റിയാദ്: സൗദി അറേബ്യ-യമന്‍ അതിര്‍ത്തിയില്‍ സഖ്യസേനയുടെ വിപുലമായ സൈനിക വിന്യാസം. 10,000 സൈനികരെയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ അതിര്‍ത്തി മേഖലയില്‍ എത്തിച്ചത്. 30 അപാഷെ ഹെലികോപ്റ്ററുകളും അസംഖ്യം കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകളും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. യമനിലെ സൈനിക നടപടിക്കിടെ കഴിഞ്ഞ ദിവസം 60 ലേറെ സൈനികരെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നത്. അതിനൊപ്പം ഹൂതികള്‍ക്കെതിരെ കനത്ത വ്യോമാക്രമണവും തുടരുകയാണ്.
വെള്ളിയാഴ്ച സൈനികള്‍ കൊല്ലപ്പെട്ട മധ്യ യമന്‍ പ്രവിശ്യയായ മആരിബിലേക്ക് കൂടുതല്‍ സൗദി, യു.എ.ഇ, ഖത്തര്‍ സൈനികരെ എത്തിച്ചുകഴിഞ്ഞു. തന്ത്രപ്രധാനമായ ഈ നഗരത്തിന്‍െറ നിയന്ത്രണം കൈയാളുകയെന്നത് സന്‍ആ വിമോചനത്തില്‍ നിര്‍ണായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ ഹൂതികള്‍ വന്‍ തോതില്‍ തമ്പടിച്ചിരിക്കുന്ന തലസ്ഥാനമായ സന്‍ആക്കും ഹൂതികളുടെ സ്വന്തം നഗരമായ സഅദക്കും ഇടയിലാണ് മആരിബ്. എണ്ണ, വാതക ഉല്‍പാദന കേന്ദ്രമായ മആരിബില്‍ നിന്നാണ് രാജ്യത്തിന്‍െറ ഏതാണ്ടെല്ലാ മേഖലകളിലേക്കും വൈദ്യുതി എത്തിക്കുന്നത്.
അതിനിടെ, സഖ്യസേനക്കൊപ്പം ചേരാന്‍ സുഡാന്‍ സൈന്യവും പുറപ്പെട്ടു കഴിഞ്ഞു. 6,000 ഓളം സുഡാനി സൈനികര്‍ പടിഞ്ഞാറന്‍ തീരമേഖല വഴി യമനില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത സൈന്യത്തിലുള്ള കുവൈത്തും ഈജിപ്തും കൂടുതല്‍ സൈനികരെ അയക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സൗദി അതിര്‍ത്തിയിലെ സൈനിക സന്നാഹം വര്‍ധിപ്പിക്കുമെന്ന് സേന വൃത്തങ്ങളെ ഉദ്ധരിച്ച് ‘അശ്ശര്‍ഖ് അല്‍ ഒൗസത്ത്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ശനിയാഴ്ച തുടങ്ങിയ രൂക്ഷമായ വ്യോമാക്രമണം ഇന്നലെയും തുടര്‍ന്നു. ഹൂതി ആയുധസംഭരണ കേന്ദ്രങ്ങളിലും ശക്തി മേഖലകളിലും കനത്ത ബോംബിങ് തുടരുകയാണ്. ഹൂതികള്‍ കഴിഞ്ഞ ദിവസം മിസൈലുകള്‍ തൊടുത്ത പ്രദേശങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്താണ് ഇപ്പോള്‍ സഖ്യസേനയുടെ ആക്രമണം. വന്‍ ആള്‍നാശം ഹൂതികള്‍ക്കുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം പുരോഗമിക്കുകയാണ്. നഹ്ദൈന്‍, ഫജ്ജ് അത്തന്‍ മലനിരകളിലെ തീവ്രവാദി താവളങ്ങളും ദക്ഷിണ സന്‍ആയിലെ സാലിഹിന്‍െറ ആസ്ഥാനവും കനത്ത ബോംബിങ്ങിനിരയായി. മാര്‍ച്ചില്‍ സൈനികനടപടി തുടങ്ങിയ ശേഷം ഏറ്റവും കനത്ത ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സേന തന്ത്രപ്രധാനമായി ചില നഗരങ്ങള്‍ കൂടി കീഴടക്കി മുന്നേറുകയാണ്. തെക്കുപടിഞ്ഞാറന്‍ യമനിലെ സുപ്രധാന നഗരമായ തഇസ് കഴിഞ്ഞ ദിവസം ഹൂതികളില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.