മിനായില്‍ കാണാതായ മലയാളികള്‍ക്കായി പ്രാര്‍ഥനയോടെ...

കോഴിക്കോട്/മലപ്പുറം/കോട്ടയം: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാണാതായത് 18 മലയാളികളെ. കോഴിക്കോട്, മലപ്പുറം, പൊന്നാനി, കോട്ടയം ഏറ്റുമാനൂര്‍, കൊല്ലം കടയ്ക്കല്‍ സ്വദേശികള്‍ കാണാതായവരില്‍ പെടും. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
മലപ്പുറം കോട്ടപ്പടി ബൈപാസിന് സമീപം ചെകിടപ്പുറത്ത് കുഞ്ഞിമുഹമ്മദിന്‍െറയും നബീസയുടെയും മകന്‍ സമീറിനെ (38) വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റസ്ലിയെ (30) പരിക്കുകളോടെ കണ്ടത്തെി. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായി ജോലി ചെയ്യുന്ന സമീര്‍ ഭാര്യയോടൊപ്പം ജിദ്ദയിലെ സ്വകാര്യ ഗ്രൂപ് വഴിയാണ് ഹജ്ജിന് പുറപ്പെട്ടത്. ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ കുഴിപ്രം സ്വദേശി സി.കെ. ഇബ്രാഹീം ഹാജിയും ഭാര്യാമാതാവ് ഖദീജയും കേരളത്തില്‍നിന്ന് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനായത്തെിയിരുന്നു. ഇവരുടെ കൂടെ ഹജ്ജ് നിര്‍വഹിക്കാനായാണ് ഇരുവരും ജിദ്ദയില്‍നിന്നത്തെിയത്. മക്കയില്‍വെച്ച് ഇവര്‍ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍, പ്രായമുള്ളവരായതിനാല്‍ ഭാര്യാപിതാവും മാതാവും തിരക്കേറിയ പകല്‍ സമയത്ത് ജംറയില്‍ കല്ളെറിയാന്‍ പോയിരുന്നില്ല. സമീറും റസ്ലിയും ജംറത്തുല്‍ അഖബയിലേക്ക് നീങ്ങുകയും ചെയ്തു. ഒപ്പമായിരുന്ന ഇരുവരും തിരക്കില്‍പെട്ടതോടെ വേര്‍പെട്ടു. താന്‍ വീഴുംമുമ്പ് ഭര്‍ത്താവ് അല്‍പം ഉയരമുള്ള സ്ഥലത്ത് നില്‍ക്കുന്നത് കണ്ടിരുന്നുവെന്നാണ് റസ്ലി ബന്ധുക്കളെ അറിയിച്ചത്. അപകടത്തില്‍പ്പെട്ട റസ്ലിയെ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടത്തൊനായത്. ഇവരെ മാതാപിതാക്കളുടെ ടെന്‍റിലാക്കിയിരിക്കുകയാണ്.
സമീറിന്‍െറ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പിന്നീട് വിവരം ലഭിച്ചിട്ടില്ല. 15 വര്‍ഷം മുമ്പാണ് സമീര്‍ ജിദ്ദയിലത്തെിയത്. ഭാര്യ റസ്ലി, മക്കളായ അന്‍സില്‍ സമീര്‍ (ആറ്), ആദില്‍ സമീര്‍ (നാല്) എന്നിവരടങ്ങുന്ന കുടുംബം ജിദ്ദയിലാണ് താമസം. അന്‍സില്‍ സമീര്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്. സമീറിന്‍െറ സഹോദരി സലീനയും ജിദ്ദയില്‍തന്നെയാണ് താമസം. ജിദ്ദ എംബസി സ്കൂളിലെ അധ്യാപികയായ ഇവരുടെയടുത്ത് മക്കളെ നിര്‍ത്തിയാണ് സമീറും റസ്ലിയും ഹജ്ജിന് പോയത്.
