ഊരുവിലക്കിനെതിരെ പ്രോസിക്യൂഷന്‍ നടപടി - വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ജിദ്ദ: മഹല്ല് ജമാഅത്തുകളില്‍ നിന്ന് വ്യക്തികളെ ഊരുവിലക്കുകയും പള്ളി ശ്മശാനങ്ങളില്‍ ഇടം നിഷേധിക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ളെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. ഒരു വ്യക്തിയെ മഹല്ലില്‍ നിന്നു ഊരുവിലക്കാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ല. ഇത്തരം നടപടി ഒരു നിയമസംവിധാനവും അനുവദിക്കില്ല. ഊരുവിലക്കിയാല്‍ കമ്മിറ്റിക്കെതിരെ ബോര്‍ഡ് തന്നെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും അടുത്തിടെ എടപ്പാളില്‍ നടന്ന ശ്മശാന വിലക്ക് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗദി രാജാവിന്‍െറ അതിഥിയായി ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. എടപ്പാള്‍ കേസിനു മുമ്പുതന്നെ രണ്ടു മൂന്നു കേസുകളില്‍ വേറെയും വിധി വന്നിരുന്നു. കേരളത്തില്‍തെക്കന്‍ ജില്ലകളിലാണ് ഊരുവിലക്ക് കൂടുതല്‍. എടപ്പാളിനു പിന്നാലെ കൊല്ലത്തും ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവമുണ്ടായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഭാരവാഹികളെ തിരുത്തിക്കുകയായിരുന്നു. 
വഖഫ് ബോര്‍ഡില്‍ മുസ്ലിം സമുദായത്തിലെ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടെന്നും അവിടെ നീതിക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ രാഷ്ട്രീയപാര്‍ട്ടിക്കും മതസംഘടനക്കും അതീതനാണ്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായേ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. മറ്റു ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കില്ല. അതിന്‍െറ അടിസ്ഥാനത്തിലാണ് എടപ്പാള്‍ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഒരു മുസ്ലിം മരിച്ചാല്‍ ഖബറടക്കേണ്ടത് സമുദായത്തിന്‍െറ പൊതുബാധ്യതയാണ്. അത് നിറവേറ്റാന്‍ മുസ്ലിംകള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം. എന്നാല്‍ പള്ളിക്കു കൊടുക്കേണ്ട വരിസംഖ്യ, മയ്യിത്ത് സംസ്കരണ ചെലവ് എന്നിവ കക്ഷികള്‍ വകവെച്ചു കൊടുക്കുകയും വേണം. ഇക്കാര്യത്തില്‍ പള്ളിക്കമ്മിറ്റിയെ ധിക്കരിക്കാന്‍ പറ്റില്ല. ഇങ്ങനെ പരസ്പരധാരണയോടു കൂടിയുള്ള പ്രവര്‍ത്തനമാണ് മഹല്ലുകളില്‍ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
മുസ്ലിം വേള്‍ഡ് ലീഗ് സംഘടിപ്പിച്ച ഹജ്ജ് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. പുതുമാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ചായിരുന്നു ചര്‍ച്ച. ദുരുപയോഗം കൂടുതലായ ഇക്കാലത്ത് ആ വിഷയത്തില്‍ സമുദായത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ മുസ്ലിം സംഘടനകളെ വിളിച്ചുചേര്‍ത്ത് ബോധവത്കരണത്തിന് വഖഫ് ബോര്‍ഡ് ആലോചിക്കും. മുസ്ലിം പേര് കേട്ടാല്‍ തന്നെ തീവ്രവാദം, ഭീകരവാദം എന്നൊക്കെ കൂട്ടിപ്പറഞ്ഞു വരുന്ന കാലമാണിത്. ഐ.എസ് എന്നതില്‍ തന്നെ ദുരൂഹതകളുണ്ട്്. ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണത്തിന് പ്രസക്തിയുണ്ട് - റശീദലി തങ്ങള്‍ പറഞ്ഞു.
പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ മതസംഘടനകളുടെയും ഒരു യോഗം ബോര്‍ഡ് റമദാനു മുമ്പ് വിളിച്ചുചേര്‍ത്തിരുന്നു. മുസ്ലിം ഉദ്യോഗസ്ഥര്‍ പള്ളിക്കമ്മിറ്റി ഭാരവാഹിത്വം ഒഴിയണമെന്നൊരു ഗവണ്‍മെന്‍റ് ഓര്‍ഡറുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി വ്യവഹാരങ്ങളാണിപ്പോള്‍ ബോര്‍ഡിനു മുന്നില്‍ കാര്യമായി വരുന്നത്. താന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ അഞ്ഞൂറോളം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരു ദിവസം 80 - 90 കേസുകളാണ് വാദം കേള്‍ക്കുക. അതില്‍ അഞ്ചിലെങ്കിലും വിധി പറഞ്ഞാല്‍ ഭാഗ്യം. ബാക്കിയെല്ലാം പേരിനു മാത്രം കേട്ട് നീട്ടിവെക്കുകയാണ് ചെയ്യുന്നത്. അതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. ഇങ്ങനെയുള്ള നിയമവ്യവഹാരങ്ങളില്‍ കെട്ടിക്കുരുങ്ങുന്നതിനു പകരം വഖഫ് സ്വത്തുക്കള്‍ എങ്ങനെ സമുദായത്തിന്‍െറ ഉന്നമനത്തിനു വിനിയോഗിക്കാന്‍ കഴിയുമെന്നും മറ്റും ആലോചിക്കണം. വിദ്യാഭ്യാസരംഗത്ത് ദേവസ്വം ബോര്‍ഡിനുള്ള റോളൊന്നും വഖഫ് ബോര്‍ഡിന് ഇല്ല. എല്ലാ മതസംഘടനകള്‍ക്കും പ്രാതിനിധ്യമുള്ള, സാമ്പത്തികവരുമാനമുള്ള, നിയമപരമായ പദവിയുള്ള വേദിയാണ് ബോര്‍ഡ്. അതുവെച്ച് വിദ്യാഭ്യാസപുരോഗതിക്കും മറ്റും മുന്‍കൈയെടുക്കണമെന്ന് ആഗ്രഹമുണ്ട്. 
ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ധാരണയോടെ ഇതര വിഭാഗങ്ങളുടെ വിശ്വാസങ്ങളും വികാരങ്ങളും മാനിച്ചും പരിഗണിച്ചുമുള്ള നയസമീപനമാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടത്. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ പൊരുള്‍ അതാണ്. അതേസമയം അവകാശങ്ങളെല്ലാം വകവെച്ചു കിട്ടുകയും വേണം. ഇപ്പോള്‍ പല പള്ളികള്‍ക്കും ലൈസന്‍സ് കിട്ടാത്ത പ്രശ്നമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയും മറ്റു വകുപ്പുകളെയും സമീപിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.