ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ദൗത്യം വിജയകരമായി നിറവേറ്റും - കോണ്‍സല്‍ ജനറല്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ടു നീങ്ങുന്നതെന്നും വിജയകരമായ രീതിയില്‍ ഈ വര്‍ഷത്തെ ദൗത്യം നിറവേറ്റാനാവുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്. ഹാജിമാരുമായി ആശയവിനിമയത്തിന് ഏര്‍പ്പെടുത്തിയ വാട്ട്സ്ആപ്, ടോള്‍ ഫ്രീ നമ്പര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുന്നുണ്ടെന്നും ഇതില്‍ നാട്ടില്‍നിന്നുപോലും അന്വേഷണങ്ങള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മദീനയില്‍ ഭക്ഷണവിതരണത്തിന് അംഗീകൃത കാറ്ററിങ് ഏജന്‍സികളെ ചുമതലയേല്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പ്രധാന കരാറുകാര്‍ പിന്‍മാറിയത് പ്രയാസമുണ്ടാക്കി. നാലു നാള്‍ മദീനയില്‍ തങ്ങി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. മാസങ്ങള്‍ക്കു മുമ്പേ പദ്ധതി തയാറാക്കി കാറ്ററിങ് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയപ്പോള്‍ പൂര്‍ണവിജയമാകുമെന്നാണ് കരുതിയത്. എന്നാല്‍ 60 ശതമാനത്തിന്‍െറ ഭക്ഷണ വിതരണ ചുമതലയേറ്റ കാറ്ററിങ് കമ്പനിയുടെ പിന്‍മാറ്റം ഏറെ പ്രശ്നങ്ങളുണ്ടാക്കി. തുടര്‍ന്ന് മുഖ്താറ, സുറയ്യ, അസ്സലാം ഏജന്‍സികള്‍ക്ക് ഇത് വീതിച്ചു നല്‍കിയാണ് പ്രശ്നത്തിനു പരിഹാരം കണ്ടത്. ഇവര്‍ തയാറാക്കുന്ന ഭക്ഷണം ഗുണമേന്മയുള്ളതാണെങ്കിലും പായ്ക്ക് ചെയ്ത ഭക്ഷണ പൊതികള്‍ വിതരണ കേന്ദ്രങ്ങളിലത്തൊന്‍ എടുക്കുന്ന കാലതാമസം മൂലം ഈ ഗുണമേന്മ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത പ്രശ്നമുണ്ട്. 
ലിഫ്റ്റ് പൊട്ടി വീണ് മൂന്ന് ഹാജിമാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണ്. പരിധിയിലും കൂടുതല്‍ ഹാജിമാര്‍ ലിഫ്റ്റുകളില്‍ കയറുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
72000 പേര്‍ ഹജ്ജ് കമ്മിറ്റി വഴി ബലി കൂപ്പണ്‍ എടുത്തു. തുടക്കത്തില്‍ കമ്മിറ്റി എല്ലാ ഹാജിമാര്‍ക്കും ബലി കൂപ്പണ്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് അത് താല്‍പര്യമുള്ളവര്‍ക്കെന്നാക്കി മാറ്റി. അങ്ങനെ ഒരു ലക്ഷം ഹാജിമാരില്‍ 28,000 പേര്‍ ഒഴിവായി. നേരിട്ട് ബലി നടത്തണമെന്നും ബലി വേണ്ടെന്നുമുള്ളവരാണ് കൂപ്പണ്‍ എടുക്കാതിരുന്നത്. കൂപ്പണ്‍ എടുത്തവര്‍ക്ക് തുകയായ 475 റിയാല്‍ കഴിച്ച് 1500 റിയാലാണ് ഇവിടത്തെ ചെലവുകള്‍ക്കായി നല്‍കുന്നത്. ഹജ്ജ് ഡ്യൂട്ടിക്കായി നാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 ഉദ്യോഗസ്ഥരില്‍ 511 പേര്‍ എത്തിയിട്ടുണ്ടെന്നും അസി.ഹജ്ജ് ഓഫിസര്‍മാര്‍ക്കും ഹജ്ജ് അസിസ്റ്റന്‍റുമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.