പൊന്നാനി ഉറൂബ് നഗറില്‍ താമസിക്കുന്ന പുതുവീട്ടില്‍ കുഞ്ഞിമോനെ (55) കാണാതായെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. റിയാദിലെ അല്‍അസീസ് പെയിന്‍റ്സ് മാനുഫാക്ചറിങ് കമ്പനിയിലെ പര്‍ച്ചേസ് വിഭാഗം ജീവനക്കാരനാണ് കുഞ്ഞിമോന്‍. റിയാദിലെ ദാറുല്‍ഹുദാ ഗ്രൂപ്പിലാണ് കുഞ്ഞിമോന്‍ ഹജ്ജിന് പോയത്. ആദ്യമായാണ് ഹജ്ജിന് പോവുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഭാര്യ ജമീലയും ജിദ്ദയിലുള്ള മകന്‍ സജീറും കൂടി കുഞ്ഞിമോനോടൊപ്പം ഉംറ ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് മിനായില്‍നിന്ന് കുഞ്ഞിമോന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
കൊല്ലം പേഴുംമൂട് മണ്ണറക്കോട് ഷിഫില്‍ മന്‍സിലില്‍ അബ്ദുല്‍ കലാമിന്‍െറ ഭാര്യ ലൈലാബീവി (58), മകന്‍ സുല്‍ഫിക്കര്‍ മുസ്ലിയാര്‍ (34) എന്നിവരെയാണ് കാണാതായത്. അബ്ദുല്‍ കലാമും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അബ്ദുല്‍ കലാം ഹജ്ജ് ക്യാമ്പില്‍ മടങ്ങിയത്തെിയതായി വെള്ളിയാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. സുല്‍ഫിക്കര്‍ വര്‍ഷങ്ങളായി കുടുംബസമേതം റിയാദിലാണ്. ഹജ്ജ് കര്‍മങ്ങള്‍ക്ക് ആളുകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നു. നാലുമാസം മുമ്പാണ് കലാമും ലൈലാബീവിയും സൗദിയിലേക്ക് പോയത്. ആശുപത്രികളില്‍ കയറി അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സൗദിയിലുള്ളവര്‍ പറഞ്ഞതായി സുല്‍ഫിക്കറിന്‍െറ ജ്യേഷ്ഠന്‍ ഷിഫിലുദ്ദീന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏറ്റുമാനൂര്‍ മറ്റം കവലക്ക് സമീപം കറുകച്ചേരില്‍ സജീവ് ഉസ്മാനെയും (46) ഭാര്യ സിനിയെയും (38) കാണാതായിട്ടുണ്ട്. സജീവിനും ഭാര്യക്കും അപകടത്തില്‍ സാരമായി പരിക്കേറ്റുവെന്നാണ് വിവരം. ഇവര്‍ മരിച്ചതായി പ്രമുഖ ചാനലുകളില്‍ വാര്‍ത്ത വന്നെങ്കിലും എംബസി വഴി നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ ലിസ്റ്റില്‍ ഇവരുടെ പേരില്ളെന്ന്  അറിഞ്ഞു.
ഫറോക്ക് കല്ലമ്പാറ രിഫാഇ മസ്ജിദിനു സമീപം കുളങ്ങര വീട്ടില്‍ ബഷീര്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ മുനീര്‍ (38), ഭാര്യ കൊളത്തറ റഹ്മാന്‍ ബസാര്‍ സി.എം. ഹുസൈന്‍ കോയയുടെ മകള്‍ സബിനാസ് (33), മകന്‍ ഫാഇസ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവര്‍ റിയാദില്‍നിന്നാണ് ഹജ്ജിനു പോയത്. അറഫദിനത്തില്‍ ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പെരുന്നാള്‍ ദിവസം ബന്ധുക്കള്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ ഇരുവരും ഫോണ്‍ എടുത്തില്ല. മുനീറിന്‍െറ ഫോണ്‍ റിങ്ചെയ്യുന്നുണ്ടെങ്കിലും ഭാര്യയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
റിയാദ് ബത്തയിലെ ഓട്ടോമാറ്റിക് ഡോര്‍ ഫിറ്റിങ് കമ്പനിയായ റാന്‍റം ബോസില്‍ പര്‍ച്ചേസ് മാനേജറാണ്  മുനീര്‍. ഏഴുവര്‍ഷമായി കുടുംബവുമൊത്ത് റിയാദില്‍ സ്ഥിരതാമസമാണ്. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നു തിരിച്ചുപോയതാണ്. മറ്റു മക്കളായ മുഹമ്മദ് ഫാദില്‍ (12), ഫാത്തിമ ദിന (ഏഴ്), മുഹമ്മദ് ഫാസ് (അഞ്ച്) എന്നിവരെ അബഹയിലെ ബന്ധുവിന്‍െറ അടുത്താക്കിയാണ് ഇവര്‍ ഹജ്ജിനു പോയത്. മുനീറിന്‍െറ സഹോദരന്‍ റഷീദും ദമ്മാമില്‍നിന്ന് ഹജ്ജിനത്തെിയിരുന്നു. ഇയാളുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെട്ടുവരുകയാണ്. കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നു. മുനീറിന്‍െറ മാതാവ്: നബീസ. സഹോദരി: സജിന. സബിനാസിന്‍െറ മാതാവ്: ജമീല. സഹോദരങ്ങള്‍: നിയാസ്, ഹാരിസ്, ഷഹനാസ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.