നിരപരാധിത്വം തെളിഞ്ഞു; മൂന്നുമാസത്തിന് ശേഷം മുഹമ്മദ് കുട്ടിക്ക് മോചനം

യാമ്പു: വഞ്ചനാ കുറ്റത്തിന് മൂന്നു മാസത്തിലധികം വിചാരണ തടവിലായിരുന്ന മലയാളിയെ നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടു. യാമ്പു ജയിലില്‍ തടവിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കുട്ടിയെയാണ് കോടതി വെറുതെ വിട്ടത്. റിയാദിനടുത്ത് റഫിയ എന്ന പ്രദേശത്തുള്ള ബഖാല ജീവനക്കാരനായിരുന്നു മുഹമ്മദ് കുട്ടി. ഗ്രാമ പ്രദേശമായ റഫയിലെ വിദേശികള്‍ക്ക് ടെലഫോണ്‍ ബില്ലടക്കലും മറ്റ് ചെറിയസേവനങ്ങളും ജോലിക്കിടയില്‍ അദ്ദേഹം ചെയ്തിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് തന്‍െറ അക്കൗണ്ടിലൂടെ പണം വിനിമയം ചെയ്യാനും മുഹമ്മദ് കുട്ടി അനുവദിച്ചിരുന്നു.  ഇതിനിടയില്‍ പരിചയക്കാരനായ ഒരു പാകിസ്താനിയെ സഹായിച്ചതാണ് വിനയായത്. 
പാക്കിസ്താനിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന യാമ്പുക്കാരനായ സ്വദേശി പാക്കിസ്താനിക്കായി മുഹമ്മദ് കുട്ടിയുടെ അക്കൗണ്ടിലൂടെ പണം അയച്ചിരുന്നു.  പലതവണകളായി 1,74,000 റിയാല്‍ മുഹമ്മദ് കുട്ടിയുടെ അക്കൗണ്ടിലത്തെിയിരുന്നു. ബാങ്കില്‍ എത്തുന്ന പണം അതാത് സമയത്ത് തന്നെ പിന്‍വലിച്ച് പാക്കിസ്താനിയെ ഏല്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ നാട്ടില്‍ അവധിക്ക് പോയിതിരിച്ചു വന്ന മുഹമ്മദ് കുട്ടിയെ തേടി പൊലീസ് എത്തിയപ്പോഴാണ് താന്‍ അകപ്പെട്ട കുരുക്കിനെ കുറിച്ചറിയുന്നത്. അയച്ച പണം നഷ്ടപെട്ടതായി സൗദി പൗരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുഹമ്മദ് കുട്ടിയിലത്തെിയത്. തുടര്‍ന്ന് പാക്കിസ്താനിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം മുങ്ങിയതായി മനസിലായി. മുഹമ്മദ് കുട്ടി പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. അപരിചിതനായ ഒരാള്‍ക്ക് പണം നല്‍കേണ്ടതിന്‍െറ ആവശ്യം തെളിയിക്കാന്‍ പരാതിക്കാരനായ സ്വദേശിക്ക് കഴിയാതെ വന്നതിനാല്‍ കുറ്റവിമുക്തനായെങ്കിലും ഇതിനോടകം അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ ഏറെയായിരുന്നെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു. ഒ.ഐ.സി.സി കേന്ദ്ര വൈസ് പ്രസിഡന്‍റും യാമ്പുവിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ ശങ്കര്‍ എളങ്കൂറിന്‍െറ ഇടപെടല്‍ ഏറെ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടും, മറ്റ് രേഖകളും ഉപയോഗിച്ച് അപരിചിതരുമായി ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധിക്കണമെന്നും ഇത്തരം അവസരങ്ങളില്‍ നിയമനടപടികള്‍ക്ക് പോകാന്‍ മടി കാണിക്കരുതെന്നും ശങ്കര്‍ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.