ഇന്ന് ആദ്യ വെള്ളി; പഴുതടച്ച സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

മക്ക: ഹജ്ജിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ ഇന്ന് ഹജ്ജ് ദിനങ്ങളിലേതിന് സമാനമായ സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷനും വിവിധ സന്നദ്ധസംഘടനകളും സേവനസജ്ജരായി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയുള്ള എല്ലാ ഹാജിമാരും മക്കയില്‍ എത്തിക്കഴിഞ്ഞു. സ്വകാര്യഗ്രൂപ്പില്‍ അവശേഷിക്കുന്ന ഹാജിമാര്‍ കൂടി വെള്ളിയാഴ്ചയോടെ എത്തിക്കഴിയും. അവസാനത്തെ ഹജ്ജ് വിമാനം ഇന്നാണ്. അറഫ, മിന ഓഫിസുകളുടെയും തമ്പുകളുടെയും  അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നു. 
അസീസിയ്യയില്‍ താമസിക്കുന്ന ഹാജിമാരെ ഹറമില്‍ നമസ്കാരത്തിനത്തെിക്കാന്‍ പഴുതടച്ച ക്രമീകരണങ്ങളാണ് മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്റ്റാഫിനെയും വളണ്ടിയര്‍മാരെയും ഇവിടെ നിയോഗിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് വെള്ളം, ജ്യൂസ്, ചെരിപ്പുകള്‍, കുടകള്‍, തൊപ്പികള്‍ എന്നിവ ആവശ്യാനുസൃതം ലഭ്യമാക്കുന്നുണ്ടെന്നും ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീല്‍ചെയറുകളും ആംബുലന്‍സുകളുമടക്കമുള്ള കരുതല്‍ സംവിധാനങ്ങളുണ്ട്. വിവിധ സംഘടനകളുടെ വളണ്ടിയര്‍മാരും മിഷനെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 390 ഹാജിമാര്‍ക്ക് ഓരോ ബസ് വീതം അനുവദിച്ചു. ബസുകള്‍ക്കിടയില്‍ സമയദൈര്‍ഘ്യം ഇതിലൂടെ കുറക്കാനായി. ഇത്തവണ ബസുകളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചിട്ടുണ്ട്. അസീസിയ്യ ഗതാഗതത്തിനു മാത്രമായി ഒരു കോ-ഓഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. ഏതു പരാതിയും അന്വേഷിക്കാന്‍ ഈ സംവിധാനം പര്യാപ്തമാണ്. കുദയ് തുരങ്കം വഴിയുള്ള ഗതാഗതത്തിന് ആയിരം ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ സംവിധാനിച്ചു. ബസുകള്‍ കൂടുതലായി അനുവദിച്ചത് വെള്ളിയാഴ്ച ജുമുഅക്കും രാത്രി ഇശാ നമസ്കാരത്തിനു ശേഷവുമാണ്. ഈ രണ്ടു തിരക്കുള്ള സമയവുമാണ് കൂടുതല്‍ ബസുകള്‍ കുറഞ്ഞ ദൈര്‍ഘ്യത്തില്‍ അനുവദിച്ചിട്ടുള്ളത്. ഓരോ ഹാജിയും അവരുടെ താല്‍പര്യമനുസരിച്ച് ഓരോ നമസ്കാരത്തിനായി വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ബസ് കരുതിയ സമയത്തിനകം കിട്ടിയില്ളെന്ന പരാതിയുണ്ടാകാമെന്ന് ഹജ്ജ് കോണ്‍സല്‍ ചൂണ്ടിക്കാട്ടി.
