അഫീഫില്‍ വാഹനാപകടം; അഞ്ച് ഹാജിമാര്‍ മരിച്ചു

അഫീഫ്: ഖസീം - മക്ക ഹൈവേയിലെ അഫീഫിനടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അഞ്ച് ഹാജിമാര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. 
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അമിതവേഗതയില്‍ വന്ന വാഹനം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന റോഡിന്‍െറ ഭാഗത്ത് ഇടിച്ചിറങ്ങി പല വട്ടം മറിയുകയായിരുന്നു. വാഹനം ഓടിച്ച ഡ്രൈവര്‍, ഒരു സുഡാന്‍ പൗരന്‍, മൂന്നു പാകിസ്താന്‍ പൗരന്മാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം പാകിസ്താന്‍കാരാണ്. 
വാഹനങ്ങള്‍ കുറവായ വിദൂരറോഡില്‍ രാത്രി രണ്ടിന് നടന്ന അപകടം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത് തിങ്കളാഴ്ച രാവിലെ ഏഴിനാണ്. ആംബുലന്‍സിന്‍െറ നമ്പര്‍ അറിയാത്തതും അതുവഴി വാഹനങ്ങള്‍ കടന്നുപോകാതിരുന്നതും കാരണം മൃതദേഹങ്ങളും പരിക്കേറ്റവരും റോഡില്‍ കിടന്നു. രാവിലെ അപകടം കണ്ട ഒരു കാല്‍നടക്കാരനാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് റെഡ്ക്രസന്‍റ് ആംബുലന്‍സ് എത്തി മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.