ഓരോ ഹജ്ജ് ദുരന്തവും കേരളത്തിലെ ഏതെങ്കിലും പ്രദേശത്തെയും കുടുംബങ്ങളെയും കണ്ണീരണിയിപ്പിക്കാറുണ്ട്. ഈ വര്‍ഷം നടന്ന രണ്ട് ഹജ്ജ് ദുരന്തങ്ങളിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ മാസം 11ന് മക്കയില്‍ മസ്ജിദുല്‍ ഹറാം വികസനജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന ക്രെയിനുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പാലക്കാട്ടെ കല്‍മണ്ഡപം മിനാനഗര്‍ കോളനിയിലെ മുഅ്മിന(29) മരണപ്പെട്ടിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ഹജ്ജിനിടെ മിനായിലെ തിക്കിലും തിരക്കിലും പെട്ടും രണ്ട് മലയാളികള്‍ മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഹജ്ജിനോടനുബന്ധിച്ചുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് 1990 ജൂലൈ രണ്ടിനുണ്ടായതിലാണ്.1426 പേര്‍ മരണപ്പെട്ടതില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
കോഴിക്കോട് ഫറോക്ക് കരുവന്‍തുരുത്തിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരും അവരുടെ ബന്ധുവുമാണ് മരിച്ചത്. കോതാര്‍തോട് പുതുക്കുടി കല്ലറക്കല്‍ വീട്ടില്‍ ബീഫാത്തുക്കുട്ടി ഹജ്ജുമ്മ, മക്കളായ അബ്ദു ഹാജി എന്ന അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഷീദ്, ഇവരുടെ ബന്ധുവായ വേങ്ങര പറപ്പൂര്‍ സ്വദേശി ഫാത്തിമക്കുട്ടി എന്നിവരും എളേറ്റില്‍ വട്ടോളി തോട്ടത്തില്‍ വീട്ടില്‍ ആദമുമാണ് മരിച്ച മലയാളികള്‍.
1998 ഏപ്രില്‍ ഒമ്പതിന് ജംറ പാലത്തിലുണ്ടായ അപകടത്തില്‍ 118 പേരാണ് തിക്കിലും തിരക്കിലുമായി മരിച്ചത്. ഇതില്‍ ഏഴ് മലയാളികളുടെ ജീവന്‍ നഷ്ടമായി.
കാസര്‍കോട് പടന്ന തെക്കേപ്പുറം സ്വദേശികളും ബന്ധുക്കളുമായ ജെ.എസ്.അബ്ദുല്‍ ഖൂദ്ദൂസിന്‍െറ ഭാര്യ മറിയുമ്മ, ഖുദ്ദൂസിന്‍െറ സഹോദരി ബീഫാത്തിമ, ബീഫാത്തിമയുടെ മാതൃ സഹോദരിയുടെ പുത്രന്‍ അബ്ദുല്‍ ഗഫൂറിന്‍െറ ഭാര്യ എസ്.വി.ജമീല, മംഗലാപുരം രക്ഷക് സെക്യൂരിറ്റി സര്‍വീസ്് ഉടമ പി.അബ്ദുല്ല എന്നിവരും പള്ളിക്കലകത്ത് അബ്ദുള്‍ അഹ്മദ്, കല്‍പകഞ്ചേരി വൈപ്പിപ്പാടത്ത് സുബൈര്‍, കണ്ണൂരിലെ പാനൂര്‍ എലാങ്കോട് പാലോളത്തില്‍ സഫിയ എന്നിവരാണ് ദുരന്തത്തില്‍പ്പെട്ടവര്‍.
1994 മേയ് 23ന് ജംറകളില്‍ കല്ളെറിയുന്നതിനിടെ തിരക്കില്‍പെട്ട് 270 പേര്‍ മരിച്ചവരില്‍ കണ്ണൂരിലെ ഡോ.മുഹമ്മദലിയുടെ ഭാര്യ ബീഫാത്തിമ ഉള്‍പ്പട്ടിരുന്നു. 2006 ജനുവരി 12ന് ജംറകളില്‍ കല്ളെറിയുന്നതിനിടെ തിരക്കില്‍പെട്ട് 364 പേര്‍ മരിച്ചതിലും അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടു. കോഴിക്കോട് മുക്കം നീലേശ്വരം താഴേക്കുന്നത്ത് ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍, പട്ടാമ്പിക്കു സമീപം ഓമല്ലൂര്‍ പാറപ്പുറം തീയാട്ടില്‍ മൊയ്തീന്‍കുട്ടി, ഭാര്യ ഉമ്മേരമ്മ, മലപ്പുറം മോങ്ങം ഒളമതില്‍ കോട്ടപ്പുറത്ത് മൂസയുടെ മകന്‍ സുലൈമാന്‍, വേങ്ങര മനാച്ചിപ്പറമ്പില്‍ കാമ്പകടവന്‍ ഹസന്‍ എന്നിവരാണ് മരിച്ചവര്‍.
1997 ഏപ്രില്‍ 15ന് മിനായില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് തീര്‍ഥാടകര്‍ തങ്ങിയ ടെന്‍റുകളില്‍ തീ പടര്‍ന്ന് 343 പേര്‍ മരിച്ചതിലും രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടു.
കോഴിക്കോട് കിണാശ്ശേരി എം.ടി. മമ്മദ്കോയ,കോഴിക്കോട് ചെമ്മങ്ങാടെ മേല വീട്ടില്‍ ആയിശബി എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ നിരവധി മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.