ഹജ്ജ് അരികെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മക്ക: ഹജ്ജ് വിളിപ്പാടകലെ നില്‍ക്കെ, സൗദി ഭരണകൂടത്തിന്‍െറ വിവിധ വകുപ്പുകള്‍ മക്കയിലെയും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച തമ്പുകളുടെ നഗരിയായ മക്കയില്‍ തീര്‍ഥാടകപ്രവാഹം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമാകും. നാളെ രാത്രിയോടെ തന്നെ തിരക്കൊഴിവാക്കാനുള്ള തിടുക്കത്തില്‍ വിവിധ ഹജ്ജ് മിഷനുകള്‍ ഹാജിമാരുടെ യാത്ര ക്രമീകരിച്ചു തുടങ്ങും. അതിനുള്ള എല്ലാ ഒരുക്കങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കി. അടിയന്തരഘട്ടങ്ങളെ മനുഷ്യസാധ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും നേരിടുമെന്ന് വിവിധ സേനാ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സുരക്ഷാവകുപ്പും സിവില്‍ ഡിഫന്‍സും ആരോഗ്യമന്ത്രാലയവും അന്തിമപ്രഖ്യാപനം നടത്തി. നിയമവിരുദ്ധ തീര്‍ഥാടകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് സുരക്ഷാവിഭാഗം ആവര്‍ത്തിച്ചു. അനുമതി പത്രമില്ലാത്ത ഹജ്ജും പുണ്യസ്ഥലങ്ങളിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റവും നിര്‍ദാക്ഷിണ്യം നേരിടുമെന്ന് സുരക്ഷാവൃത്തങ്ങള്‍ വീണ്ടും താക്കീത് നല്‍കി. ഈ മുന്നറിയിപ്പ് സന്ദേശങ്ങള്‍ എസ്.എം.എസ് സന്ദേശമായി വ്യാപകമായി പ്രചരിപ്പിച്ചു വരികയാണ്. തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലും സഞ്ചാരപഥങ്ങളിലും സേവനനിരതരായ മുഴുവന്‍ വിഭാഗങ്ങളും സുരക്ഷാക്രമീകരണങ്ങള്‍ അക്ഷരം പ്രതി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ ബിന്‍ അബ്ദുല്ലാ അല്‍ അംറ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെ ശക്തമായി നേരിടാനും ഏതു വിപത്ഘട്ടത്തെയും തീര്‍ഥാടനത്തെ ബാധിക്കാത്ത വിധം വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ മറികടക്കാനും പുണ്യസ്ഥലങ്ങളുടെ വിവിധ മേഖലകളില്‍ നിയോഗിക്കപ്പെട്ട ടീം ലീഡര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 
അതിനിടെ, ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും മക്കയിലത്തെി. റാഞ്ചിയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ജിദ്ദയിലത്തെി. ഇതോടെ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 99,792 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ 36,000 പേരും പുണ്യഭൂമിയിലുണ്ട്. കഴിഞ്ഞ മാസം 16 നാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് തുടക്കം കുറിച്ചത്.  വിവിധ സംസ്ഥാനങ്ങളിലെ  21 വിമാനത്താവളങ്ങളില്‍ നിന്നായി  സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ 338 സര്‍വീസുകള്‍ നടത്തിയാണ് ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ഥാടകരെ സൗദിയിലത്തെിച്ചത്. മദീന വിമാനത്താവളം വഴിയാണ് കൂടുതല്‍ തീര്‍ഥാടകരും എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ പരാതികള്‍ ഇല്ലാതെയാണ് ഹജ്ജ് വിമാന സര്‍വീസുകളുടെ ഒന്നാം ഘട്ടം  അവസാനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. ഈ വര്‍ഷത്തെ ഹാജിമാരില്‍ 13,000 ത്തോളം പേര്‍ 70 വയസ്സിനു മുകളിലുള്ളവരാണ്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നടക്കം 6,670 പേരാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍. 
ക്രെയിന്‍ ദുരന്തത്തില്‍പ്പെട്ട 12 പേരടക്കം 69 പേര്‍ പുണ്യഭൂമിയില്‍ വെച്ച് മരിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഹജ്ജ് നിര്‍വഹിക്കുന്നതിനാവശ്യമായ അവസാന വട്ട ഒരുക്കത്തിലാണ് ഹജ്ജ് മിഷന്‍. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങിലേക്കുള്ള മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകളുടെയും ബലികര്‍മം നടത്തുന്നതിനുള്ള കൂപ്പണുകളുടെയും വിതരണം നടന്നുവരുന്നു.  ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ മാസം 21 ന് രാത്രി ഹാജിമാര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങും.
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിന്‍െറ ഭാഗമായി എത്തിയ പാര്‍ലമെന്‍റ് അംഗം മഹ്ബൂബ മുഫ്തി, മധ്യപ്രദേശില്‍ നിന്നുള്ള അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ നടക്കുന്ന മക്കയിലെ പ്രധാന ആശുപത്രികളിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.  കോണ്‍സല്‍ ജനറല്‍ ബി. എസ്. മുബാറക്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, മക്ക ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് അബ്ദുസ്സലാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന രോഗികളോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം ആശുപത്രിയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.  
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.