ബത്ഹയില്‍ പട്ടാപ്പകല്‍ വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം: മലയാളികള്‍ വീഡിയോ എടുത്ത് പൊലീസിന് നല്‍കി; പ്രതികളെ തൊണ്ടിയോടെ പിടികൂടി

റിയാദ്: ബത്ഹയില്‍ പട്ടാപ്പകല്‍ നിറുത്തിയിട്ട വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം. മലയാളികള്‍ രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി. രാത്രിയില്‍ വീണ്ടും മോഷ്ടിക്കാനത്തെിയപ്പോള്‍ ട്രാഫിക് പൊലീസിന്‍െറ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ബത്ഹയില്‍ റമാദ് ഹോട്ടലിനും പഴയ സാപ്റ്റ്കോ ബസ് സ്റ്റാന്‍ഡിലെ ട്രാഫിക് പൊലീസ് ക്യാമ്പിനും ഇടയിലുള്ള പാര്‍ക്കിങ്ങ് ഏരിയയില്‍ ബുധനാഴ്ചയാണ് സംഭവം. ഉച്ചക്ക് 12ഓടെ ഒരു പഴയ ടൊയോട്ട കൊറോള കാറില്‍ എത്തിയ രണ്ടംഗ സംഘമാണ് നിറുത്തിയിട്ട വാഹനങ്ങളില്‍ പലതും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. അറബി വംശജരെന്ന് തോന്നിച്ച രണ്ടുപേര്‍ ചുറ്റുപാടും പരതി നോക്കി വാഹനങ്ങള്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയ മലയാളികള്‍ സമീപത്തെ കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ഇവരെ നിരീക്ഷിക്കുകയും നീക്കങ്ങള്‍ മൊബൈല്‍ ഫോണിലെ വിഡിയോ കാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഓരോ വാഹനത്തിന്‍െറയും അടുത്ത് പോയി അതില്‍ ചാരി നിന്ന് വാതിലുകള്‍ തുറക്കാന്‍ ശ്രമം നടത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഒരാള്‍ ഇത് ചെയ്യുമ്പോള്‍ അടുത്തയാള്‍ ചുറ്റുപാടും കറങ്ങിനടന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുന്നു. ഇങ്ങിനെ മൂന്നോ നാലോ വാഹനങ്ങള്‍ ഇവര്‍ തുറക്കുന്നുണ്ട്. പിക്കപ്പ് വാനുകളും കാറും മറ്റുമാണ് കുത്തിത്തുറക്കുന്നത്. 
ഒരു വാഹനത്തില്‍ നിന്നെടുത്ത വലിയ ഡ്രില്ലിങ് മെഷീനുമായി കവര്‍ച്ചക്കാരന്‍ വരുന്നതും ദൃശ്യത്തില്‍ വ്യക്തമായി കാണാം. ടൊയോട്ട പിക്കപ്പ് വാനിന്‍െറ ഡോര്‍ തുറന്ന് അകത്തു നിന്ന് കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുക്കുന്ന ദൃശ്യവുമുണ്ട്. രംഗങ്ങള്‍ പകര്‍ത്തിയ തിരുവനന്തപുരം സ്വദേശി ഷമീര്‍, കാസര്‍കോട് സ്വദേശി മുനീര്‍, തലശ്ശേരി സ്വദേശി യൂസുഫ് എന്നിവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഇറങ്ങി താഴെ എത്തുമ്പോഴേക്കും സംഘം സ്വന്തം കാറില്‍ കയറി സ്ഥലം വിട്ടിരുന്നു. മലയാളികള്‍ ഈ വിവരം തൊട്ടടുത്തെ ട്രാഫിക് പൊലീസ് ക്യാമ്പിലെ പരിചയക്കാരനായ ഉദ്യോഗസ്ഥനോട് പറയുകയും വീഡിയോ നല്‍കുകയും ചെയ്തു. മലയാളികള്‍ പിന്നീടും നിരീക്ഷണം തുടര്‍ന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ സംഘം രാത്രി 10ഓടെ തിരിച്ചത്തെി. വീണ്ടും വാഹനങ്ങള്‍ കുത്തിതുറക്കാനും മറ്റും ശ്രമം നടത്തുന്നതിനിടെ ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയും അവരത്തെി ഇരുവരെയും പിടികൂടുകയുമായിരുന്നു. കവര്‍ച്ചക്കാരുടെ വാഹനം പരിശോധിച്ചപ്പോള്‍ പതിനായിരം റിയാലും വടിവാള്‍, ഇരുമ്പു വടി, ഇരുമ്പ് കട്ടര്‍ തുടങ്ങിയ ആയുധങ്ങളും കണ്ടത്തെി. കാര്‍ കസ്റ്റഡിയില്‍ എടുത്ത് ട്രാഫിക് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. പ്രതികളെ മുറബ്ബ പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. ദൃസാക്ഷികളായ മലയാളികളെയും കൂട്ടിയാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കേസെടുക്കുകയും പ്രതികളെ ലോക്കപ്പിലടക്കുകയും ചെയ്തു. തങ്ങളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായി മുനീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ പാര്‍ക്കിങ് ഏരിയയിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവായിരുന്നെന്നും മുനീര്‍ പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.