മക്ക: ഹാജിമാരുടെ ആരോഗ്യസുരക്ഷക്ക് വിദഗ്ധ ചികിത്സ സൗകര്യങ്ങള്‍ മുതല്‍ ബോധവത്കരണം വരെയുള്ള മനുഷ്യസാധ്യമായ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കര, നാവിക, വ്യോമമാര്‍ഗങ്ങളില്‍ എത്തുന്ന മുഴുവന്‍ തീര്‍ഥാടകരെയും പകര്‍ച്ചവ്യാധിയില്‍ നിന്നു സുരക്ഷിതമാക്കി നിര്‍ത്തുന്നതിന് 15 നിരീക്ഷണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ഹജ്ജ് സീസണില്‍ രാജ്യത്തെ വേട്ടയാടുന്ന കൊറോണ വൈറസ് ബാധക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഒൗദ്യോഗികവക്താവ് ഫൈസല്‍ ബിന്‍ സഈദ് അസ്സഹ്റാനി വ്യക്തമാക്കി. മുത്വവ്വിഫ് സ്ഥാപന മേധാവികള്‍ക്കും വൈദ്യസംഘങ്ങള്‍ക്കും സംശയാസ്പദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. മെര്‍സ് രോഗവുമായി ബന്ധപ്പെട്ട ഏതു കേസുണ്ടായാലും ഇവര്‍ക്ക് ഹോട്ട്ലൈനില്‍ ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കി.
പകര്‍ച്ചവ്യാധി വിഷയത്തില്‍ ബോധവത്കരണത്തിനും നിരീക്ഷണത്തിനുമായി 106 ടീമുകളെ മക്കയിലും മശ്അര്‍ കേന്ദ്രങ്ങളിലുമായി വിന്യസിക്കും. പകര്‍ച്ചവ്യാധി ചികിത്സയിലും പരിചരണത്തിലും വൈദഗ്ധ്യം നേടിയവരെ ഉള്‍പ്പെടുത്തി 65 സംഘങ്ങളെ ആരോഗ്യമന്ത്രാലയത്തിന്‍െറ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സേവനത്തിന് നിയോഗിക്കും. മക്കയിലെ വിവിധ ആശുപത്രികളിലായി 33, മിനായില്‍ 18, അറഫയില്‍ 14 എന്നിങ്ങനെയാണ് ടീമുകളെ വിന്യസിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍, വിദഗ്ധര്‍, ഗവേഷകര്‍, സ്പെഷലിസ്റ്റുകള്‍ എന്നിവരടങ്ങിയ മികച്ച ടീമിനെയാണ് ആരോഗ്യമന്ത്രാലയത്തിന്‍െറ പുണ്യനഗരികളിലെ മെഡിക്കല്‍ കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി നേരിട്ടാണ് ഇതിനു മേല്‍നോട്ടം വഹിക്കുക. ലോകാരോഗ്യ സംഘടന, രോഗനിയന്ത്രണ പ്രതിരോധ സമിതി എന്നിവയുടെ പ്രതിനിധികളടക്കമുള്ള വിദഗ്ധര്‍ ഇവിടെ സേവനമനുഷ്ഠിക്കും. 11 ഫാക്കല്‍റ്റികളാണ് ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.