പരിഭ്രാന്തിയില്‍ റിയാദിലെ ഇന്ത്യന്‍ സമൂഹവും

റിയാദ്: മിനാ ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയരുന്നതിനിടെ റിയാദിലെ ഇന്ത്യന്‍ സമൂഹവും പരിഭ്രാന്തിയിലായി. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാഗത്താണ് ദുരന്തമുണ്ടായത് എന്നതിനാല്‍ ഇന്ത്യക്കാരെയൊന്നും ബാധിച്ചിട്ടില്ളെന്ന ആശ്വാസത്തിലായിരുന്നു ആദ്യം. എന്നാല്‍ വ്യാഴം വൈകിട്ടോടെ തന്നെ മരിച്ചവരില്‍ മലയാളികളും ഉണ്ടെന്ന വിവരം വന്നതോടെ ആശങ്ക പരക്കാന്‍ തുടങ്ങി. റിയാദിലുള്ള ഹജ്ജ് ഗ്രൂപ്പുകളെയെല്ലാം അറബ് രാജ്യങ്ങളുടെ ഗണത്തിലാകും പെടുത്തുകയെന്നതിനാല്‍ ആശങ്കക്ക് കനംവെച്ചു. 
കാണാതായ മലയാളികളില്‍ അധികവും റിയാദില്‍നിന്ന് കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ഹജ്ജിന് പോയവരായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി സജീബ് ഉസ്മാനെയും ഭാര്യയെയും കാണാനില്ളെന്ന വാര്‍ത്തയാണ് ആദ്യമത്തെിയത്. പിന്നാലെ റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സാന്നിധ്യമായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദുറഹ്മാന്‍െറ (51) തിരോധാന വിവരം വന്നു. ഭാര്യ സുലൈഖക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. റിയാദ് ന്യൂസനയ്യയിലെ ഫര്‍ണിച്ചര്‍ കമ്പനിയിലെ ജീവനക്കാരനാണ്. മൂന്നു മക്കളുണ്ട്. 
പ്രമുഖ പാര്‍സല്‍ സര്‍വീസ് കമ്പനിയായ എസ്.എം.എസ്.എ എക്സ്പ്രസിലെ സൂപ്പര്‍വൈസറാണ് കാണാതായ അതിരമ്പുഴ സ്വദേശി സജീബ് ഉസ്മാന്‍. റിയാദിലെ ദറഇയ്യ വില്ളേജിലാണ് താമസം. ഭാര്യ സിനി, മക്കളായ ഇര്‍ഫാന്‍, ആദില്‍ എന്നിവര്‍ക്കൊപ്പം ശനിയാഴ്ചയാണ് ഇവര്‍ ഹജ്ജിന് പുറപ്പെട്ടത്. അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇര്‍ഫാന്‍ ഇന്ത്യന്‍ സ്കൂള്‍ 12ാം ക്ളാസ് വിദ്യാര്‍ഥിയും സഹോദരന്‍ ആദില്‍ യാര ഇന്‍റര്‍നാഷണല്‍ സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിയുമാണ്. കുട്ടികള്‍ രണ്ട്പേരും സജീബിന്‍െറ സഹോദരന്‍ ഷുക്കൂറിനൊപ്പം സുരക്ഷിതരാണെന്നും ദമ്പതികളെ കുറിച്ച് ഇന്നലെ വൈകിയും കൃത്യമായുള്ള വിവരം ലഭ്യമായിട്ടില്ളെന്നും സുഹൃത്തും അയല്‍വാസിയുമായ അഷ്റഫ് എടത്തനാട്ടുകര പറഞ്ഞു. 
കാണാതായ കോഴിക്കോട് ഫറോഖ് കല്ലമ്പാറ സ്വദേശി മുനീര്‍ റിയാദിലെ ഉലയ്യയയില്‍ റോളക് കമ്പനിയില്‍ ജീവനക്കാരനാണ്. ഇദ്ദേഹത്തിന്‍െറ ഭാര്യ നല്ലളം ബസാര്‍ സ്വദേശിനി ഷബ്നാസ്, മകന്‍ ഫാഇസ് എന്നിവരെകുറിച്ചും വിവരങ്ങളില്ല. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുജീബ് റഹ്മാനാണ് കാണാതായ മറ്റൊരു മലയാളി. എക്സിറ്റ് അഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എല്‍ സെല്‍ഫ് കമ്പനിയില്‍ എന്‍ജിനീയറായി ജോലിനോക്കുന്ന മുജീബ് അപകടം നടന്ന ദിവസം മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് പോകുന്ന വഴി ബന്ധുക്കളുമായി ടെലഫോണില്‍ ബന്ധപ്പെട്ടതാണെന്നും പിന്നീട് ഒരു വിവരവും ഇല്ളെന്നും റിയാദിലെ സുഹൃത്തുക്കള്‍ അറിയിച്ചു .റിയാദിലെ ഹെര്‍ഫി ഫുഡ്സ് കമ്പനിയിലെ റസ്റ്റോറന്‍റ് മാനേജറായ കരുനാഗപ്പള്ളി സ്വദേശി ശാഫി കടയില്‍, ഭാര്യ ആമിന, പട്ടാമ്പി സ്വദേശി അബൂബക്കര്‍, ഭാര്യ ഹൈറുന്നീസ,  പൊന്നാനി സ്വദേശി  പുതുവീട്ടില്‍ കുഞ്ഞിമോന്‍  എന്നിവരും മിനായില്‍നിന്ന് കാണാതായവരില്‍ പെടും. റിയാദില്‍ നിന്ന് പുറപ്പെട്ട 19ഓളം തീര്‍ഥാടകരെ കുറിച്ചാണ് ഇനിയും വിവരം ലഭിക്കാനുള്ളത്. സുഹൃത്തുക്കളൂം ബന്ധുക്കളുമായ ഹാജിമാരുമായി പലരും പലവിധത്തില്‍ ബന്ധപ്പെടന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണില്‍ ലഭ്യമാകാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടതിനൊപ്പം പലര്‍ക്കും മൊബൈല്‍ ഫോണ്‍ നഷ്ടമായതും ചാര്‍ജ് തീര്‍ന്ന് മൊബൈല്‍ പ്രവര്‍ത്തന രഹിതമായതും ആശയവിനിമയം നഷ്ടപ്പെടുത്തുന്നുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.