുണ്ടായ തിരക്കില്‍ തളര്‍ന്നു വീഴുകയുമാണ് ചെയ്തതെന്ന് തമ്പുകളിലെ ജീവനക്കാരനായ ഇംറാന്‍ ഇംറാന്‍ പറഞ്ഞു. പെരുന്നാള്‍ ദിനം മിനായിലുള്ള സാധാരണ തിരക്കേ രാവിലെ തുടക്കത്തില്‍ കണ്ടിരുന്നുള്ളൂ. പിന്നെപ്പിന്നെ അത് കൂടി വന്നു. പ്രായാധിക്യമുള്ള തീര്‍ഥാടകര്‍ തളര്‍ന്നു വീഴുന്നതു കണ്ടപ്പോള്‍ അവരെ തമ്പിനകത്തേക്ക് എടുത്തുകിടത്തി. പിന്നീട് തിരക്ക് ഏറിവന്നു കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ തമ്പുകളിലൊന്നിലെ കാവല്‍ക്കാരന്‍ ത്വയ്യിബ് ഹികമി പറഞ്ഞു.
അല്‍ജീരിയന്‍ തമ്പിലിരിക്കുകയായിരുന്ന ബഷീര്‍ ഏതൊക്കെയോ തീര്‍ഥാടകര്‍ തമ്പിനകത്തേക്ക് ഇരച്ചുകയറുന്നത് കണ്ട് പകച്ചുപോയി. പിന്നീട് ആളുകള്‍ പ്രാണരക്ഷാര്‍ഥം തമ്പുകളിലേക്ക് തുടരത്തുടരെ വന്നു കയറുന്നതാണ് കണ്ടത്. ഈജിപ്തില്‍ നിന്നുള്ള ഹാജി അഹ്മദും കൂട്ടുകാരും രാവിലെ ഏഴിനാണ് മുസ്ദലിഫയില്‍ നിന്നു തമ്പിലത്തെിയത്. പെട്ടെന്ന് തമ്പുകളുടെ ചുറ്റുപാടിലുമുള്ള റോഡുകളില്‍ വന്‍തിരക്കുണ്ടാകുന്നത് കണ്ടു.
തന്‍െറ ഓഫിസിനു മുന്നില്‍ നിന്നാണ് തിരക്ക് തുടങ്ങിയതെന്ന് ഈജിപ്തിന്‍െറ മൂന്നാം ബ്രാഞ്ച് ഓഫിസിന്‍െറ ചുമതലക്കാരനായ മുഹമ്മദ് അബ്ദുല്ല ഫൂദ പറയുന്നു. ‘‘രാവിലെ ഏഴിനു തന്നെ ഇതുവഴി കടന്നുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. എട്ട് - എട്ടരയായിക്കാണും തിരക്ക് ക്രമാതീതമായതോടെ പ്രായമായവര്‍ നിലത്തു വീഴാന്‍ തുടങ്ങി. ഇങ്ങനെ വീണുപോയവരില്‍ ചിലരെ ഞങ്ങള്‍ തമ്പുകള്‍ക്കുള്ളിലേക്ക് എടുത്തുകിടത്തി’’. ഇത്രയും കാലം ഈ വഴി ഇതുപോലൊരു തിരക്ക് ഉണ്ടാവാത്തതാണെന്ന് സഹോദരന്‍ അമീന്‍ അബ്ദുല്ല ഫൂദ പറഞ്ഞു. രണ്ടു വഴികളില്‍ നിന്നു വന്നവര്‍ കൂടിച്ചേരുന്നിടത്തുണ്ടായ വര്‍ധിച്ച തിരക്കാണ് കാരണം. എട്ടരയാകുമ്പോള്‍ തന്നെ ആ ഭാഗത്തെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതായി നിരവധി ഹാജിമാര്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വളണ്ടിയര്‍മാരോട് ആവലാതി ബോധിപ്പിച്ചിരുന്നുവെന്ന് ഈജിപ്തില്‍ നിന്നുള്ള സ്വകാര്യ ടൂര്‍ ഓപറേറ്ററായ ‘റുവ്വാദി’ന്‍െറ മേധാവി അശ്റഫ് വഹീദ് ഹസന്‍ പറഞ്ഞു. 204 റോഡിലുള്ളവര്‍ ക്രമം പാലിച്ചു തന്നെയാണ് നീങ്ങിയിരുന്നത്. എന്നാല്‍ കിങ് ഫഹദ് ഭാഗത്തെ റബ്വയില്‍ നിന്നു വന്നവര്‍ കൂടി ഇവര്‍ക്കൊപ്പം കൂടിച്ചേര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.