സൗദി ആരോഗ്യ അധികൃതര്‍ ഇന്ത്യന്‍ സംവിധാനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് മിഷന്‍െറ എല്ലാ ഓഫിസുകളും ആതുരാലയങ്ങളും എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 145 ഡോക്ടര്‍മാരും 145 പാരാ മെഡിക്കല്‍ സ്റ്റാഫും ഇന്ത്യയില്‍ നിന്നത്തെിയിട്ടുണ്ട്. ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ മൂന്നു പ്രസവങ്ങള്‍ നടന്നു. മൂന്നും യു.പിയില്‍ നിന്നാണ്.  52 ഹജ്ജ് കമ്മിറ്റി ഹാജിമാരും എട്ട് സ്വകാര്യ ഗ്രൂപ് തീര്‍ഥാടകരുമടക്കം 60 പേര്‍ മരിച്ചു. ക്രെയിന്‍ അപകടസംഭവത്തില്‍ വലിയ സഹായമാണ് സൗദി അധികൃതര്‍ ചെയ്തത്. സൗദി ആരോഗ്യമന്ത്രി വിവിധ ഹജ്ജ് മിഷനുകളുടെ ആളുകളെ വിളിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഹൈദര്‍ ശറഫുദ്ദീന്‍ എന്ന മഹാരാഷ്ട്ര തീര്‍ഥാടകനെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. കാണാതായവരില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 31ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 19 പേര്‍ വിവിധ സൗദി ആശുപത്രികളിലും 12 പേര്‍ ഇന്ത്യന്‍ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. സൗദി ആശുപത്രികളിലുള്ളവര്‍ക്കു വേണ്ടി ദ്വിഭാഷികളെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും ഇന്ത്യന്‍ മിഷന്‍ നേരിട്ട് നല്‍കിയിരുന്നു. സൗദി ആശുപത്രികളിലെ സേവനം വളരെ മികച്ചതാണെന്നാണ് അനുഭവം.
ആശയവിനിമയ സൗകര്യം എന്ന3േ6000 പേര്‍ ആപ്പ് സൗകര്യം ഡൗണ്‍ലോഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് വെറും ഏഴായിരം മാത്രമായിരുന്നു. മികച്ച കെട്ടിടങ്ങളാണ് ഈ വര്‍ഷം കിട്ടിയത്. 77,000 യൂണിറ്റുകളും നല്ല നിലയിലാണ്. ചില കെട്ടിടങ്ങളില്‍ വെള്ളം കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളില്‍ മുത്വവ്വിഫ് സൗകര്യത്തിനു കാത്തു നില്‍ക്കാതെ ഇന്ത്യന്‍ മിഷന്‍ തന്നെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി. 
ബാഗേജ് സംവിധാനത്തില്‍ ഏകോപനമുണ്ടാക്കിയത് സഹായകമായെങ്കിലും ഒരേ നിറത്തിലും ആകൃതിയിലുമായത് തരംതിരിക്കുന്നതില്‍ പ്രയാസമുണ്ടാക്കി. ചില രാജ്യങ്ങള്‍ ആളുകളുടെ താമസസ്ഥലത്തിനനുസരിച്ച് വിവിധ നിറങ്ങളില്‍ ബാഗേജുകള്‍ ക്രമീകരിച്ചിരുന്നു. ഈ രീതി അടുത്ത വര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ ഗ്രീന്‍, അസീസിയ്യ കാറ്റഗറികള്‍ക്ക് വ്യത്യസ്ത നിറങ്ങളെന്ന രീതിയില്‍ നല്‍കിയാല്‍ തീര്‍ക്കാവുന്നതേയുള്ളൂ. പണം നഷ്ടപ്പെട്ട പരാതിയുമായി സമീപിച്ചവര്‍ക്ക് കാശ് തിരിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമുണ്ട്. ഹാജിമാരുടെ കൈവശം ഇന്ത്യന്‍ മിഷന്‍ ഏല്‍പിക്കുന്ന 1500 റിയാല്‍ വരെയാണ് ഈ ഗണത്തില്‍ പരമാവധി നല്‍കുക.  
കനത്ത ചൂട് ആയതിനാല്‍ ആളുകള്‍ കരുതിയിരിക്കണമെന്ന് ഹജ്ജ് കോണ്‍സല്‍ ഓര്‍മിപ്പിച്ചു. കൈയും മുഖവും ഇടക്ക് സോപ്പിട്ട് കഴുകി ശുചിയായി സൂക്ഷിക്കണം. പകര്‍ച്ചപ്പനി, കൊറോണ രോഗബാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ട്. പഴങ്ങളും ശീതളപാനീയങ്ങളും ധാരാളമായി ഉപയോഗിക്കാം. എല്ലാം നന്നായി കഴുകി ഉപയോഗിക്കണം. തൊപ്പി, കുട എന്നിവയില്ലാതെ വെയിലില്‍ പുറത്തിറങ്ങരുത്. അത് സൂര്യാഘാതത്തിനിടയാക്കും. തിക്കിത്തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 
ജമ്മു - കശ്മീര്‍ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ മഹ്ബൂബ മുഫ്തി, മധ്യപ്രദേശ് ന്യൂനപക്ഷകമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവരാണ് ഹജ്ജ് സൗഹൃദസംഘമായി എത്തുന്നതെന്ന് കോണ്‍സല്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.