ശതകോടി ഡോളര്‍ മുടക്കി എസ്.ടി.സി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നു

റിയാദ്: ഇന്‍റര്‍നെറ്റ് സേവനരംഗത്ത് വര്‍ധിച്ചുവരുന്ന സമ്മര്‍ദം അതിജീവിക്കാന്‍ സൗദി അറേബ്യയുടെ ഒൗദ്യോഗിക ടെലികോം കമ്പനിയായ എസ്.ടി.സി വന്‍തോതില്‍ മുതല്‍ മുടക്കുന്നു. വെബ് അടിസ്ഥാനസേവനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ഈ വര്‍ഷത്തിന്‍െറ രണ്ടാം പാദത്തില്‍ മാത്രം ഒരു ശതകോടി ഡോളറാണ് കമ്പനി ചെലവിടുന്നത്. ഇതിനടുത്ത തുക തന്നെ ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തിലും വക വെച്ചിരുന്നു. 
മൊബൈല്‍, ഫിക്സ്ഡ് ലൈന്‍ മേഖലകളില്‍ മുതലിറക്കുന്നത് കമ്പനി തുടരുകയാണെന്നും ഒപ്പം ഐ.ടി രംഗത്തിന്‍െറ നവീകരണത്തിലും ഉദാരമായി ചെലവിടുകയാണെന്ന് എസ്.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അല്‍ ബിയാരി പറഞ്ഞു. അസാമാന്യമായ നിലയിലുള്ള സമ്മര്‍ദമാണ് കമ്പനിയുടെ ഇന്‍റര്‍നെറ്റ് ശൃംഖല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേരിടുന്നത്. ദിവസം മുഴുവനും എല്ലാ ദിവസവും ഒരേ നിലയിലാണ് ഡാറ്റ കൈമാറ്റത്തിന്‍െറ തോത്. ഡാറ്റാ വിനിമയത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന യുട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകള്‍ക്കും ഫേസ്ബുക്കിനും വാട്സ് ആപിനുമൊക്കെ സൗദി അറേബ്യയില്‍ വര്‍ധിച്ച പ്രചാരമാണുള്ളത്. ഇത് നെറ്റ്വര്‍ക്കിന് വലിയ ക്ളേശം ഉണ്ടാക്കുന്നുണ്ടെന്നും ബിയാരി കൂട്ടിച്ചേര്‍ത്തു. 
വന്‍കിട കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനമാകും ഒരേസമയം എസ്.ടി.സിയുടെ ഭാവിയിലെ വളര്‍ച്ചയുടെയും നെറ്റ്വര്‍ക് സമ്മര്‍ദത്തിന്‍െറയും അടിസ്ഥാനമാകുകയെന്നാണ് കണക്കുകൂട്ടുന്നത്. ടെലികോം പൊതുവിപണിയിലെ വളര്‍ച്ച ഇപ്പോള്‍ തീരെ ചെറിയ നിരക്കിലാണ്. അതുകൊണ്ട് തന്നെ ഇന്‍റര്‍നെറ്റ്, കോപറേറ്റ് സേവനങ്ങളിലാണ് എസ്.ടി.സി ശ്രദ്ധയൂന്നുന്നത്. 1.8 പ്രതിശീര്‍ഷ മൊബൈല്‍ കണക്ഷനുകളാണ് ഇപ്പോള്‍ സൗദിയിലുള്ളത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എസ്.ടി.സി കൈകാര്യം ചെയ്യുന്നതാകട്ടെ, മൊത്തം ഒന്നരക്കോടിയിലേറെ കണക്ഷനുകളും. വാര്‍ഷിക ലാഭവിഹിതത്തില്‍ 2012 ല്‍ പത്തുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയ എസ്.ടി.സി, വെബ് അധിഷ്ഠിത സേവനങ്ങളിലൂടെയാണ് തിരിച്ചുകയറിയത്. കഴിഞ്ഞവര്‍ഷം ആയപ്പോഴേക്കും ആറുവര്‍ഷത്തെ മികച്ച വളര്‍ച്ച രേഖപ്പെടുത്താനും അതുവഴി കമ്പനിക്കായി. ആ വളര്‍ച്ച നിലനിര്‍ത്തുന്നതിനാണ് കഴിഞ്ഞ ഏപ്രിലില്‍ സി.ഇ.ഒയായി ചുമതലയേറ്റ ഖാലിദ് അല്‍ ബിയാരിയുടെ മുന്‍കൈയില്‍ ഇന്‍റര്‍നെറ്റ് സേവനത്തിന്‍െറ സൗകര്യവികസനത്തിന് വന്‍തോതില്‍ പണമിറക്കുന്നത്. എസ്.ടി.സിക്ക് 35 ശതമാനം ഓഹരിയുള്ള സൗദി ഓജര്‍ ടെലികോമിന്‍െറ ഭൂരിഭാഗം ഓഹരികള്‍ ദക്ഷിണാഫ്രിക്കന്‍ മൊബൈല്‍ ഓപറേറ്റര്‍ ആയ ‘സെല്‍ സി’ക്ക് വില്‍ക്കുന്നതിനെ കുറിച്ചും ആലോചന പുരോഗമിക്കുന്നുണ്ടെന്ന് ബിയാരി കൂട്ടിച്ചേര്‍ത്തു.  വിപണി മൂല്യത്തില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ടെലകോം ഓപറേറ്റര്‍ ആയ എസ്.ടി.സി സൗദിയിലെ ഒന്നാമത്തെ കമ്പനിയുമാണ്. സൗദിയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരുന്ന സ്ഥാപനത്തിന് കുവൈത്ത്, ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.