റിയാദ്: രണ്ടു നാള്‍ ഒൗദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അമേരിക്കയില്‍ നിന്ന് തിരിച്ച് മൊറോക്കോയില്‍ എത്തി. വാഷിങ്ടണിലെ ആന്‍ഡ്രൂ എയര്‍ ബേസില്‍ വൈറ്റ് ഹൗസ് പ്രോട്ടോക്കോള്‍ ചീഫ് പീറ്റര്‍ എ. സെല്‍ഫ്രിജിന്‍െറ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രാജാവിനെ യാത്രയാക്കി. രാജ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ അബ്ദുല്‍അസീസ്, അമീര്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി, സൗദി എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യാത്രയയക്കാനത്തെിയിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലെ മുതിര്‍ന്ന പത്രാധിപന്മാര്‍, അക്കാദമീഷ്യന്മാര്‍, എഴുത്തുകാര്‍, ചിന്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ രാജാവിനെ സന്ദര്‍ശിച്ചു വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സൗദി എംബസിയിലെ കള്‍ചറല്‍ അറ്റാഷെ ഡോ. മുഹമ്മദ് അല്‍ ഈസയുടെ നേതൃത്വത്തില്‍ വിവിധ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ഥികള്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.
ഏറെ ആഹ്ളാദപൂര്‍വമാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നതെന്നും അമേരിക്കയുടെ നിറഞ്ഞ ആതിഥ്യത്തിന് നന്ദിയും കടപ്പാടുകളും അറിയിക്കുന്നുവെന്നും രാജാവ് പറഞ്ഞു.
1945 ല്‍ സൗദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍അസീസ് രാജാവും യു.എസ് പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റും തുടങ്ങിവെച്ച ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന ബന്ധം അനുസ്യൂതം തുടരുമെന്ന് രാജാവ് ആവര്‍ത്തിച്ചുറപ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ട് മുന്നില്‍ കണ്ട് രൂപപ്പെടുത്തിയ പുതിയ ബന്ധങ്ങളും ധാരണകളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുരാജ്യത്തിനും ജനവിഭാഗങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്‍റിനും രാജ്യത്തിനും സല്‍മാന്‍ രാജാവ് സൗഖ്യവും ക്ഷേമാശംസയും നേര്‍ന്നു. സൗദി അരാംകോയിലെ മുന്‍ ഉദ്യോഗസ്ഥരും രാജാവിനെ കാണാനത്തെിയിരുന്നു.
വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍ അസ്സാഫ്, ആരോഗ്യമന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ്, ഇന്‍റലിജന്‍സ് ചീഫ് ഖാലിദ് അല്‍ ഹുമൈദാന്‍, അമീര്‍ അബ്ദുല്ല ബിന്‍ ഫൈസല്‍, മന്ത്രിസഭാംഗം ഡോ. മുസാഇദ് അല്‍ ഐബാന്‍ എന്നിവര്‍ രാജാവിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.